സിനിമാഗാനങ്ങൾ
ഇങ്ങനെ കേരളത്തിലെ ചലച്ചിത്ര വ്യവസായം മറുനാട്ടുകാരുടെ ആധിപത്യത്തിൽ കഴിഞ്ഞുകൂടിയിരുന്ന അവസരത്തിലാണു്, പരേതനായ കെ. വി. കോശി ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനി എന്ന പേരിൽ ഒരു ചലച്ചിത്ര വിതരണ സ്ഥാപനം കേരളത്തിൽ ആദ്യമായി ആരംഭിച്ചത്. പിന്നീട്, ആർട്ടിസ്റ്റ് പി. ജെ. ചെറിയാൻ്റേയും എസ്. പി. വിൻസെൻ്റിൻ്റേയും നേതൃത്വത്തിൽ കേരള ടോക്കീസ് എന്നൊരു സ്ഥാപനം 1948-ൽ എറണാകുളത്തു് ഉടലെടുത്തു. അതിൽ നിന്നു നിർമ്മല എന്നൊരു മലയാളചലച്ചിത്രം പ്രദർശിപ്പിക്കയുണ്ടായി. ഇങ്ങനെയൊക്കെയാണെങ്കിലും പ്രസ്തുത സ്ഥാപനങ്ങളൊന്നും വിജയപ്രദമായി കലാശിച്ചില്ല. ഇക്കാലംവരെ കേരളത്തിലെ സിനിമാ നിർമ്മാണം മറു നാട്ടുകാരുടെ ആധിപത്യത്തിൽത്തന്നെയാണു നടന്നുവന്നത്.
പി. ജെ. ചെറിയാൻ്റെ കേരള ടോക്കീസ് പരാജയത്തിൽ എത്തിച്ചേർന്ന വർഷത്തിൽ ത്തന്നെ – 1948-ൽത്തന്നെ – കുഞ്ചാക്കോയും ആലപ്പി വിൻസെൻ്റും ചേർന്നു് ഉദയാ സ്റ്റുഡിയോ സ്ഥാപിച്ചു. ആ സ്ഥാപനത്തിൻ്റെ പ്രവർത്തനത്തോടുകൂടിയാണു് മലയാളസിനിമയുടെ ശരിയായ വളർച്ച നാം കണ്ടുതുടങ്ങുന്നതു്. കുട്ടനാട്ടു രാമകൃഷ്ണപിള്ള എഴുതിയ വെള്ളിനക്ഷത്രമാണു് ഉദയായിൽ നിർമ്മിച്ച ആദ്യത്തെ ചലച്ചിത്രം. ആ വെള്ളിനക്ഷത്രത്തിലൂടെയാണ്, മറ്റൊരു വെള്ളിനക്ഷത്രം എന്നു പറയാവുന്ന മിസ് കുമാരി സിനിമാതാരമായി ഉയരാൻ തുടങ്ങിയതും. 1949-ലായിരുന്നു, ആ വെള്ളിനക്ഷത്രം തിരശ്ശീലയിൽ വന്നതു്. മലയാള സിനിമാരംഗത്തെ ഗാനരചയിതാവായി ആരംഭഘട്ടത്തിൽ ഉയർന്ന അഭയദേവിൻ്റെ തിരപ്പുറപ്പാടും പ്രസ്തുത വെള്ളിനക്ഷത്രത്തിൽക്കൂടിയായിരുന്നുവെന്നും പ്രത്യേകം പറയേണ്ടതുണ്ട്. 1951-ൽ ഉദയാസ്റ്റുഡിയോവിൽനിന്നു പുറപ്പെട്ട ജീവിതനൗകയുടെ കാലമായപ്പോഴേക്കും മലയാള സിനിമയുടെ ഒരു വേലിയറ്റംതന്നെ ആരംഭിച്ചുകഴിഞ്ഞു എന്നു പറയാം. അനന്തരചരിത്രം ഇവിടെ കുറിക്കേണ്ടതില്ല. * (കൂടുതൽ അറിയണമെന്നുള്ളവർ ‘ഭാഷാഗദ്യസാഹിത്യചരിത്രം’, 1970-ലെ “മലയാളസിനിമാ ഡയറക്ടറി’ എന്നിവ നോക്കുക.) എന്നാൽ ഒരുകാര്യം ഓർക്കുന്നതു നന്നായിരിക്കും.
