പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

‘ആരും മയങ്ങുമാറാരുമുറങ്ങു–റാരോമൽ നൃത്തം നടത്തി
തൻകടക്കണ്ണെറിഞ്ഞോരോ യുവാവിലു–മുൽക്കടകാമം വളർത്തി.’

ഇങ്ങനെ ലൈംഗികാസക്തി ജനിപ്പിക്കുന്ന രംഗങ്ങൾ, നഗ്നനൃത്തങ്ങൾ തുടങ്ങിയവയെല്ലാം മുന്നിലിരിക്കുന്ന ഭൂരിപക്ഷത്തിൻ്റെ സംതൃപ്തിക്കു കാരണമായിത്തീരുന്നു. സിനിമ വിജയിക്കുകയും ചെയ്യുന്നു. പക്ഷേ, ജനസമുദായം സാന്മാർഗ്ഗികമായും സാംസ്കാരികമായും പാതാളത്തിലേക്കു പതിക്കുന്നു എന്നുള്ളത് ഇവിടെ ആരും ശ്രദ്ധിക്കുന്നില്ല. ക്ഷുദ്രഭാവങ്ങളുടെ ഉത്തേജനമല്ല, ക്ഷുബ്ധ ങ്ങളായ സമസ്തഭാവങ്ങളുടേയും പ്രശമനമാണു കലാലക്ഷ്യമെന്ന് ആരുണ്ടിവിടെ ഓർമ്മിപ്പിക്കുവാൻ? അല്ലെങ്കിലെന്തിനു്, ഇത്തരം കാര്യങ്ങൾ ഇന്നൊരു പ്രശ്നമേയല്ല. ജീവിതത്തിൻ്റെ മറ്റെല്ലാ മണ്ഡലങ്ങളിലും അക്രമവും അസമാധാനവും അതുപോലെയുള്ള മറ്റു പലതും കലയായി വളർത്തിക്കൊണ്ടുവരുന്നു. ആ സ്ഥിതിക്ക് ഇവിടെ മാത്രം കുറ്റം പറഞ്ഞിട്ടെന്തുകാര്യം? ഇടയ്ക്കുവന്ന ഈ അപ്രകൃതം ഇവിടെ നില്ക്കട്ടെ.

സിനിമയിൽ ജീവിതമോ ജീവിതത്തിൻ്റെ ഭാഗമോ ആണല്ലോ നാം കാണുന്നത്. സ്വകപോലകല്പിതങ്ങളായ ഇതിവൃത്തങ്ങൾ ഇന്നു ചുരുങ്ങിയിരിക്കുകയാണു്. നിലവിലുള്ളതും പഴയതുമായ പലതരം നോവലുകളും കഥകളും നാടകങ്ങളും കാവ്യങ്ങളും പുരാണങ്ങളും മറ്റുമാണ് സിനിമയുടെ അസ്തിവാരമായി നിലകൊള്ളുന്നതു്. ഒരുവിധത്തിൽ അതു നല്ലതുതന്നെ. എന്തുകൊണ്ടെന്നാൽ, നോവലോ, ചെറുകഥയോ, നാടകമോ, കാവ്യമോ, പുരാണമോ ഒന്നും വായിക്കാതെതന്നെ അവയിലെ ഏതാനും ഭാഗമെങ്കിലും മനസ്സിലാക്കുന്നതിനും ആസ്വദിക്കുന്നതിനും സാധാരണക്കാരും നിരക്ഷരരുമായ രംഗവാസികൾക്കുകൂടി സാധിക്കുന്നു. ഉന്നതമായ ലക്ഷ്യബോധമുള്ള ഒരു ഇതിവൃത്തമായിരുന്നാൽ അതു ജനങ്ങളുടെ സാംസ്കാരിക വളർച്ചയ്ക്കു സ്വയം പ്രേരകമായിത്തീരുകയും ചെയ്യും. ജനലക്ഷങ്ങളുടെ അഭിരുചിയെ കണക്കിലെടുക്കുന്നതോടൊപ്പം, ഓരോ ചിത്രത്തിലേയും നല്ലനല്ല അംശത്തെ ഉയർത്തിക്കൊണ്ടുവരിക എന്ന ഒരു ഉൾക്കാഴ്ചയും സിനിമാ വ്യാപാരികളിലും നിർമ്മാതാക്കളിലും വേരൂന്നിയിരുന്നാൽ, ഇന്നല്ലെങ്കിൽ നാളെ അതു ശാപത്തിനു പകരം അനുഗ്രഹമായിത്തീരുമെന്നുള്ളതിൽ സംശയമില്ല.