സഞ്ചാര സാഹിത്യം
അമേരിക്കയിലേക്കു് ഒരു യാത്ര: രസതന്ത്രത്തിൽ ഉപരിപഠനത്തിനായി അമേരിക്കയിലേക്കു തിരിച്ച ഡോക്ടർ സി. ആർ. നാരായണൻ കപ്പലിലും വിമാനത്തിലുമായി, ബോംബെയിൽ നിന്നു യാത്രയാരംഭിച്ചു പല കുഴപ്പങ്ങളും പിന്നിട്ട് ന്യൂയോർക്കു നഗരത്തിൽ എത്തിച്ചേരുന്നു. ആ യാത്രയിലെ അനുഭവപരമായ പല കാഴ്ചകളും സംഭവങ്ങളും ഹൃദയാവർജ്ജകമായി ചിത്രീകരിച്ചിരിക്കയാണു് പ്രസ്തുത കൃതിയിൽ. ന്യൂയോർക്കിൻ്റെ ചുരുങ്ങിയ ഒരു വിവരണത്തോടുകൂടി ഗ്രന്ഥം സമാപിപ്പിക്കയും ചെയ്യുന്നു. ‘ഒരു മലയാളി കണ്ട ഇന്ത്യ’ ഡോക്ടർ നാരായണൻ്റെ മറ്റൊരു യാത്രാവിവരണമാണു്. കേരളത്തിലും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലുമുള്ള ഓരോ പ്രദേശങ്ങളിൽ ഗ്രന്ഥകാരൻ യാത്ര ചെയ്തിരുന്ന കാലഘട്ടങ്ങളിൽ എഴുതി അപ്പോഴപ്പോൾ ഏതാനും വാരികകളിലും മറ്റുമായി പ്രസിദ്ധപ്പെടുത്തിയിരുന്ന 21 ലേഖനങ്ങളുടെ സമാഹാരമാണു് രണ്ടാമതു പറഞ്ഞ കൃതി. രണ്ടു ഗ്രന്ഥങ്ങളും വിനോദവും വിജ്ഞാനവും കലർന്നവ തന്നെ.
കേരളത്തിലെ ആഫ്രിക്ക: ഈ അടുത്ത കാലത്തു് കെ പാനൂർ പ്രസിദ്ധപ്പെടുത്തിയ ഒരു യാത്രാവിവരണമാണു് ‘കേരളത്തിലെ ആഫ്രിക്ക’. ഉത്തര കേരളത്തിൽ കാസർകോടു്, വയനാട്ട് എന്നീ പ്രദേശങ്ങളിലെ മലയോരങ്ങളിൽ നിവസിക്കുന്ന ഗിരിവർഗ്ഗക്കാരായ അടിയർ, കുറുമർ, കറിച്ച്യർ, കൊറഗർ, പണിയർ, കാട്ടുനായകർ തുടങ്ങിയ ആദിമനിവാസികളുടെ പൂർവ്വകാല ചരിത്രവും, ഇപ്പോഴത്തെ ജീവിതരീതിയുമാണു് ഇതിൽ ചിത്രീകരിക്കുന്നതു്. ആഫ്രിക്കയിലെ കാടന്മാരേക്കാൾ അപരിഷ്ക്കൃതരും, അസ്വതന്ത്രരും, ക്ലേശസഹിഷ്ണുക്കുമായി കഴിഞ്ഞുകൂടുന്ന ഒരു ജനവിഭാഗമാണു്, ഈ ഗിരിവർഗ്ഗക്കാർ. ആരുമറിയാത്ത, ആർക്കും വേണ്ടാതെ, അവശരും ആലംബഹീനരുമായി കഴിയുന്ന – അല്ലെങ്കിൽ കഴിഞ്ഞിരുന്ന – അവരുടെ നാനാമുഖമായ പ്രശ്നങ്ങൾ, ശരിക്കു മനസ്സിലാക്കി അവയ്ക്കു പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ചാൽ മാത്രമേ ഇന്ന് അവരെ ഉദ്ധരിക്കാൻ സാധിക്കുകയുള്ളു. പാനൂർ അതാണു് ഈ കൃതി വഴി ചെയ്തിട്ടുള്ളത്. ഗവർൺമെൻ്റിൻ്റെ ഗോത്രവർഗ്ഗ സംരക്ഷകന്മാർ ഈ കൃതി പ്രത്യേകം വായിച്ചിരിക്കുന്നതു കൊള്ളാം. ഗ്രന്ഥത്തിൻ്റെ അവതരണം യാത്രാവിവരണ രീതിയിലാകയാൽ ആർക്കും ആസ്വാദ്യതയോടെ വായിച്ചുപോകാവുന്നതുമാണു്.
