സഞ്ചാര സാഹിത്യം
ഫാദർ വടക്കൻ്റെ ‘പടിഞ്ഞാറൻ പര്യടനം’: 1961 മാർച്ചു മാസത്തിൽ പശ്ചിമ ജർമ്മനിയിലേക്കു പുറപ്പെട്ട ഫാദർ വടക്കൻ, മൂന്നു മാസം നീണ്ടുനിന്ന തിരക്കിട്ട പരിപാടികളോടുകൂടി യൂറോപ്പിലെ മർമ്മപ്രധാനമായ പല കേന്ദ്രങ്ങളിലും, പലസ്റ്റീൻ മുതലായ പുണ്യസ്ഥലങ്ങളിലും സഞ്ചരിച്ചു തൻ്റെ യാത്രോദ്ദേശ്യം ഒട്ടൊക്കെ നേടി തിരിച്ചുപോന്നതിൻ്റെ മിഴിവുറ്റ ഒരു ചിത്രമാണു് ഈ ചെറുപുസ്തകത്തിൽ വിലേഖനം ചെയ്തിട്ടുള്ളത്. മനോജ്ഞമായ ഒരു ചെറുനോവൽ വായിക്കുമ്പോൾ തോന്നാറുള്ള രസവും ജിജ്ഞാസയും ഇതു പാരായണം ചെയ്യുന്ന ഏതൊരാൾക്കും അനുഭവപ്പെടാതിരിക്കുകയില്ല. ഫാദർ വടക്കൻ്റെ പ്രഭാഷണ ശൈലിയും, ഇടയ്ക്കിടെ തട്ടിമുളിക്കുന്ന ഫലിതശകലങ്ങളും കൂടുതൽ ഉന്മേഷമരുളുന്നവയുമാണ്.
ഏകലോകം: സുപ്രസിദ്ധ ഗ്രന്ഥകാരനായ വെണ്ടൽ വിൽക്കി രണ്ടാം ലോകമഹായുദ്ധത്തിൻ്റെ മദ്ധ്യത്തിൽ ലോകത്തിനു ചുറ്റും ഒന്ന് പറന്നു സഞ്ചരിക്കയുണ്ടായി. യുദ്ധത്തെയും യുദ്ധ ഭൂമികളേയും, ലോക നേതാക്കളേയും, സാമാന്യ ജനതയേയും സന്ദർശിക്കുവാൻ വേണ്ടിയായിരുന്നു, അന്ന് അദ്ദേഹം ആ വിമാനയാത്ര ചെയ്തത്. ആ സഞ്ചാരത്തിൽ ഗ്രന്ഥകാരനുണ്ടായ പല അനുഭവങ്ങളുടേയും അവയെ ആസ്പദമാക്കിയുള്ള വിമർശനങ്ങളുടേയും സമഞ്ജസമായ ഒരു ചിത്രീകരണമാണു പ്രസ്തുത ഗ്രന്ഥം. മലയാളത്തിൽ അതു വിവർത്തനം ചെയ്ത വി. ടി. ഇന്ദുചൂഡൻ, സഞ്ചാര സാഹിത്യശാഖയ്ക്ക് അനർഘമായ ഒരു സംഭാവനയാണ് നല്കിയിട്ടുള്ളതു്.
