പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

ഭാരതീയ സംഗീതത്തെ മാർ​ഗ്ഗം, ദേശി എന്നിങ്ങനെ രണ്ടിനമായി തിരിച്ചുകാണുന്നു. ദേവസംഗീതമാണത്രെ മാർഗ്ഗം. ബ്രഹ്മാദിദേവന്മാർ അതു കണ്ടുപിടിച്ചു. ഭരതാദിശിഷ്യന്മാർ അഭ്യസിച്ചു എന്നും മറ്റുമാണു് അതിനെപ്പറ്റിയുള്ള ഐതിഹ്യങ്ങൾ. ദേവസംഗീതം ഇന്നു പ്രചാരത്തിലില്ലെന്നുള്ളതു സ്പഷ്ടമാണു. ഇപ്പോൾ പ്രചാരത്തിലിരിക്കുന്നതു ദേശിസമ്പ്രദായത്തിലുള്ളതു മാത്രമാണു്. പതിമ്മൂന്നാം നൂറ്റാണ്ടോടുകൂടി അതു രണ്ട് ശാഖകളായി പിരിഞ്ഞു. ഉത്തരേന്ത്യനെന്നു പറയപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതവും ദക്ഷിണേന്ത്യൻ എന്നു പറയപ്പെടുന്ന കർണ്ണാടക സംഗീതവുമാണു് ആ രണ്ടു ശാഖകൾ. പേർഷ്യ, അറേബ്യ മുതലായ സ്ഥലങ്ങളിൽനിന്നു പ്രവേശിച്ച ഗായക പണ്ഡിതന്മാരുടെ പ്രേരണ നിമിത്തം. ഹിന്ദുസ്ഥാനി സംഗീതം ഒരു മിശ്രരീതിയെ പിന്നീടും അവലംബിക്കയുണ്ടായി. എന്നാൽ ദക്ഷിണേന്ത്യൻ സംഗീതമായ കണ്ണാടക സംഗീതം കലർപ്പറ്റതായിത്തന്നെ ഇന്നും നിലകൊള്ളുന്നു.

”1860-ൽ ആണെന്നു തോന്നുന്നു, വെങ്കിടമഹി ചതുർദ്ദണ്ഡപ്രകാശിക എന്ന കൃതിയിലൂടെ കർണ്ണാടക സംഗീതത്തിനു വ്യക്തമായ ഒരു ശാസ്ത്രരീതി നിർദ്ദേശിച്ചതു്. ഇന്നു നിലവിലിരിക്കുന്ന 72 മേളകർത്താജന്യ രാഗപദ്ധതികൾ ആസൂത്രണംചെയ്തത് വെങ്കിടമഹിയാണു്. അദ്ദേഹം നിർദ്ദേശിച്ച ശാസ്ത്രരീതികളെ അടിസ്ഥാനമാക്കി കർണ്ണാടക സംഗീതത്തെ ഉയർത്തിക്കൊണ്ടുവരുവാൻ യത്നിച്ചിട്ടുള്ളവരിൽ പ്രധാനികളായിട്ടുള്ളവർ ത്യാഗരാജൻ, ദീക്ഷിതർ, ശ്യാമശാസ്ത്രികൾ, സ്വാതിതിരുനാൾ, പുരന്ദരദാസൻ, അരുണാചലക്കവിരായർ, ഗോപാലകൃഷ്ണ ഭാരതി, ജയദേവർ മുതലായവരാണ്. ഇവരുടെയെല്ലാം പരിശ്രമഫലമായി കർണ്ണാടക സംഗീതം ശാസ്ത്രനിയമങ്ങളിലൂടെ വളർന്നു ദക്ഷിണേന്ത്യയിൽ അതിൻ്റേതായ ഒരു സാമ്രാജ്യംതന്നെ സൃഷ്ടിച്ചു. * (കവിയൂർ രേവമ്മ, സാഹിത്യപരിഷത്തു് വിശേഷാൽ പ്രതി, 19– 3, പേജ്. 149)