പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

ഗുരുവായൂരപ്പൻ എന്ന സിനിമയിലെ ഗാനങ്ങളിൽ ഭൂരിഭാഗവും ഒ. എൻ. വി. യുടേതാണു്. അവ ഭക്തിനിർഭരങ്ങളുമാണു്. ഒന്നുമാത്രം ഇവിടെ ഉദ്ധരിക്കാം:

ഈശ്വരൻ മനുഷ്യനായവതരിച്ചു
ഈ മണ്ണിൻ ദുഃഖങ്ങൾ സ്വയംവരിച്ചു
ഇരവും പകലും കരയും കടലും
ഇടചേർന്ന ജീവിതകളിയരംഗിൽ– ഈശ്വരൻ….
കർമ്മഫലങ്ങൾ പിന്തുടരുന്നൂ
കൈയ്പും മധുരവും പകരുന്നൂ
സംസാരനാടകം അജ്ഞാതം തുടരുന്നൂ
അരങ്ങുകൾമാത്രം മാറുന്നു– ഈശ്വരൻ…..
കാണികൾ നമ്മൾ എന്തറിയുന്നൂ
കണ്ണീർ മിഴികളെ മറയ്ക്കുന്നൂ
അലകടൽനടുവിലും അഖിലമനസ്സിലും
അണുവിലും പള്ളിയുറങ്ങുന്നൂ– ഈശ്വരൻ…
ഇരവും പകലും…. ഈശ്വരൻ….

ഇതിലെ തത്ത്വചിന്ത സാർവ്വജനീനമാകയാൽ കൂടുതൽ വശ്യമായും തീർന്നിരിക്കുന്നു. ‘പീലിപ്പൂമുടിചാർത്തി നില്ക്കുമഴകേ’ എന്ന ക്ലാസിക്കുഗാനം, കാവ്യരസം തുളുമ്പുന്ന ഒന്നുതന്നെ.