പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

സിനിമ കണ്ടു പുറത്തിറങ്ങുന്ന യുവജനങ്ങളുടെ ഉള്ളിലും ചുണ്ടിലുംനിന്നു മുഖരിതമാകുന്ന ചില സുന്ദര ശബ്ദങ്ങൾ നാം കേൾക്കാറുണ്ട്. സിനിമാദർശനാവസരത്തിൽ അവരുടെ ഉള്ളിൽത്തട്ടിയ ചില ഗാനങ്ങളാണവ. വാസ്തവത്തിൽ, നൃത്തവേളയിലോ, നടീനടന്മാരുടെ വികാരവായ്പിലോ ആവിഷ്കരിക്കപ്പെടുന്ന ചിന്താബന്ധുരങ്ങളായ ചില മോഹനഗാനങ്ങളാണവ. പിന്നണിഗായകന്മാർ അവ ഉൽഗാനം ചെയ്യുന്നതിൻ്റെ അനുരണനം നമ്മുടെ ഹൃദയത്തിലും തട്ടി മുഴങ്ങുകയായി. സിനിമ നശിച്ചാലും അത്തരം ഗാനങ്ങളുടെ മാറ്റൊലി ആ അന്തരീക്ഷത്തിലും, നമ്മുടെ ഹൃദയത്തിലും പകർന്നുകൊണ്ടിരിക്കുന്നു. അനേകലക്ഷം ഹൃദയങ്ങളെ ശുദ്ധിപ്പെടുത്തുകയോ ശക്തിപ്പെടുത്തുകയോ സമാശ്വസിപ്പിക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നത് അത്തരം ചില ഗാനങ്ങളാണു്. ഈ പരമാർത്ഥം ആദരിച്ചു ചിന്തിക്കുമ്പോൾ ജനഹൃദയങ്ങളിൽ അവസാനം അവശേഷിക്കുന്നത് ഏതാനും ഗാനങ്ങൾ മാത്രമാണെന്നു കാണാം. നഗ്നമായ ഈ സത്യം നമ്മുടെ ഗാനരചയിതാക്കൾ മനസ്സിലാക്കുകയും ദീഘദൃഷ്ടിയോടുകൂടി സ്വകൃത്യം നിർവ്വഹിക്കുകയും ചെയ്യേണ്ടതു് എത്രയും ആവശ്യമാണു്. കവിതയേക്കാളും ഗാനങ്ങളായിരിക്കും ജനസമൂഹത്തിൽ പെട്ടെന്നു പ്രചരിക്കുക.

ഒരു കാലത്തു ഭാഗ്യവാന്മാരായ ഒരു ജനസമൂഹത്തെ നമ്മുടെ നാട്ടിൽ മണിപ്രവാളകൃതികൾ രസിപ്പിച്ചുകൊണ്ടിരുന്നു. ആധുനിക വിദ്യാഭ്യാസത്തിൻ്റെ പ്രചാരത്തോടുകൂടി ആ നിലയ്ക്കു മാറ്റംവന്നുതുടങ്ങി. ഭാവഗാനങ്ങളായി സഹൃദയരെ കൂടുതൽ ആകർഷിക്കുവാൻ തുടങ്ങിയതു്. അങ്ങനെ വിവിധ രൂപങ്ങളിലുള്ള ഒട്ടേറെ ഭാവഗാനങ്ങൾ ഭാഷയിൽ ഉടലെടുത്തു. എന്നാൽ അവയിൽ പലതും ഇപ്പോൾ ലുപ്തപ്രചാരങ്ങളായിത്തീരുകയാണു്. സാമാന്യജനങ്ങളുടെ, വിശേഷിച്ചു യുവതീയുവാക്കന്മാരുടെ ശ്രദ്ധ ഇന്നു് മുമ്പറഞ്ഞതരത്തിലുള്ള സിനിമാഗാനങ്ങളിലേക്കാണു തിരിഞ്ഞുകൊണ്ടിരിക്കുന്നത്. ആസന്നഭാവിയിൽ ജനകീയമായിത്തീരാവുന്ന ഒരു കാവ്യശാഖതന്നെയായിരിക്കും ഇത്തരം ഗാനങ്ങൾ. അതിനാൽ വിവിധ രസഭാവങ്ങളുടെ ആവിഷ്കാരങ്ങളായ അനവധി ഗാനങ്ങൾ ഇവിടെ ഉടലെടുക്കേണ്ടിയിരിക്കുന്നു. കവിതയിലെന്നപോലെ പ്രാസഭംഗി, അർത്ഥചാരുത, അലങ്കാരകല്പന മുതലായ വൈചിത്ര്യങ്ങൾ ഇവിടെയും ശ്രദ്ധാപൂർവ്വം നിർവ്വഹിക്കേണ്ടതുണ്ട്. അതോടൊപ്പം യഥാഭാവ്യമായ ഒരു ലോകത്തെ കെട്ടിപ്പടുക്കുന്നതിനു സർവ്വഥാ പ്രചോദനമരുളുന്ന സുന്ദരങ്ങളായ ആശയങ്ങളും ജനഹൃദയങ്ങളിൽ പകരുമാറാകണം.