സഞ്ചാര സാഹിത്യം
പ്രാരംഭം: നോവൽ, ചെറുകഥ, ജീവചരിത്രം, ആത്മകഥ എന്നിവയെപ്പോലെതന്നെ സഞ്ചാരകഥകൾക്കും സാഹിത്യത്തിൽ സമുന്നതമായ ഒരു സ്ഥാനമുണ്ടു്. ചരിത്രവും നോവലും സമ്മേളിച്ചാലുള്ള ഫലം ഇത്തരം കൃതികളിൽനിന്നു വായനക്കാർക്കു ലഭിക്കുന്നു. മറ്റു പല സാഹിത്യശാഖകളെ അപേക്ഷിച്ച് ഈ ശാഖയ്ക്ക് ഇന്നു പ്രചാരം വർദ്ധിച്ചുവരികയാണെന്നു തോന്നുന്നു. അതിനുള്ള കാരണവും സ്പഷ്ടമാണ്. ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങളോടുകൂടി അനേകായിരം മൈൽ ചുറ്റളവുള്ള നമ്മുടെ വാസഭൂമി ഇന്നു വളരെ ചുരുങ്ങിയിരിക്കയാണു്. അനേകം ദിവസങ്ങളോ മാസങ്ങളോ വേണ്ടിയിരുന്ന യാത്രകൾക്ക്, ഇന്ന് ഏതാനും മണിക്കൂറുകൾ മാത്രമേ വേണ്ടു എന്നായിത്തീർന്നിട്ടുണ്ട്. ഇത്തരം സൗകര്യങ്ങൾ വന്നതോടുകൂടി വിദൂരദേശങ്ങളും വിഭിന്ന ജനസമുദായങ്ങളുമായി ഇടപഴകേണ്ട ആവശ്യവും വർദ്ധിച്ചു. ഓരോ ഭൂവിഭാഗത്തിൻ്റെയും പ്രകൃതി, ജനസമുദായങ്ങളുടെ ജീവിതരീതി, ആചാരവിചാരങ്ങൾ. വേഷവിധാനങ്ങൾ, ഭരണരീതി, ഭാഷ, സംസ്കാരം, സാമ്പത്തികനില എന്നു തുടങ്ങിയവയെല്ലാം അറിയുവാനുള്ള അനിയന്ത്രിതമായ ഒരാവേശവും ജനങ്ങളിൽ കടന്നുകൂടി. അത്തരം ആവേശങ്ങളെ ഉപശമിപ്പിക്കുവാൻ മറ്റേതുമാർഗ്ഗത്തേക്കാളും കാവ്യഭംഗിയോടുകൂടി നിർമ്മിക്കുന്ന കൃതികൾക്കു ശക്തിയുണ്ടായിരിക്കുമെന്നുള്ളതു നിസ്സംശയമാണു്. സഞ്ചാര സാഹിത്യ കൃതികൾക്ക് ഇന്നു മറ്റും മഹിമയും വർദ്ധിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള പ്രധാന ഹേതുവും ഇതുതന്നെ.
എത്രമാത്രം ഭാവനാശക്തിയുള്ളവനും സ്വന്തം വീട്ടിലും നാട്ടിലുമിരുന്നുകൊണ്ടു് ഒരു യാത്ര വിവരണമെഴുതാൻ സാദ്ധ്യമല്ല. നമ്മുടെ സന്ദേശ കാവ്യ കർത്താക്കൾപോലും പരിമിതമായ ചില സഞ്ചാരങ്ങൾ നടത്തിയിട്ടുള്ളവരാണു്. മേഘസന്ദേശത്തിലേയോ, ഉണ്ണുനീലിസന്ദേശത്തിലേയോ മാർഗ്ഗ വർണ്ണനകൾക്കു് ആ പ്രദേശങ്ങൾ ദിങ്‌മാത്രമായെങ്കിലും കണ്ടറിഞ്ഞിരിക്കേണ്ടതുണ്ടു്. അതല്ലെങ്കിൽ എത്രതന്നെ പ്രതിഭയും ഭാവനയും ഉള്ള കവിയാണെങ്കിലും ആ വർണ്ണനകൾ അനുഭവപരമായോ വിശ്വസനീയമായോ വരുത്താൻ പ്രയാസവുമായിരിക്കും. എങ്കിലും നമ്മുടെ എഴുത്തുകാരിൽ ചിലർ ഗ്രന്ഥങ്ങൾ വായിച്ചറിഞ്ഞും, ഭൂപടം നോക്കിയും യാത്രാവിവരണങ്ങൾ എഴുതാതെയുമിരിക്കുന്നില്ല.
