സിനിമാഗാനങ്ങൾ
മാപ്പിളപ്പാട്ടുകളും ക്രിസ്തീയ ഗാനങ്ങളും ഹൈന്ദവഗീതങ്ങളുമെല്ലാം അലിഞ്ഞുചേർന്നിട്ടുള്ള സിനിമാഗാനങ്ങൾ സർവ്വജന സമുദായങ്ങളും പാടിവരുന്നതുകൊണ്ട് സാംസ്ക്കാരികവും സാമൂഹ്യവുമായ ഉൽഗ്രഥനത്തിനു് ഇതര കലാപ്രവർത്തനങ്ങളേക്കാൾ ഇത്തരം ഗാനങ്ങൾ കൂടുതൽ ശക്തങ്ങളായിത്തീർന്നിരി ക്കയാണു. നമ്മുടെ യുവതീയുവാക്കന്മാരുടെ കുസുമാധരങ്ങളിൽ മുരണ്ടുനടക്കുന്ന വണ്ടുകളായിത്തീർന്നിരിക്കയാണു് ഇന്നു സിനിമാഗാനങ്ങൾ. പ്രസ്തുത ഗാനങ്ങൾ ആലപിക്കാത്ത ഒരു സംഗീത സദസ്സോ, ഗാനവേദിയോ, സമ്മേളനമോ ഏതെങ്കിലുമുണ്ടോ എന്നു സംശയമാണ്. കേരളത്തിലെ പ്രക്ഷേപണ കേന്ദ്രങ്ങളിലും ഗ്രാമഫോൺ റിക്കാർഡ് മുതലായവയിലുമെല്ലാം തന്നെ ചലച്ചിത്രഗാനങ്ങൾ സാധാരണ പരിപാടികളായിത്തീർന്നു കഴിഞ്ഞിരിക്കുന്നു. ഇതെല്ലാം ആരോഗ്യകരമായ ഒരു പരിവത്തനംതന്നെ; സംശയമില്ല. ഭാവിയിൽ സർവ്വജനസഞ്ചാരയോഗ്യവും ജീവിതാനന്ദകരവുമായ ഒരു വിസ്തീർണശൃംഗാടകമായിത്തീരണം നമ്മുടെ സിനിമാഗാനങ്ങൾ.
നമ്മുടെ സുകൃതപരിപാകം കൊണ്ട് എന്നുതന്നെ പറയട്ടെ, ഗാനരചനയ്ക്കു കഴിവും കവിഹൃദയവുമുള്ള ഏതാനും പ്രതിഭാപ്രഭാവന്മാർ ഇന്നു നമ്മുടെയിടയിൽ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. അവരിൽ പലരും സംഗീതരചനയിലും സാഹിത്യ നിർമ്മിതിയിലും ഒരുപോലെ വിദഗ്ദ്ധരാണെന്നുള്ളതും പ്രസ്താവയോഗ്യമാണു്. ശബ്ദാർത്ഥങ്ങളുടെ അന്യോന്യരഞ്ജിതമായ മേളനമാണ് തങ്ങളുടെ ഗാനങ്ങളെ നിലനിറുത്തുന്നതെന്നുള്ള പരമാർത്ഥം അവരിൽ പലർക്കും അനുഭവംകൊണ്ടു ബോദ്ധ്യമായിട്ടുള്ളതുമാണു്. വിശേഷിച്ചും നാദത്തെ സ്വീകരിക്കുന്നതായ സ്വരവും സ്വരത്തെ സഞ്ചരിപ്പിക്കുന്നതായ രാഗവും, ശബ്ദസഞ്ചയത്തെ ആശ്രയിച്ചിരിക്കുന്നു എന്ന രഹസ്യം അവർക്കു നിശ്ചയമില്ലാത്തതുമല്ല. സുലളിതപദവിന്യാസം, അത്തരത്തിലുള്ള ശബ്ദസഞ്ചയമാണു് ഗാനങ്ങളിലേക്കു് ആരെയും അതിവേഗം ആകർഷിക്കുന്നതെന്നുള്ള യാഥാർത്ഥ്യവും നമ്മുടെ ഗാനരചയിതാക്കൾക്ക് അജ്ഞാതമല്ല. ആ വിഷയത്തിൽ നമ്മുടെ സിനിമാഗാനനിർമ്മാതാക്കളിൽ പലരും കൃതഹസ്തരുമാണു്. ഈ പരിതഃസ്ഥിതിയിൽ നമ്മുടെ സിനിമാഗാനങ്ങളുടെ പുരോഗതിയെപ്പറ്റി സംശയിക്കുവാനില്ല. ഭാവി സർവ്വപ്രകാരേണയും ഭദ്രമായിത്തീരുമെന്നുതന്നെ നമുക്കു പ്രത്യാശിക്കാം.
