ഗദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

സഞ്ചാര സാഹിത്യം

ഡെൽഹി-ചുങ്കിംഗ്: ഇന്ത്യയുടെ അതിർത്തിയിൽനിന്നു ചൈനയുടെ ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ചുങ്കിംഗിലേക്ക് കെ. പി. എസ്. മേനോൻ ചെയ്ത യാത്രയുടെ ഒരു വിവരണമാണിത്. 1944 ആഗസ്റ്റ് 16-ാം തീയതി ശ്രീനഗറിൽനിന്നും ഹിമാലയത്തിലൂടെ യാത്രതിരിച്ച ഗ്രന്ഥകാരൻ, തുർക്കിസ്ഥാനിലും സിങ്കിയാങ്ങിലും കൂടെ സഞ്ചരിച്ച് 125 ദിവസങ്ങൾക്കുശേഷം ഡിസംബർ 12-ാം തീയതി ചുങ്കിംഗിൽ എത്തുന്നു. അതുവരെയുള്ള ദിനക്കുറിപ്പുകളുടെ മഞ്ജുളമായ വാങ്‌മയമാണു് ഈ യാത്ര വിവരണമെന്നു പറയാം. ഹുയേൻസാങ്, മാർക്കോപോളോ തുടങ്ങിയ സാഹസിക സഞ്ചാരികൾക്കൊപ്പം ചരിത്രത്തിൽ കെ. പി. എസ്. മേനോനും ഒരു സ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു. 1944-ൽ മേനോൻ സഞ്ചരിച്ച മദ്ധ്യേഷ്യയിലെ പല പ്രദേശങ്ങൾക്കും, ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ആചാര വിചാരങ്ങൾക്കും ഇന്നു് അതിവേഗത്തിൽ മാറ്റം വന്നുകൊണ്ടിരിക്കയാണു്. എന്നുവരികിലും രണ്ടു പതിറ്റാണ്ടുകൾ മുമ്പുള്ള ആ പ്രദേശങ്ങളുടെ ദൃശ്യം, ഈ യാത്രാ വിവരണത്തിൽ പ്രതിഫലിച്ചു പ്രകാശിക്കുന്നതു നമുക്കു കാണാം. അവതാരികയിൽ ജവഹർലാൽ നെഹ്രു, കുറിച്ചിട്ടുള്ളതുപോലെ, “സഞ്ചരിക്കുന്നതു നല്ലതാണു്. അതിനു കഴിവില്ലെങ്കിൽ പിന്നെ ചെയ്യാവുന്ന ഏറ്റവും നല്ലകാര്യം, സഞ്ചാരികളുടെ വിവരണം വായിക്കയാണു്.” ഇംഗ്ലീഷിൽ എഴുതിയിട്ടുള്ള ഈ ഗ്രന്ഥത്തിൻ്റെ വിവർത്തനം, മുഷിച്ചിൽ കൂടാതെ വായിച്ചുപോകാവുന്ന ഒരു ശൈലിയിലാണു് കെ. എൻ. ഗോപാലൻ നായർ നിർവ്വഹിച്ചിട്ടുള്ളത്.

റഷ്യൻ പനോരമ: കെ. പി. എസ്. മേനോൻ 1952 മുതൽ 1961 വരെ ഒൻപതുവർഷം റഷ്യയിൽ ഇന്ത്യൻ അമ്പാസിഡറായും അതോടൊപ്പം പോളണ്ടു്, ഹംഗറി എന്നീ രാജ്യങ്ങളിൽ നയതന്ത്ര പ്രതിനിധിയായും ജോലിനോക്കിയിരുന്നു. അക്കാലത്തു് സോവിയറ്റു യൂണിയനിലെ വിവിധ റിപ്പബ്ലിക്കുകളിൽ നടത്തിയ യാത്രകളുടേയും പോളണ്ടിലും ഹംഗറിയിലും ചെയ്ത പല യാത്രകളുടേയും വിവരങ്ങൾ പ്രത്യേകം പ്രത്യേകം ഓർമ്മക്കുറിപ്പുകൾ എഴുതി സൂക്ഷിക്കുക പതിവായിരുന്നു. സന്ദർശന സ്ഥലങ്ങളുടെ പ്രകൃതി സൗകുമാര്യവും ചരിത്ര പാരമ്പര്യവും ജനങ്ങളുടെ സവിശേഷതകളുമൊക്കെ പ്രത്യേകം ശ്രദ്ധിച്ചുമിരുന്നു. അത്തരം വസ്തുതകൾ അടങ്ങിയ ഡയറിക്കുറിപ്പുകൾ പിന്നീടു ക്രമപ്പെടുത്തി പുസ്തക രൂപമാക്കിയിട്ടുള്ളതാണു് റഷ്യൻ പനോരമ. ഡെൽഹി – ചുങ്കിംഗ് പരിഭാഷപ്പെടുത്തിയിട്ടുള്ള കെ. എൻ. ഗോപാലൻ നായരാണു് ഇതും ഇംഗ്ലീഷിൽനിന്നു മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുള്ളതു്.