പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

“പ്രചാരം സിദ്ധിച്ചിട്ടുള്ള നമ്മുടെ സിനിമാഗാനങ്ങളും നാടകഗാനങ്ങളും മറ്റു ലളിതഗാനങ്ങളും കർണ്ണാടക ശാസ്ത്രീയസംഗീതത്തേക്കാൾ ജനങ്ങളിഷ്ടപ്പെടുന്നതായി പറയുന്നു. എന്നാൽ അവരേററം ഇഷ്ടപ്പെടുന്ന ഇത്തരം ഗാനങ്ങളെല്ലാം കർണ്ണാടക ശാസ്ത്രീയസംഗീതത്തിലെ മനോഹരമായ ഗാനങ്ങൾ സമഞ്ജസമായി സമന്വയിപ്പിച്ചു ചിട്ടപ്പെടുത്തിയിട്ടുള്ളവയാണെന്നു സൂക്ഷ്മദൃക്കുകൾക്കു കാണാൻ കഴിയും. ശാസ്ത്രീയ രാഗങ്ങൾ ആസ്വാദ്യങ്ങളല്ല എന്നു പുച്ഛിച്ചുതള്ളുന്നവർ ഈ സത്യം മനസ്സിലാക്കുന്നില്ല ശാസ്ത്രീയ രാഗങ്ങളോടു വിമുഖത കാണിക്കുകയും അതേസമയം അതേ രാഗങ്ങളെ സമന്വയിപ്പിച്ച് ഈണം നല്ലിയിട്ടുള്ള ഗാനങ്ങളെ ആഹ്ലാദത്തോടെ സ്വീകരിക്കുകയും ചെയ്യുന്ന ഒരു വിരോധാഭാസമാണിന്നു കാണാൻ കഴിയുന്നതു്. നമ്മുടെ മലയാള സിനിമാസംഗീതത്തിൻ്റെ ഉള്ളിലേക്കു കടന്നു ചിന്തിച്ചാൽ മറ്റൊരു വസ്തുത ബോധ്യമാകും.”

“ഏതാണ്ടൊരു ദശാബ്ദത്തിനു മുമ്പുവരെയുള്ള നമ്മുടെ സിനിമാ സംഗീതം വെറും അനുകരണഭ്രമം മാത്രമായിരുന്നു കാഴ്ചവെച്ചിരുന്നത്. മറ്റു ഭാഷാചിത്രങ്ങളിലെ ഗാനശൈലി അതേപടി കടമെടുത്തുവരുന്ന ഒരു സമ്പ്രദായമായിരുന്നു അന്നു കാണപ്പെട്ടിരുന്നത്. എന്നാൽ കർണ്ണാടക സംഗീത ശാസ്ത്രപ്രിയരും പ്രഗത്ഭരുമായ പുതിയ പുതിയ സംഗീത സംവിധായക പ്രതിഭകൾ ആ രംഗത്തേക്കു കടന്നു പരീക്ഷണങ്ങളും പരിവർത്തനങ്ങളും വരുത്തിത്തുടങ്ങിയപ്പോൾ ആ സ്ഥിതി മാറി. വികാരത്തിൻ്റെ ആത്മാവും ഭാഷയുമാണു് സംഗീതം. അതു മനസ്സിലാക്കി സന്ദർഭങ്ങളനുസരിച്ചു ബോധപൂർവ്വം രാഗങ്ങൾ തിരഞ്ഞെടുത്ത് ഔചിത്യപൂർവ്വം സമന്വയിപ്പിച്ചു മനോഹരങ്ങളായ കവിതകൾക്കു് ഈണം നല്കി അനുഗൃഹീത നാദബ്രഹ്മങ്ങളിൽക്കൂടി അതാലപിക്കാൻ തുടങ്ങിയപ്പോൾ നമ്മുടെ സിനിമാ സംഗീതത്തിൻ്റെ മുഖച്ഛായതന്നെ മാറി. പുതിയ ഒരു സംഗീത ശൈലിതന്നെ നമുക്കു സ്വായത്തമായി. ഇതര ഭാഷാചിത്രങ്ങളെ അപേക്ഷിച്ച് വളരെയധികം സമ്പന്നമായ ഒരു സംഗീതശൈലി മലയാള സിനിമാ സംഗീതത്തിനുണ്ടാകാൻ കാരണം ഈ രംഗത്തേക്കു കടന്നുവന്ന ഇത്തരം പ്രതിഭാധനരായ സംഗീത സംവിധായകരുടെ ഔചിത്യപൂർവ്വമായ പരീക്ഷണങ്ങളും സംഭാവനകളുമല്ലാതെ മറ്റൊന്നല്ല.” * (എൽ. പി. ആർ. വർമ്മ, ജനയുഗം ഓണം വിശേഷാൽപ്രതി, 1972, പേജ് 241, 242)