സഞ്ചാര സാഹിത്യം
കർക്കടകം 16-ാം തീയതി പോർട്ടുഗലിലെ തുറമുഖമായ ലിസ്ബണിൽ എത്തുകയും ചെയ്തു. കുറച്ചുകാലം ആ പട്ടണത്തിൽത്തന്നെ താമസിച്ചു. അതിനിടയിൽ പോർട്ടുഗീസ് രാജ്ഞിയേയും പ്രധാന ഉദ്യോഗസ്ഥന്മാരേയും പല തവണ കണ്ട് തങ്ങളുടെ യാത്രോദ്ദേശ്യം ഗ്രഹിപ്പിക്കയും ചില നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഇങ്ങനെ കുറേനാൾ അവിടെ കഴിഞ്ഞുകൂടിയതിനു ശേഷം 1779 തുലാം 4-ാം തീയതി ഒരു കപ്പലിൽ മദ്ധ്യധരണ്യാഴിയിൽ കൂടി റോമിലേക്കു പുറപ്പെട്ടു. ഒരു മാസം കൊണ്ടു ജമ്പാ പട്ടണത്തിലെത്തി. അവിടെനിന്നു പല നഗരങ്ങളിൽ അടുത്തു 1780 മകരം 3-ാം തീയതി അവർ റോമയിൽ ചെന്നുചേർന്നു. അവിടെ താമസിച്ചു തങ്ങളുടെ യാത്രോദ്ദേശ്യത്തെ വിവരിച്ചു ഏതാനും ഹർജികൾ മാർപാപ്പയ്ക്കു സമർപ്പിച്ചു. ഗോവക്കാരായ മെത്രാന്മാരുടെ സ്വേച്ഛാപ്രവൃത്തികളിൽനിന്നു മലങ്കരയിലെ നസ്രാണികളെ രക്ഷിക്കത്തക്കവണ്ണം ഏതെങ്കിലും ഒരു പാശ്ചാത്യനേയോ നാട്ടുകാരനേയോ നിയമിക്കണമെന്നുള്ളതായിരുന്നു ഹർജികളുടെ സാരം. പക്ഷേ, ‘മറുതലക്കാർ’ അവിടെ ഉണ്ടായിരുന്നതുകൊണ്ടു് ഉദ്ദേശിച്ച ഫലമുണ്ടായില്ല. അതിനാൽ അഞ്ചുമാസത്ത താമസത്തിനുശേഷം അവർ വീണ്ടും ലിസ്ബണിലേക്കു തിരിച്ചു. പോർട്ടുഗൽരാജ്ഞിയേയും മറ്റു പ്രമാണികളെയും കണ്ടു കാര്യസിദ്ധിക്കായി വളരെയധികം അഭ്യർത്ഥനകൾ പിന്നെയും ചെയ്തു. ഒടുവിൽ 1782 കർക്കടകം 16-ാം തീയതി കരിയാറ്റിമല്പാനെ കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തയായി ലിസ്ബൺ അധികാരികൾ തെരഞ്ഞെടുത്തു. എന്നാൽ റോമിൽനിന്നുള്ള ഇതിൻ്റെ സ്ഥിരീകരണത്തിനു മാസങ്ങൾ പലതു പിന്നെയും വേണ്ടിവന്നു. ഇങ്ങനെ 1783 കുംഭ മാസം 17-ാം തീയതി ‘മാർയൗസേപ്പു കരിയാട്ടി, മുമ്പിൽ അങ്കമാലി എന്നും ഇപ്പോൾ കൊടുങ്ങല്ലൂർ എന്നും ചൊല്ലപ്പെട്ട മലങ്കര ഇടവക ഒക്കയുടേയും മെത്രാപ്പോലീത്താവാഴ്ച കൈക്കൊള്ളുകയും ചെയ്തു.’ എന്നാൽ പിന്നെയും ചില എതിർപ്പുകളുണ്ടാകയാൽ അതിൻ്റെ പരിസമാപ്തിക്കായി രണ്ടു വർഷത്തോളം പോർട്ടുഗലിൽത്തന്നെ താമസിക്കേണ്ടതായിവന്നു. അങ്ങനെ ഏതാണ്ട് അഞ്ചു വർഷത്തോളം ലിസ്‌ബണിൽ കഴിഞ്ഞുകൂടിയശേഷം 1785 മേടം 20-ാം തീയതി അവർ സ്വദേശത്തേക്കു തിരിച്ചു. ബയ്യാ തുറമുഖം, ഗുഡ് ഹോപ്പുമുനമ്പു് മുതലായവ കടന്നു് 1786 മെയ് 1-ാം തീയതി ഗോവയിലെത്തി. എന്നാൽ ഉടൻതന്നെ അവിടെനിന്നു സ്വദേശത്തേക്കു മടങ്ങുവാൻ തരമായില്ല. ചില പ്രത്യേക കാര്യങ്ങൾ നേടുവാൻവേണ്ടി അവർ അവിടെ കഴിഞ്ഞുകൂടുന്നതിനിടയിൽ പനി പിടിപെടുകയാലോ ഗോവാ പോർട്ടുഗീസുകാരുടെ വഞ്ചനയാലോ എങ്ങനെയോ മെത്രാപ്പോലീത്ത 1786 സെപ്തംബർ 9-ാം തീയതി ഇങ്ങിനിവരാതവണ്ണം കാലയവനികയ്ക്കുള്ളിൽ മറയുകയും ചെയ്തു. ഇതാണു വർത്തമാനപ്പുസ്തകത്തിൽ പ്രതിപാദിക്കപ്പെടുന്ന പ്രമേയങ്ങൾ.
