സിനിമാഗാനങ്ങൾ
കർണ്ണാടക സംഗീതം നമ്മുടെ ഭാഷയിലും സാഹിത്യത്തിലും ചെലുത്തിയിട്ടുള്ള സ്വാധീനം ഈയവസരത്തിൽ പ്രത്യേകം പ്രസ്താവയോഗ്യമാണു്. ശാസ്ത്രീയസംഗീതത്തിൽ അന്തർലീനമായിരിക്കുന്ന ശുദ്ധസൗന്ദര്യവും ഭാവപ്രഭാവവും കണ്ടറിഞ്ഞു വേണ്ടപോലെ ആസ്വദിക്കുന്നതിനു് അതിൽ പരിജ്ഞാനമുള്ളവർക്കേ സാദ്ധ്യമാവൂ. സാധാരണന്മാരെ സംബന്ധിച്ചിടത്തോളം അവരെ ആനന്ദിപ്പിക്കുവാൻ ലളിത ഗാനങ്ങളാണു് ഏറ്റവും സഹായകമായിത്തീരുക. മലയാളഭാഷയിലുള്ള ഗാനങ്ങളിൽ അധിക ഭാഗവും അത്തരത്തിലുള്ളവയാണു്. ഈ വിഷയത്തെ സംബന്ധിച്ചു് ആധികാരികമായി പറയുവാൻ കഴിവുള്ള ഒരു പണ്ഡിതൻ്റെ അഭിപ്രായംതന്നെ ഇവിടെ ഉദ്ധരിക്കാം:
”കേരളത്തിൻ്റെ ഭാവഗീതങ്ങളായ തിരുവാതിരക്കളി, കഥകളി, വീരഗാഥകളായ വടക്കൻ പാട്ടുകൾ, നാടോടിഗാനങ്ങൾ മുതലായവയിലെല്ലാം തന്നെ ഈ ശാസ്ത്രീയസംഗീതത്തിൻ്റെ സ്വാധീനം വളരെയധികം ഉണ്ടെന്നു കാണാൻ കഴിയും. നീലാംബരി, ആനന്ദഭൈരവി, സുരുട്ടി, ആരഭി തുടങ്ങിയ ശാസ്ത്രീയരാഗങ്ങളുടെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ളവയാണു് കഥകളിപ്പാട്ടുകളും തിരുവാതിരപ്പാട്ടുകളുമെല്ലാം. കർഷക ഗാനങ്ങളിലും നാടോടി ഗാനങ്ങളിലുമെല്ലാം ശാസ്ത്രീയ സംഗീതത്തിൻ്റെ സ്വാധീനം നമ്മുടെ ഭാഷയ്ക്കുള്ളതുപോലെ മറ്റൊരു ഭാഷയ്ക്കുമില്ലെന്നുള്ളതു് അവിതർക്കിതമണ്. നമ്മുടെ ജീവിതവും സംസ്കാരവുമായി കർണ്ണാടക ശാസ്ത്രീയസംഗീതം അത്രകണ്ട് അഭേദ്യമായൊരു ബന്ധമാണു പുലർത്തുന്നത്.”
