പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

ശ്രീകുമാരൻതമ്പി: കഴിഞ്ഞ അഞ്ചോ ആറോ വർഷങ്ങളായി മലയാള സിനിമാരംഗത്തു ഗാനനിർമ്മിതിയിൽ ഏർപ്പെട്ട് ഉത്തരോത്തരം ഉയർന്നുവരുന്ന ഒരു അനുഗൃഹീത കലാകാരനാണു് ഹരിപ്പാട്ട് ശ്രീകുമാരൻതമ്പി. അദ്ദേഹം മലയാളനാട്ടിൽനിന്നകന്നു മദിരാശിയിൽ ഒരു എൻജിനീയറായി സേവനമനുഷ്ഠിക്കയാണിപ്പോൾ. എങ്കിലും സ്വഭാഷയോടും സ്വന്തദേശത്തോടും അദ്ദേഹത്തിനുള്ള പ്രണയം അതിരറ്റതാണു്. നീലത്താമര, എൻജിനീയരുടെ വീണ തുടങ്ങിയ കവിതാസമാഹാരങ്ങളും, കുട്ടനാട്, കാക്കത്തമ്പുരാട്ടി തുടങ്ങിയ നോവലുകളും മറ്റനേകം കഥകളും, ദേശഭക്തിഗാനങ്ങളും ഇതിനകം എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത് അതിനു് ഒന്നാന്തരം തെളിവുകളാകുന്നു. തമ്പിയുടെ ഗാനങ്ങളെപ്പറ്റി മാത്രമാണു നാമിവിടെ ചിന്തിക്കുന്നത്. ആരൂഢയൗവനൻ എന്നു തികച്ചും പറയാറായിട്ടില്ലാത്ത 26-ാമത്തെ വയസ്സിൽ – 1966-ൽ – ഈ യുവാവു് സിനിമാ രംഗത്തേക്കു കടന്നുവന്നതായി കാണുന്നു. കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിൽ അമ്പതിലധികം മലയാളചിത്രങ്ങൾക്കുവേണ്ടി നാനൂറിൽപരം ഗാനങ്ങൾ അദ്ദേഹം എഴുതിക്കഴിഞ്ഞിരിക്കയാണു്. അവയിൽ എഴുപതോളം ഗാനങ്ങൾ, ഫിലിംഗാനങ്ങൾ എന്ന പേരിൽ പ്രത്യേകം പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. കേവലമൊരു പാട്ടെഴുത്തുകാരനല്ല, അദ്ദേഹമെന്നു് അദ്ദേഹത്തിൻ്റെ ഗാനങ്ങൾ ശരിയായി ആസ്വദിക്കുവാൻകഴിയുന്ന ഒരു അനുവാചകനു നിശ്ചയമായും ബോധ്യമാകും. തമ്പിയുടെ ഗാനങ്ങൾ കവിതാരസം നിറഞ്ഞുതുളുമ്പുന്നവയാണു്. വാച്യമായിട്ടു മാത്രമല്ല, വ്യംഗ്യമായിട്ടും, ശയ്യാപാകാദികൾക്കൊപ്പം ഗഹനഭാവവും അവയിൽ തുടുത്തു വിലസുന്നതായി കാണാം.