ഗദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

സഞ്ചാര സാഹിത്യം

കാശീയാത്രാചരിതം: വിദ്വാൻ മാനവിക്രമ ഏട്ടൻതമ്പുരാൻ്റെ ഒരു കൃതിയാണു്. അദ്ദേഹം തൻ്റെ കാശീയാത്രാവസരത്തിൽ കണ്ട പ്രധാന സ്ഥലങ്ങളുടേയും ചില വിശേഷ സംഭവങ്ങളുടേയും ചുരുങ്ങിയ വിവരണമാണിതിലുള്ളതു്. കാശിക്കപ്പുറം രാജ്യമില്ലെന്നു് കുറച്ചുകാലം മുമ്പുവരെ സാധാരണ ജനങ്ങളുടെയിടയിൽ ഒരു വിശ്വാസമുണ്ടായിരുന്നല്ലൊ. അതിനാൽ അന്നത്തെ പരദേശങ്ങളുടെ പരമാവധിതന്നെയായിരുന്നു കാശി. തമ്പുരാൻ്റെ ഈ കൃതി ആദ്യം ലേഖനരൂപം പൂണ്ട് പത്രങ്ങളിൽ വെളിപ്പെടുകയും പിന്നീടു പുസ്തക രൂപത്തിൽ പ്രകാശിക്കയുമാണുണ്ടായിട്ടുള്ളത്.

ബിലാത്തി വിശേഷം: കെ. പി. കേശവമേനോൻ 1912-ൽ ബിലാത്തിയിൽ ഇംഗ്ലണ്ടിൽ – ബാരിസ്റ്റർ പരീക്ഷയ്ക്കു പഠിക്കാൻപോയ കാലത്തുണ്ടായ പല അനുഭവങ്ങളും സരസമായി വിവരിക്കുന്നു ബിലാത്തിവിശേഷത്തിൽ. 1914 ജൂലൈ മാസത്തിൽ ഗ്രന്ഥകാരൻ മറ്റൊരു സ്നേഹിതനൊരുമിച്ചു ബർലിൻ പട്ടണത്തിലുമെത്തി. അപ്പോഴാണു് ഒന്നാമത്തെ ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതു്. ലണ്ടനിലേക്കു മടങ്ങുവാൻ നിവൃത്തിയില്ലാതെ രണ്ടു മാസത്തോളം സ്വിററ്സർലണ്ടിൽ താമസമാക്കി. പിന്നീടു സൗകര്യം കിട്ടിയപ്പോൾ ലണ്ടനിലേക്കു മടങ്ങി. ആ കാലഘട്ടത്തിലെഴുതപ്പെട്ട – യുദ്ധം തുടങ്ങുന്നതിനുമുമ്പും യുദ്ധകാലത്തും യൂറോപ്പിലുണ്ടായിരുന്ന പരിതഃസ്ഥിതികളുടെ വെളിച്ചത്തിൽ എഴുതപ്പെട്ട – ഒരു യാത്രാ വിവരണമാണു് ബിലാത്തി വിശേഷം. റോമായാത്ര കഴിഞ്ഞന്നാൽ യൂറോപ്പു സന്ദർശിച്ച ഒരു മലയാളി ആദ്യമായെഴുതുന്ന ഒരു സഞ്ചാരകഥയാണു് പ്രസ്തുത കൃതി എന്നുകൂടി പറയേണ്ടതുണ്ടു്.

കയ്യാളശ്ശേരി മെത്രാൻ്റെ റോമായാത്ര സഞ്ചാരചരിതങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്ത ഒരു കൃതിയാണു്. പ്രസ്തുത കൃതി, ദീപിക മുതലായ പത്രങ്ങളിലാണു് ആദ്യം പ്രസിദ്ധപ്പെടുത്തിയിരുന്നത്. ഇത്തരത്തിലുള്ള യാത്രാവിവരണങ്ങൾ വേറെയുമുണ്ട്. കോട്ടയം മെത്രാൻ ഡോക്ടർ ചുളപ്പറമ്പിലെ യൂറോപ്പുയാത്ര, വരാപ്പുഴ മെത്രാപ്പോലീത്ത ഡോക്ടർ ജോസ്ഫ് അട്ടിപ്പേറ്റിയുടെ യൂറോപ്പുയാത്ര തുടങ്ങിയവ ഇവിടെ സ്മരണാർഹങ്ങളാകുന്നു.