സിനിമാഗാനങ്ങൾ
പ്രിയയിലെ ഒരു ഗാനമാണു് താഴെ ഉദ്ധരിക്കുന്നതു്:
കണ്ണിനു കണ്ണായ കണ്ണാ–എന്നും
ഗുരുവായൂർ വാഴും താമരക്കണ്ണാ
കണ്ണിനു കണ്ണാ കണ്ണാ–കണ്ണിനു….
ഈരേഴുലോകവും നിന്നെക്കാണാൻ–ഇരവും പകലും തേടുന്നു
മഴമുകിൽ വർണ്ണാ, നിന്നുടൽ കാണാൻ–മനസ്സിനു കണ്ണുകൾ നൽകൂ നീ
മനസ്സിനു കണ്ണുകൾ നൽകൂ നീ–കണ്ണിനു….
മുരളികയാലൊരു തേന്മഴ ചൊരിയൂ
മുരഹര, നീയെൻ്റെ ഹൃദയത്തിൽ
പകരം ഞാനെൻ്റെ ജീവിതമാലിക
ചാർത്താം നിൻ തിരുമാറിടത്തിൽ
ചാർത്താം നിൻ തിരുമാറിടത്തിൽ– കണ്ണിനു….
ഭക്തിസംവർദ്ധകമായ ഒന്നാംതരം ഗാനമാണിത്. പ്രിയയിലെ മറ്റൊരു ഗാനം കൂടി ഉദ്ധരിച്ചുകൊള്ളട്ടെ:
കണ്ണൊന്നു തുറക്കൂ ദീപങ്ങളെ–
മണ്ണിലിറങ്ങിയ താരങ്ങളെ
കനകനിലാവിൻ പൈതങ്ങളെ–
കാർത്തികരാവിൻ പുളകങ്ങളെ– കണ്ണൊന്നു….
