സിനിമാഗാനങ്ങൾ
അഭയദേവു്: മലയാള സിനിമാരംഗത്തെ ആദ്യഘട്ടത്തിലെ പ്രമുഖ ഗാനരചയിതാവ് അഭയദേവാണെന്നു പ്രസ്താവിച്ചുവല്ലോ. 1941-ൽ പുറപ്പെട്ട പ്രഹ്ലാദൻ എന്ന ചിത്രത്തിനു ഗാനങ്ങൾ നിർമ്മിച്ച കിളിമാനൂർ മാധവവാര്യരെ ഇവിടെ വിസ്മരിക്കുന്നതായി വിചാരിച്ചുപോകരുത്; അതുപോലെതന്നെ 1948-ൽ പ്രദർശിപ്പിച്ച നിർമ്മല എന്ന ചിത്രത്തിനു ഗാനങ്ങൾ രചിച്ച ജി. ശങ്കരക്കുറുപ്പിനേയും. ഇവ ഓരോന്നും താല്ക്കാലികമായ സംഭവങ്ങൾ മാത്രമാകയാൽ പ്രത്യേകം എടുത്തു പറയുന്നില്ലെന്നേയുള്ളു. വെള്ളിനക്ഷത്രത്തിലൂടെ ഗാനരചയിതാവായി സിനിമാരംഗത്തുവന്ന അഭയദേവ് നാല്പതിലധികം ചിത്രങ്ങളിലായി ഒട്ടുവളരെ ഗാനങ്ങൾ എഴുതിയിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ഗാനരചനയിൽനിന്നു പിന്മാറിയിരിക്കയാണു്. അഭയദേവിൻ്റെ ഗാനങ്ങൾ പൊതുവേ സുന്ദരങ്ങളും ആകർഷകങ്ങളുമാകുന്നു. ചിലതു നോക്കുക. ‘സർപ്പക്കാടു്’ എന്ന ചിത്രത്തിലെ ഒരു ഗാനമാണു് താഴെ കുറിക്കുന്നതു്:
ആശാനഭസ്സിൽ തെളിഞ്ഞുനിൽക്കും
താരാകുമാരി നീ ആരോ– താരാ…
ഏകാന്തചിന്തയിൽ ചന്ദനം ചാർത്തുന്നതാരോ
കിനാവുകൾ നേരോ– ആശാ…
ആരുമറിയാതെ ഞാനുമറിയാതെ
ആരോ വന്നെന്നുള്ളിൽ കൂടുകെട്ടി
ആരാണാ പൈങ്കിളി ആരാമപ്പൈങ്കിളി
ആശാവിപഞ്ചിതൻ കമ്പിമീട്ടി കമ്പിമീട്ടി
എങ്ങാണ്ടുനിന്നൊരു തുമ്പി വന്നു– കാട്ടിൽ
എന്നെ തിരഞ്ഞൊരു തുമ്പി വന്നു