സിനിമാഗാനങ്ങൾ
കരിമുകിൽ കാട്ടിലെ–രജനിതൻ വീട്ടിലെ
കനകാംബരങ്ങൾ വാടി–കടത്തുവള്ളം യാത്രയായി
കരയിൽ നീ മാത്രമായി– കരി….
ഇനിയെന്നു കാണും നമ്മൾ–തിരമാല മെല്ലെ ചൊല്ലി
ചക്രവാളമാകെ നിൻ്റെ–ഗൽഗദം മുഴങ്ങീടുന്നു– കരി….
കരയുന്ന രാക്കിളിയെ–തിരിഞ്ഞൊന്നു നോക്കിടാതെ
മധുമാസചന്ദ്രലേഖ–മടങ്ങുന്നു പള്ളിത്തേരിൽ– കരി….
എന്ന ഗാനം മറെറാരുവിധത്തിൽ ഹൃദയാവർജ്ജകവുമത്രേ.
‘പൊട്ടിത്തകർന്ന കിനാവുകൾ കൊണ്ടു ഞാൻ
പട്ടുനൂലുഞ്ഞാലുകെട്ടി………
‘ഏകാന്തതയുടെ അപാരതീരം ….
‘കാട്ടിലെ പാഴ്മുളംതണ്ടിൽനിന്നും പാട്ടിൻ്റെ പാലാഴി തീർത്തവളെ….’ എന്നിങ്ങനെ ഭാസ്കരൻ്റെ ഗാനങ്ങളുടെ തലക്കുറി കുറിക്കുവാൻ തുടങ്ങിയാൽ അതൊരു നീണ്ട പട്ടികയായിത്തീരും. അതിനാൽ അതിലേക്കു മുതിരുന്നില്ല. കേരളഗവണ്മെൻ്റ് 1970-ലെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള അവാർഡ് പി. ഭാസ്കരനാണു് നല്കിയതെന്നുള്ള വസ്തുതകൂടി ഈയവസരത്തിൽ വ്യക്തമാക്കിക്കൊള്ളട്ടെ.