സഞ്ചാര സാഹിത്യം
ആന്ദോളനങ്ങൾ: ഡോക്ടർ സി. ബി. കുമാർ 1946-നും 1956-നും ഇടയ്ക്ക് പത്തുകൊല്ലത്തോളം ഇന്ത്യയിൽ നിന്നു് യൂറോപ്പിലേക്കും, അവിടെനിന്ന് അമേരിക്കയിലേക്കും സഞ്ചരിച്ചിരുന്നു. അക്കാലങ്ങളിൽ ഭൂമുഖത്തെ പല കോണുകളിലും വച്ചു തനിക്കറിയുവാനും കാണുവാനും കഴിഞ്ഞ പലതും ഓർമ്മക്കുറിപ്പുകളായി എഴുതി സൂക്ഷിക്കുകയുണ്ടായി. അവയെ പിന്നീടു ക്രമപ്പെടുത്തി സമാഹരിച്ചിട്ടുള്ളതാണു്’ ‘ആന്ദോളനങ്ങൾ’. തുടർച്ചയായ ഒരു ജീവിതധാരയുടെ ചലനങ്ങൾ ഇതിൽ ഉടനിനീളം പ്രകാശിക്കുന്നതു കാണാം. ഭൂതലത്തിൻ്റെ പല ഭാഗങ്ങളിലുംവച്ചു തനിക്കനുഭവപ്പെട്ട കാഴ്ചകളും സംഭവങ്ങളും തൻ്റേതായ ഒരു കാഴ്ചപ്പാടിലൂടെ ആവിഷ്ക്കരിക്കുവാൻ കുമാറിനു കഴിഞ്ഞിട്ടുണ്ടു്. ജീവിതത്തിൻ്റെ വൈവിധ്യവും വൈരുദ്ധ്യവും മനസ്സിലാക്കി കുറിച്ചിട്ടുള്ള ഈ ഓർമ്മക്കുറിപ്പുകൾ മനുഷ്യനു ചിന്തിക്കുവാനും പഠിക്കുവാനും പ്രയോജനപ്പെടുന്നതുതന്നെയാണു്. ആകപ്പാടെ നോക്കിയാൽ, അനുസ്മരണകളും, തത്വചിന്തകളും, യാത്രാവിവരണങ്ങളും എല്ലാം അടങ്ങിയതാണു് കുമാറിൻ്റെ ആന്ദോളനങ്ങൾ എന്നു പറയാം.
ലണ്ടൻ ഡയറി: കുട്ടനാട്ടു രാമകൃഷ്ണപിള്ളയുടെ പ്രിയതമയായ കെ. ഗൗരിയമ്മ എഴുതിയിട്ടുള്ള ഒരു യാത്രാവിവരണമാണ് ‘ലണ്ടൻ ഡയറി’. തദ്ദേശസ്വയംഭരണം സംബന്ധിച്ച കൂടുതൽ പരിശീലനം നേടുവാൻ ലണ്ടനിൽപോയ ഗ്രന്ഥകർത്രിയുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയിട്ടുള്ള ഈ യാത്രാവിവരണം എല്ലാവിധത്തിലും രസകര മായിട്ടുണ്ടു്.
സൗന്ദര്യഭൂമിയിലെ ജനത: ഒരു സഞ്ചാര സാഹിത്യകാരനായ എ. കെ. ബാലകൃഷ്ണപിള്ള എം. എ. എഴുതിയിട്ടുള്ളതാണു പ്രസ്തുത കൃതി. സൗന്ദര്യഭൂമിയിലെ ജനതയ്ക്കുപുറമെ, ‘കിഴക്കൻ പകിസ്ഥാനിൽ’, ‘ബോംബെവരെ’ എന്നിങ്ങനെ മറ്റുചിലതും കൈരളിയുടെ സഞ്ചാരസാഹിത്യ ശാഖയ്ക്കു ബാലകൃഷ്ണപിള്ള നല്കിയിട്ടുള്ള സംഭാവനകളാണു്. ഗ്രന്ഥകാരൻ ഓരോ ദേശങ്ങൾ സഞ്ചരിച്ചും, നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള വിവിധ ജനസമൂഹങ്ങളുമായി ഇടപഴകിയും, ഓരോ നിലയിലുമുള്ള വ്യക്തികളുമായി ഇന്ത്യൻ പ്രശ്നങ്ങളെപ്പറ്റി ചർച്ചചെയ്തും എഴുതിയിട്ടുള്ളവയാണു മേല്പ്പറഞ്ഞ കൃതികൾ ഓരോന്നും. ഒരു രാഷ്ട്രീയ ചിന്തകൻ്റെ അഭിപ്രായങ്ങളും സാഹിത്യകാരനായ ബാലകൃഷ്ണ പിള്ളയിൽനിന്നു ചില ഘട്ടങ്ങളിൽ പ്രകടമായി കാണുന്നുണ്ടു്. ഗ്രന്ഥകാരൻ്റെ പ്രതിപാദന രീതി ഹൃദയാവർജ്ജകമാണു്.
