സഞ്ചാര സാഹിത്യം
തനിക്കനുഭൂതമായിത്തീർന്ന വസ്തുതകൾ തോന്നിയതുപോലെ പകർത്തുകയല്ല, കേരളീയർക്കുവേണ്ടി പാകപ്പെടുത്തി പ്രകാശിപ്പിക്കുകയാണ് അതിൽ ചെയ്തിട്ടുള്ളത്. അത്തരത്തിലുള്ള യാത്രാവിവരണങ്ങളാണു നമുക്കു കൂടുതൽ ആവശ്യം. “ഫ്രഞ്ചുവിപ്ലവത്തിൻ്റെ നാന്ദിയായ ‘വിസ്റ്റിൽ ഭേദനത്തെ’ത്തുടർന്നു ഫ്രാൻസിലെ രാജവാഴ്ച അവസാനിച്ചതും അമേരിക്കൻ സ്വാതന്ത്ര്യത്തിനുപോലും വഴിതെളിച്ചതുമായ സംഭവങ്ങൾ എൻ്റെ സ്മരണയിൽ പൊങ്ങിവന്നു.” എന്നു പറയുന്നിടത്തു്, 1789 മുതൽ 1794 വരെ നടന്ന ഫ്രഞ്ചു വിപ്ലവത്തിനുശേഷമാണു്, 1774 മുതൽ 1751 വരെ നടന്ന അമേരിക്കൻ സ്വാതന്ത്ര്യസമരമെന്നു വ്യഞ്ജിപ്പിച്ചിട്ടുള്ളതും മറ്റും നോട്ടക്കുറവുകൾ മാത്രമാണു്. അവ പുസ്തകരൂപത്തെ പ്രാപിക്കുമ്പോൾ തിരുത്താവുന്നതും തിരുത്തേണ്ടതുമാണ്. പുസ്തകരൂപത്തെ പ്രാപിക്കാത്ത ഒരു കൃതിയെപ്പറ്റി ഇവിടെ പറയേണ്ടിവന്നതു്, ആ യാത്രാവിവരണത്തിൻ്റെ സരസത ഒന്നുകൊണ്ടുമാത്രമാണെന്നുകൂടി പ്രസ്താവിച്ചുകൊള്ളട്ടെ.
ഇനിയും യാത്രാവിവരണങ്ങളിൽ ചിലതു രേഖപ്പെടുത്തുവാനുണ്ടു്. മാർക്കോപോളോവിൻ്റെ സഞ്ചാരകഥകൾ (വിവ: പി.ജി. പുരുഷോത്തമൻപിള്ള), കെ. എ. അബ്ബാസിൻ്റെ ഞാൻ കണ്ട ചൈന, (വിവ: ഒ. പി. ജോസഫ്), പി കെ. രാജരാജവർമ്മയുടെ വിജയകരമായ പിൻമാറ്റം, ഡോക്ടർ ഭാസ്‌കരൻ പിള്ളയുടെ എൻ്റെ ലണ്ടൻ ജീവിതം, ഡോക്ടർ കൃഷ്ണശർമ്മയുടെ ജർമ്മൻ കത്തുകൾ, ഡോക്ടർ സി. ആർ. കൃഷ്ണപിള്ളയുടെ ഉഷയ്ക്കുള്ള കത്തു്, ആനി ജോസഫിൻ്റെ റഷ്യയിൽ, സി. എച്ച്. മുഹമ്മദുകോയയുടെ എൻ്റെ ഹജ്ജ് യാത്ര, സി. ആർ. നാരായണൻ്റെ ഒരു മലയാളി കണ്ട ഇന്ത്യ, എം. ആർ. ബി.യുടെ കിനാവിലെ യാത്ര, ഫാ: സി. ടി. കൊട്ടാരത്തിൻ്റെ ഞാൻ കണ്ട സർവ്വകലാശാലകൾ, വി. ആർ. പരമേശ്വരൻപിള്ളയുടെ തക്ഷശിലായാത്ര. എ. എസ്. പി.അയ്യരുടെ പശ്ചിമ യൂറോപ്പിൽ, വിനയൻ്റെ പുഞ്ചിരികളുടെ നാട്ടിൽ, കെ. ബാലകൃഷ്ണൻ്റെ സഹ്യാദ്രിസാനുക്കളിൽ, ബാബു ചെങ്ങന്നൂരിൻ്റെ ഒരു വിദ്യാർത്ഥി കണ്ട ഇന്ത്യ, ഹിമാലയത്തിൻ്റെ അടിവാരത്തിൽ, നീല മലകളുടേയും ചുവപ്പു നദികളുടേയും നാട്ടിൽ എന്നിവ ഈയവസരത്തിൽ സ്മരണയിൽ വന്നുചേരുന്നവ മാത്രമാണു്.
