സിനിമാഗാനങ്ങൾ
നമ്മുടെ സിനിമാഗാനങ്ങളിൽ നല്ലൊരു ഭാഗം അർദ്ധ-ക്ലാസ്സിക്കൽ സംഗീത മാണെന്നുള്ളതു് പ്രസ്താവയോഗ്യമാകുന്നു. ക്ലാസ്സിക്കൽ സംഗീതവും ലളിതഗാനങ്ങളും നാടൻപാട്ടുകളും എല്ലാംതന്നെ ഈ പിന്നണിഗായകർ തികഞ്ഞ ഭാവഭംഗിയോടും തന്മയത്വത്തോടും കൂടി അവതരിപ്പിക്കുമ്പോൾ അവയുടെ ചലനം – ഭാവ പ്രകാശനം – നടീനടന്മാരിലും സംക്രമിക്കുന്നു. ഗാനം രചിക്കുന്ന കവിഹൃദയത്തിൻ്റെ അഗാധതയിലോളം കടന്നുചെന്നു ഓരോ പദത്തിൻ്റേയും അർത്ഥവ്യാപ്തി മനസ്സിലാക്കി പാടുവാനും, സംഗീത സംവിധായകൻ്റെ സങ്കല്പത്തിലുള്ള ഗാനസാന്ദ്രതയിലേക്ക് ആ ഈരടികളെ പാടി ലയിപ്പിക്കുവാനുമുള്ള ഇവരുടെ അന്യാദൃശമായ കഴിവിനെ നാം അഭിനന്ദനപൂർവ്വം സ്മരിക്കേണ്ടിയിരിക്കുന്നു. മനോഹരമായ ഭാവഭംഗിയോടും താളലയത്തോടും കൂടി ഈ പിന്നണിഗായകർ ഓരോ ഈരടിയും ഉൽഗാനം ചെയ്യുമ്പോൾ, ആ പാട്ടിൻ്റെ ചലനം നടീനടന്മാരിൽ പകരുകയും അതിന്നനുസരിച്ചുള്ള ഭാവസ്ഫുരണം അവരിൽ വന്നുചേരുകയും ചെയ്യുന്നു. രംഗവാസികളുടെ ഹൃദയത്തിലും അത്തരം ഗാനങ്ങളുടെ അനുരണനം അലതല്ലുന്നു. ഏവംവിധം കാഴ്ചക്കാരും കേൾവിക്കാരുമായ ജനസഞ്ചയത്തിൻ്റെ അന്തരാത്മാവിൽ ചില ചില ചലനങ്ങൾ ഉണ്ടാക്കുവാൻ കഴിയുന്നതോടുകൂടി ആ ഗാനം സിനിമയിൽ വിജയിക്കുകയായി; ജനതയിൽ ജീവിക്കുകയായി. ഗാനരചയിതാവിൻ്റെയും സംവിധായകൻ്റെയും ഗായകൻ്റെയും വ്യത്യസ്തപ്രതിഭകൾ ത്രിവേണീസംഗമംപോലെ അന്യോന്യരഞ്ജിതമായി മേളിച്ചു വിജയിച്ചരുളുകയും ചെയ്യുന്നു.
