സിനിമാഗാനങ്ങൾ
ഈയവസരത്തിൽ ഇതിനോടനുബന്ധിച്ചുള്ള മറ്റൊരു കാര്യംകൂടി അനുസ്മ രിച്ചുകൊള്ളട്ടെ. സിനിമാഗാനങ്ങൾക്കു പിന്നിൽ, ഗാനരചയിതാവു്, സംഗീത സംവിധായകൻ, ഗായകൻ ഈ മൂന്നു വ്യത്യസ്ത പ്രതിഭകളാണു് സമ്മേളിച്ചു പ്രവർത്തിക്കുന്നത്. അവരിൽ ഗാനരചയിതാവിനെപ്പറ്റി നാം ചിലതു പറഞ്ഞുകഴിഞ്ഞു. ബാക്കിയുള്ള രണ്ടു ഘടകങ്ങളാണു്, സംവിധായകനും പിന്നണിഗായകനും. സംവിധായകരെപ്പറ്റി പറയുമ്പോൾ ജി. ദേവരാജ്, വി. ദക്ഷിണാമൂർത്തി, എം. എസ്. ബാബുരാജ്, എൽ. പി. ആർ. വർമ്മ, എം. ബി. ശ്രീനിവാസൻ, ചിദംബരനാഥ്, പുകഴേന്തി തുടങ്ങിയ ചില പേരുകൾ നാം ഉടനെ സ്മരിച്ചു എന്നുവരാം. വാസ്തവത്തിൽ അവരാണു സന്ദർഭോചിതമായി രാഗവും താളവും മറ്റും നിർണ്ണയിച്ചു ഗാനങ്ങൾ സംവിധാനം ചെയ്യുന്നത്. അവരേക്കാൾ ഒട്ടും അപ്രധാനരല്ലാത്ത – ഒരുപക്ഷേ, അവരേക്കാളേറെ പേരും പെരുമയുമാർജ്ജിച്ച – മറ്റുചിലരും നമ്മുടെ സ്മരണമണ്ഡലത്തിൽ വന്നുചേരുന്നു. അവർ മറ്റാരുമല്ല, പിന്നണിഗായകർ. യഥാർത്ഥത്തിൽ പിന്നണിയിൽ വർത്തിക്കുന്ന ആ വ്യക്തിയോ സമൂഹമോ ആണു്, സംവിധായകൻ നിർണ്ണയിക്കുന്ന രാഗതാളങ്ങൾ കലർത്തി ഗാനങ്ങൾക്ക് ഈണംവെപ്പിച്ച് ജീവനുള്ളവയാക്കി ആസ്വാദകരുടെ ഇടയിലേക്കു പകർന്നുകൊടുക്കുന്നത്. അവരിൽ പലരും ശാസ്ത്രീയ സംഗീതത്തിലും ലളിതഗാനങ്ങളിലും മറ്റും സുശിക്ഷിതരുമാണു്. പിന്നണിഗായകരുടെ ഗണനാപ്രസംഗത്തിൽ ഗാനഗന്ധർവ്വനായ യേശുദാസിനെ ഇന്നു് ആരും ആദ്യം സ്മരിച്ചുപോകും. അതുപോലെതന്നെ പി. ലീല, എസ്. ജാനകി, സുശീല, വസന്ത, ജയചന്ദ്രൻ, കമുകറ പുരുഷോത്തമൻ, മാധുരി, ഏ. പി. കോമള, എൽ. ആർ. ഈശ്വരി, ശാന്താ പി. നായർ, ഏ.എം. രാജാ, എം. ജി. രാധാകൃഷ്ണൻ മുതലായ മറ്റു ഗായകരേയും നാം സ്മരിച്ചുവെന്നുവരും. ഇവരുടെ അധരോഷ്ഠങ്ങളിൽക്കൂടിയാണ്, ഈ അദ്ധ്യായത്തിൻ്റെ ആരംഭത്തിൽ പ്രസ്താവിച്ച വിധത്തിലുള്ള കർണ്ണാടകസംഗീതത്തിൻ്റെ മാറ്റും നിറവും രസവും നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതു്.