പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

സംഗീതമെന്ന പദം അതിൻ്റെ വ്യാപകമായ അർത്ഥത്തിൽ എല്ലാവിധ ഗീതങ്ങളേയും ഉൾപ്പെടുത്തി പറയാവുന്നതാണു്. എന്നാൽ വ്യാപ്യമായ അർത്ഥത്തിൽ അതിൻ്റെ പരിധി ചുരുങ്ങുന്നു. ”മനോരഞ്ജകമായി ആവിഷ്കരിക്കപ്പെടുന്ന എല്ലാ നാദവിശേഷങ്ങളും സംഗീതം തന്നെ. പക്ഷേ, ആ നിർവ്വചനത്തിൽ അതിവ്യാപ്തി എന്ന ദോഷമുണ്ട്. സുനിശ്ചിതവും വ്യവസ്ഥിതവുമായ രീതിയിൽ അഭ്യസിച്ചു പ്രയോഗിക്കുന്ന രാഗതാളലയ പ്രധാനമായ നാദപ്രക്രിയയെ മാത്രമേ സംഗീതം എന്ന സാങ്കേതികപദത്തിൻ്റെ അർത്ഥപരിധിയിൽ ഉൾക്കൊള്ളിക്കുന്നുള്ളു. അതു മാത്രമേ കലാരൂപമാവൂ. ശാസ്ത്രീയ സമ്പ്രദായത്തിൽപ്പെടാത്ത എത്രയോ നാടൻഗാനങ്ങൾ നമ്മുടെയിടയിലുണ്ട്. അവയ്ക്കു ശാസ്ത്രീയമണ്ഡലത്തിൽ പീഠങ്ങളനുവദിച്ചിട്ടില്ല.” * (സ്വാമി ബ്രഹ്മവ്രതൻ)

ഭാരതത്തിലെ ശാസ്ത്രസംഗീതത്തിനു വേദങ്ങളോടൊപ്പമുള്ള പ്രാചീനത്വവുമുണ്ട്. സാമവേദം തന്നെ ഗാനപ്രധാനമാണല്ലോ. സംഗീതാദികലകളുടെ അടിസ്ഥാന തത്വങ്ങളെ പൂർവ്വികന്മാരായ നമ്മുടെ ശാസ്ത്രജ്ഞന്മാർ യഥാകാലം നിർണ്ണയിച്ചിട്ടുണ്ട്. അത്തരം കൃതികളിൽ ഭരതമുനിയുടെ നാട്യശാസ്ത്രം ഏറ്റവും മുന്നണിയിൽ നിലകൊള്ളുന്നു. നാരദൻ്റെ സംഗീതമകരന്ദം, ശാർങദേവൻ്റെ സംഗീതരത്നാകരം, വെങ്കിടമഹിയുടെ ചതുർദ്ദണ്ഡപ്രകാശിക തുടങ്ങിയവയും ആ ശാഖയിൽ പ്രമുഖ കൃതികൾതന്നെ.