ഗദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

സഞ്ചാര സാഹിത്യം

സഞ്ചാരസാഹിത്യം പാശ്ചാത്യരുടെയിടയിലാണു് ആദ്യമായുണ്ടായതെന്നു തോന്നുന്നു. കാരണം അവർ സഞ്ചാരികളായിരുന്നതുതന്നെ. 13-ാം നൂറ്റാണ്ടിൽ മാർക്കോപോളൊ ഏഷ്യയുടെ മിക്കപ്രദേശങ്ങളിലും സഞ്ചരിച്ചു കുബ്ലൈഖാൻ്റെ രാജധാനിയിൽ ഏറെക്കാലം താമസിച്ച് ഒടുവിൽ സ്വദേശത്തു മടങ്ങിയെത്തി; താൻ സൂക്ഷിച്ചിരുന്ന കുറിപ്പുകൾ വച്ചുകൊണ്ടു സഞ്ചാരകഥ എഴുതിയിട്ടുള്ള വസ്തുത സുവിദിതമാണല്ലോ. ചൈനക്കാരും ആദ്യം മുതൽക്കേ ദേശസഞ്ചാരത്തിൽ ഉത്സുകരായിരുന്നു. 1300 വർഷങ്ങൾക്കുമുമ്പു് ഇന്ത്യയിലെത്തിയ ഹ്യൂൻസാങ്, ഫാഹിയാൻ തുടങ്ങിയവർ ചില യാത്രാവിവരണങ്ങൾ എഴുതിയിട്ടുള്ളതും പ്രസിദ്ധമാണു്.

റോമായാത്ര: മലയാളരാജ്യത്തുനിന്നു് അങ്ങനെ ദേശസഞ്ചാരം ചെയ്ത് ആദ്യമായി ഒരു യാത്രാവിവരണമെഴുതിയ തൂലികാ വിദഗ്ദ്ധൻ, മീനച്ചിൽ താലൂക്കിൽ രാമപുരത്തു പാറമാക്കൽ തോമാക്കത്തനാരാണു്. അദ്ദേഹമെഴുതിയിട്ടുള്ള സഞ്ചാരകൃതിക്കു് ‘വർത്തമാനപുസ്തകം അഥവാ റോമായാത്ര’ എന്നു പേർ പറഞ്ഞുവരുന്നു. ഭാഷാസാഹിത്യത്തിലെ നൂതന പ്രസ്ഥാനങ്ങളിൽ ഏറ്റവും പഴക്കമേറിയതു സഞ്ചാരസാഹിത്യ പ്രസ്ഥാനമാണെന്നു നിസ്സംശയം പറയാം. ഒരു ഒന്നരനൂറ്റാണ്ടുകാലത്തെ പഴക്കമെങ്കിലും ആ പ്രസ്ഥാനത്തിനു കല്പിക്കാവുന്നതാണ്. ഒരു പക്ഷേ, ഭാരതത്തിലെ പ്രാദേശിക ഭാഷകളിൽ ഒന്നിലും തന്നെ പ്രസ്തുത പ്രസ്ഥാനം ആരംഭിക്കുന്നതിനു വളരെ മുമ്പേ മലയാള ഭാഷയിൽ ഇത് ആവിർഭവിച്ചു കഴിഞ്ഞു എന്നുകൂടി പറയാവുന്നതാണു്.