സഞ്ചാര സാഹിത്യം
“സ്വയംഭരണാദർശങ്ങൾ ഇന്ത്യയിൽ ഒട്ടുക്ക് ആദ്യമായി പ്രകടിപ്പിച്ചുകാണുന്നതു് ഈ കൃതിയിലാണു്’ എന്നുള്ള ഡോക്ടർ പി. ജെ. തോമസിൻ്റെ അഭിപ്രായം ചരിത്ര ഗവേഷകന്മാർ അതിൻ്റെ പരിശോധനയിൽ തലകുലുക്കി സമ്മതിക്കുന്നതാണു്. റോമായാത്രയുടെ ഉദ്ദേശ്യം, വിദേശ മിഷ്യനറിമാർ അവരുടെ ഭരണകാലത്ത് അവിഭക്തമായിരുന്ന കേരളീയ നസ്രാണികളിൽ വരുത്തിയ സമുദായ വിഭജനങ്ങൾ ഇല്ലാതാക്കി അവരെ പുനസ്സംഘടിപ്പിക്കുന്നതിനുതകുന്ന പുതിയ വ്യവസ്ഥകൾ ഉണ്ടാക്കുക എന്നുള്ളതായിരുന്നല്ലൊ. വിദേശ മിഷ്യനറിമാരുടെ സ്വേച്ഛകൾക്കും അവരുടെ നിയമങ്ങൾക്കും വിധേയരാകാതെ സ്വാതന്ത്ര്യം പ്രകടിപ്പിച്ചിരുന്നവരുടെ നേരെ അവർ വളരെ അവജ്ഞയോടും ക്രൗര്യത്തോടും കൂടിയാണു് പെരുമാറിയിരുന്നതു്. അങ്ങനെയുള്ള വസ്തുതകൾ വിവരിക്കാൻ തുടങ്ങുന്ന സന്ദർഭങ്ങളിൽ ഗ്രന്ഥകാരൻ വർഗ്ഗാഭിമാനത്തിൻ്റെയും സ്വാതന്ത്ര്യവാഞ്ചയുടേയും മൂർത്തപ്രതാപമായി വിളങ്ങുന്നതു് ഇതിലെവിടെയും കാണാം. ഒരു ഭാഗം നോക്കുക:
“ജാതിക്കു തലവൻ ആ ജാതിയിൽത്തന്നെ ഉണ്ടായിരിക്കുന്നതായാൽ ആ ജാതിക്കു ബലവും കരുത്തും ഏറ്റവുമുണ്ടാകുമത്രെ എന്നുള്ള പട്ടാങ്ങ നമുക്കതന്നെയല്ല, പിന്നെയോ എല്ലാജാതിക്കും പ്രസിദ്ധമായിരിക്കുന്ന കാര്യവും വർഗ്ഗന്യായത്താൽത്തന്നെ കല്പിക്കപ്പെട്ടിരിക്കുന്ന വസ്തുതയും അത്രേ ആകുന്നു.” ഇത്രത്തോളം വിജ്രംഭിതമായ വർഗ്ഗാഭിമാനവും പരതന്ത്രതയിലുള്ള അസഹിഷ്ണുതയും ഭാരതത്തിൽ അക്കാലത്തുണ്ടായിട്ടുള്ള ഏതെങ്കിലും കൃതിയിൽ കാണുമോ എന്നു സംശയമാണു്. നമ്മുടെ സഞ്ചാര സാഹിത്യ ചരിത്രത്തിലെന്നപോലെതന്നെ ഭരണ സ്വാതന്ത്ര്യ സമരചരിത്രത്തിലും ഈ കൃതി മാന്യമായ ഒരു സ്ഥാനം അർഹിക്കുന്നുണ്ടു്. ഇതിലെ ഗദ്യരീതിയെക്കുറിച്ചു് 2-ാം അദ്ധ്യായത്തിൽ വിവരിച്ചിട്ടുള്ളതിനാൽ തത്സംബന്ധമായി മറ്റൊന്നും ഇവിടെ പ്രസ്താവിക്കുവാൻ മുതിരുന്നില്ല.
വർത്തമാനപ്പുസ്തകം പോലെ അത്രയും പ്രാചീനമായ സഞ്ചാര സാഹിത്യ ഗ്രന്ഥങ്ങളൊന്നും മലയാളത്തിൽ അന്വേഷിക്കുവാൻ പുറപ്പെടേണ്ടതില്ല. നമ്മുടെ നാട്ടുകാർ വിദേശസഞ്ചാരത്തിൽ അധികം ഉത്സുകരായിരുന്നില്ലെന്നുള്ളതാണു് അതിനു കാരണം. വല്ലവരും സഞ്ചരിച്ചിരുന്നുവെങ്കിൽത്തന്നെ, തൽസംബന്ധമായി യാതൊന്നും കുറിച്ചിട്ടുമില്ല. ആ സ്ഥിതിക്കു വളരെ പുറകോട്ടു നോക്കേണ്ട ആവശ്യമേ ഇല്ല. സന്ദേശകാവ്യങ്ങളിൽ ഉണ്ണുനീലിസന്ദേശം തുടങ്ങിയ കൃതികളിൽ കാണുന്ന സഞ്ചാരചരിതങ്ങൾ ഇവിടെ ഉൾപ്പെടുത്തിക്കൂടെ എന്നു ചോദിക്കുമായിരിക്കാം. മനോരഥത്തിൽ കയറിയുള്ള അത്തരം സഞ്ചാരത്തിലും ചരിത്രവിഷയകമായ ചില പരമാർത്ഥങ്ങൾ ദൃശ്യമായി എന്നുവരാം. പക്ഷേ, അത്തരം കൃതികൾ പദ്യശാഖയിൽ ഉൾപ്പെട്ടവയാണല്ലൊ. അതിനാൽ അവയെ ഇവിടെ വിസ്മരിക്കുകയേ നിവൃത്തിയുള്ള.
