സിനിമാഗാനങ്ങൾ
നീലക്കുയിലിൻ്റെ പ്രദർശനകാലത്തു് ഈ ഗാനത്തിനു കേരളക്കരയിലുണ്ടായ പ്രചാരം അല്പമൊന്നുമായിരുന്നില്ല. തുറക്കാത്ത വാതിലിലെ-
നാളികേരത്തിൻ്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട് – അതിൽ
നാരായണക്കിളിക്കൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ടു്
ചാമ്പയ്ക്കാചുണ്ടുള്ള ചന്ദനക്കവിളുള്ള
ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട് – നാളികേ…
………………………………………………………
നീറുന്ന കണ്ണുമായ് നിന്നെക്കിനാക്കണ്ടു
ദൂരത്തു വാഴുന്നു ഞാനെന്നും
ഓരോരോ തീവണ്ടിയോടിയെത്തുമ്പോഴും
ഓടുന്നു മുറ്റത്തു നീയെന്നും– നാളി….
എന്ന പ്രേമഗാനവും മനോജ്ഞമായിരിക്കുന്നു. ചാമ്പയ്ക്കാച്ചുണ്ടും ചന്ദനക്കവിളുമൊക്കെ രസികതതികഞ്ഞ പ്രയോഗങ്ങൾതന്നെ. അലങ്കാരചാതുരി ഭാസ്കരൻ്റെ ഗാനങ്ങളിൽ പലതിലും അഭിനന്ദനീയമായി കാണാം. കറുത്ത പൗർണ്ണമിയിലെ ഒരു പ്രയോഗം നോക്കുക:
‘മാനത്തിൻമുറ്റത്തു മഴവില്ലാലഴകെട്ടും
മധുമാസസന്ധ്യകളേ
കാർമുകിലാടകൾ തോരെയിടാൻ വരും
കാലത്തിൻ കന്യകളേ.’