പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

ഇനി ചിലതിവിടെ ഉദ്ധരിക്കാം. ചിത്രമേളയിലെ ഒരു ഗാനമാണിത്:

മദംപൊട്ടിച്ചിരിക്കുന്ന മാനം– മനംപൊട്ടിക്കരയുന്ന ഭൂമി
ഇടയിൽപ്പെട്ടിരതേടി പിടയുന്നു പ്രാണൻ
എവിടെയോ മറയുന്നു ദൈവം– മദംപൊട്ടി…..
ഇത്തിരി തലചായ്ക്കാനീ മരുഭൂമിയിൽ
ഈന്തപ്പനനിഴലില്ലാ
ഒട്ടുദൂരം പോകാൻ ചുമടൊന്നു താങ്ങാൻ
ഒട്ടകക്കൂട്ടവുമില്ലാ– മദംപൊട്ടി….
കരയുവാൻ കൺകളിൽ കണ്ണുനീരില്ലാത്ത
കളിമരപ്പാവകൾ ഞങ്ങൾ
കാലമാം മാന്ത്രികൻ ഹോമത്തിനെഴുതിയ
കരിമഷിക്കോലങ്ങൾ ഞങ്ങൾ– മദംപൊട്ടി….

എത്രയോ ഹൃദ്യമായ ഒരു ഗാനം! സുലളിതമെങ്കിലും ഭാവോന്നതമായ ഒരു ഗാനം!