ഗദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

സഞ്ചാര സാഹിത്യം

വർത്തമാനപ്പുസ്തകം രണ്ടു ഭാഗമായി തിരിച്ചിരിക്കുന്നു. ഒന്നാം ഭാഗത്തിൽ മല്പാൻ യൂറോപ്പു സഞ്ചാരം കഴിഞ്ഞു ഗോവയിൽ എത്തുന്നതുവരെയുള്ള വൃത്താന്തങ്ങളാണ് അടങ്ങിയിട്ടുള്ളതു്. പ്രസ്തുത ഭാഗം 1936-ൽ അതിരമ്പുഴ സെൻ്റ് മേരീസ് പ്രസ്സിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 560-ൽപ്പരം പേജുകളുള്ള ആ ഗ്രന്ഥം 74 പദങ്ങളായി (അദ്ധ്യായങ്ങൾ) വിഭജിച്ചിരിക്കുന്നു. ഒന്നാം ഭാഗത്തിൽ 80 പദങ്ങൾ ഉണ്ടെന്നാണ് അറിവു്. ഇതിൽ ഗോവയ്ക്കടുത്തുള്ള സെയ്‌ഷൽ ദ്വീപിൽ എത്തിയതുവരെയുള്ള വൃത്താന്തങ്ങളെ ഉള്ളൂ. അതിനാൽ ഒന്നാം ഭാഗം പൂർണ്ണമാകുന്നതിനു് ഇനിയും 6 ‘പദങ്ങൾ’ കൂടി ചേർക്കേണ്ടതുണ്ടെന്നു തോന്നുന്നു. പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കൃതിയിലെ ചില അദ്ധ്യായങ്ങളിൽ ‘വിചാരം’ എന്ന തലക്കെട്ടിൽ വിവരിച്ചുകഴിഞ്ഞ ചില സംഗതികളുടെ പുനർവിചാരങ്ങളും സ്വന്തം വീക്ഷണകോണത്തിലൂടെയുള്ള വിമർശങ്ങളും കാണാം. ബ്രസീൽ, ജന്വ മുതലായ പട്ടണങ്ങളേയും സ്ഥലങ്ങളേയും വർണ്ണിച്ചിട്ടുള്ളതു വളരെ ശ്രദ്ധേയമാണു്. അതാതു സ്ഥലത്തെ ഭരണ ക്രമത്തേയും ഗ്രന്ഥകാരൻ ഇതിൽ വിശദീകരിക്കുന്നുണ്ടു്. ഭാഷാരീതി പൊതുവെ പ്രൗഢവും ഉജ്ജ്വലവുമാണു്. പ്രയോഗത്തിൽ ചില വൈകല്യങ്ങളുണ്ടെങ്കിൽ അതു് അക്കാലത്തെ നമ്മുടെ മറ്റു ഭാഷാകൃതികളിലും കാണുന്നതു തന്നെയാണു്.

വർത്തമാനപ്പുസ്തകത്തിൻ്റെ കൈയെഴുത്തുപ്രതി ചിലരുടെ കൈവശമുള്ളതായറിയാം. പകർപ്പുകളിൽ പരസ്പരം ചില വ്യത്യാസങ്ങൾ ഉണ്ടെന്നു തോന്നുന്നു. എഴുപുന്ന പാറായിൽ ശ്രീ ഉറുമീസുതരകൻ്റെ കൈവശമുള്ള കൈയെഴുത്തു പ്രതിയിൽ, അതിരമ്പുഴയിൽ നിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കൃതിയിൽനിന്നു ഭിന്നമായ ചില അംശങ്ങൾ ഉണ്ടന്നു തരകൻതന്നെ ഈ ഗ്രന്ഥകാരനോടു പ്രസ്താവിച്ചിട്ടുള്ളതാണു്. മഞ്ഞുമ്മൽ ആശ്രമത്തിൽ സൂക്ഷിച്ചിട്ടുള്ള കൈയെഴുത്തു പ്രതിയിലും ചില വ്യത്യാസങ്ങൾ കാണുന്നുണ്ട്. രണ്ടാം ഭാഗം കാണുവാനോ അതിലെ വിവരങ്ങൾ അറിയുവാനോ കഴിഞ്ഞിട്ടില്ല. അന്വേഷണത്തിൽ അതിൻ്റെ പകർപ്പുകൾ മറ്റാരുടേയും കൈവശം ഇല്ലെന്നുമാണറിയുന്നതു. കൈയെഴുത്തു പ്രതിയുടെ അസ്സൽ വരാപ്പുഴെ ഉണ്ടായിരുന്ന വൈദേശിക മിഷ്യനറിമാരുടെ കൈവശം ചെന്നുചേർന്നുവെന്നും. അവരതു നശിപ്പിച്ചുകളഞ്ഞുവെന്നും ചിലർ പ്രസ്താവിച്ചു കേൾക്കാറുണ്ടു്. അടുത്ത കാലത്തു് അവിടെയുണ്ടായിരുന്ന ചില മിഷ്യനറിമാരെ സമീപിച്ചു ഇക്കാര്യം അന്വേഷിച്ചതിൽ അവർക്കു യാതൊരു രൂപവുമുള്ളതായി അറിയുന്നില്ല. വർത്തമാനപ്പുസ്തകത്തിൽ വരാപ്പുഴ മിഷ്യനറിമാരുടെ അനേകം ദുർന്നയങ്ങളേയും അക്രമങ്ങളേയും കറിച്ചു ശക്തിയായ ഭാഷയിൽ പ്രസ്താവിച്ചിട്ടുണ്ട്. തൽഫലമായി അവരിൽനിന്നു പുറപ്പെട്ട രോഷാഗ്നി, 2-ാം ഭാഗത്തെ ദഹിപ്പിച്ചുകളഞ്ഞതായിരിക്കുമോ എന്തോ?