സഞ്ചാര സാഹിത്യം
ഉൽപത്തിഹേതുവും ഉള്ളടക്കവും: തോമാക്കത്തനാരാണു് ‘വർത്തമാനപ്പുസ്തകം അഥവാ റോമായാത്ര’യുടെ കർത്താവെന്നു മുകളിൽ സൂചിപ്പിച്ചുവല്ലൊ. അദ്ദേഹത്തിൻ്റെ ജീവിതകാലം ക്രിസ്തുവർഷം 1736 മുതൽ 1799 വരെയായിരുന്നു. വരാപ്പുഴ മിഷ്യനറിമാരുടെ ദുർവ്വഹമായ ഭരണത്തിൻ്റെ പ്രത്യാഘാതങ്ങളും മാറ്റൊലികളുമാണ് പ്രകൃതഗ്രന്ഥത്തിൽ മുഴങ്ങുന്നതു്. കേരളീയ കത്തോലിക്കരുടെ അദ്ധ്യാത്മ നേതാവായിരുന്ന ഡോ: പ്ലോരൻസ് എന്ന മെത്രാൻ 1773-ൽ വരാപ്പുഴവച്ചു നിര്യാതനായി. അദ്ദേഹത്തിൻ്റെ സംസ്ക്കാര കർമ്മത്തിൽ സഹകരിക്കുവാൻ ചെന്നുചേർന്ന പഴയ കൂറ്റുകത്തോലിക്കരായ ലത്തീൻ സുറിയാനി സമുദായങ്ങളിൽ ലത്തീൻ സമുദായത്തെ മാത്രമേ അന്നത്തെ വരാപ്പുഴ മിഷ്യനറിമാർ സംബന്ധിപ്പിച്ചുള്ളു. അതിൽ നേരിട്ട അഭിമാനഭംഗം. വിദേശ മേധാവിത്വത്തിൽനിന്നു വേർപെട്ട് ഒരു സ്വദേശമെത്രാനെ നേടണമെന്നുള്ള ചിന്തയിലേക്കു സുറിയാനികത്തോലിക്കരെ നയിച്ചു. “മശിഹാ പിറന്നിട്ടു 1773-ാം കാലം, മാർ പ്ലോരൻസിയോസു അരയപ്പോലീസ് എന്ന മെത്രാൻ മരിച്ചപ്പോൾ മലങ്കര ഇടവകയിലുണ്ടായ കാര്യംതൊട്ടു നമ്മുടെ വിശേഷം തുടങ്ങുകയും ചെയ്യുന്നു.” എന്നിങ്ങനെ ഗ്രന്ഥരചനയ്ക്കു പ്രേരകമായിത്തീർന്ന സംഗതികളെ വിവരിച്ചുകൊണ്ടു ഗ്രന്ഥകാരൻ മുഖവുരയിൽ പ്രസ്താവിച്ചിട്ടുള്ളതു നോക്കുക. മേല്പറഞ്ഞ കാര്യസിദ്ധിക്കായി പോപ്പിനെ ചെന്നുകണ്ടു വിവരങ്ങൾ ഉണർത്തിക്കുന്നതിനുംമറ്റുമായി അങ്കമാലിയിൽ കൂടിയ ഒരു യോഗത്തിലെ തീരുമാനമനുസരിച്ചു് കരിയാറ്റിൽ യൗസേപ്പുമല്പാനും തോമാക്കത്തനാരും റോമയിലേക്കു പുറപ്പെട്ടു. അവർ റോമയിലും പോർട്ടുഗലിലുമെത്തി, ഗോവയിൽ പ്രത്യാഗമിക്കുന്നതുവരെയുള്ള യാത്രാവിവരണങ്ങളാണു് വർത്തമാനപ്പുസ്തകത്തിലുള്ളത്. കുറച്ചുകൂടി വിശദീകരിച്ചാൽ അതിങ്ങനെയായിരിക്കും:
