ഗദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

സഞ്ചാര സാഹിത്യം

സർദാർ പണിക്കരുടെ കൃതികൾ: 1939-ൽ നടന്ന രണ്ടാം ലോക മഹായുദ്ധകാലത്തു്, വിമാനത്തിലും കപ്പലിലുമായി ത്വരിതഗമനം ചെയ്യുന്നതിനിടയിൽ തെരുതെരെ അങ്ങനെ എഴുതിത്തീർത്ത ഒരു കൃതിയാണു് ‘ആപൽക്കരമായ ഒരു യാത്ര.’ ആ യാത്രയിൽ ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളെ കടന്നുപോകുവാനും, ഒട്ടനേകം മഹാന്മാരുമായി പരിചയപ്പെടുവാനും പണിക്കർക്കു കഴിഞ്ഞു. പ്രസ്തുത യാത്രയിൽ സംഭവിച്ചേക്കുമായിരുന്ന അനേകം വിപത്തുകളിൽനിന്നു് അദ്ദേഹം രക്ഷപ്പെടുകയും ചെയ്തു. ഇവയുടെയെല്ലാം അന്യോന്യരഞ്ജിതമായ ഏതാനും ചിത്രങ്ങളാണു പ്രഗത്ഭ തൂലികാചതുരനായ ഗ്രന്ഥകാരൻ ഇതിൽ കുറിച്ചിട്ടുള്ളതു’. ‘ചൈനയിലെ ഒരു യാത്ര’ സർദാറുടെ മറ്റൊരു യാത്രാവിവരണമാണ്. പണിക്കർ ചൈനയിലെ അമ്പാസിഡറായിരുന്ന കാലത്തെ കാഴ്ചകളും അനുഭവങ്ങളുമാണു് ഇതിൽ വിവരിക്കുന്നത്. ‘രണ്ടു ചൈനയിൽ’ മറ്റൊരു യാത്രാവിവരണമാണു്. 1948-ൽ പണിക്കർ ചൈനയിലെ അമ്പാസിഡറായി നിയമിക്കപ്പെട്ടു. ചൈന കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലായ ശേഷവും അദ്ദേഹം അവിടെ അമ്പാസിഡറായി തുടർന്നു. അക്കാലത്തുണ്ടായ സംഭവങ്ങളെ മുൻനിറുത്തി എഴുതിയതാണു് ‘ഇൻ ടു ചൈനാസ്’ –രണ്ടു ചൈനയിൽ — എന്ന കൃതി.

ബംഗാളിലൂടെ: കേരളീയരും ബംഗാളികളും പലവിധത്തിലും സാമ്യമുള്ളവരാണു്. അവരെ സംബന്ധിച്ച വിവരങ്ങൾ ഏതും നമുക്കു ഹൃദ്യമായേ തീരൂ. അതു വേണ്ടതരത്തിൽ കുറിക്കുവാൻ കഴിഞ്ഞാലോ, പറയാനുമില്ല. ഇ. എം. കോവൂരിൻ്റെ ഈ യാത്രാവിവരണം അത്തരത്തിലുള്ള ഒന്നാണു്. ബംഗാളികളേയും ബംഗളിനേയും കുറിച്ചു നാം അറിഞ്ഞിരിക്കേണ്ട പലതും സരസമായി ഇതിൽ പ്രകാശിപ്പിച്ചിട്ടുണ്ടു്.

ലോകയാത്രാ സ്മരണകൾ: നല്ലൊരു സഹൃദയനും തൂലികാവിദഗ്ദ്ധനുമായ ഡോക്ടർ കെ. സി. ചാക്കോയുടെ യാത്രാവിവരണങ്ങളാണു ലോകയാത്രാ സ്മരണകൾ (രണ്ടുഭാഗം).