പ്രബന്ധപ്രസ്ഥാനം
ഉത്പത്തി: മറ്റുപല ഗദ്യപ്രസ്ഥാനങ്ങളെപ്പോലെതന്നെ ഇംഗ്ലീഷിൽനിന്നു് മലയാളത്തിലേക്കു സംക്രമിച്ചിട്ടുള്ള ഒരു സാഹിത്യരൂപമാണു് ഉപന്യാസങ്ങൾ അഥവാ പ്രബന്ധങ്ങൾ. അഡിസൺ, ഗോൾഡ് സ്മിത്ത്, ബേക്കൺ എന്നു തുടങ്ങിയവയത്രേ ആംഗലസാഹിത്യത്തിലെ പ്രസിദ്ധന്മാരായ പ്രബന്ധകർത്താക്കൾ. അവർ തന്നെയാണു് നമ്മുടെ പ്രബന്ധകാരന്മാർക്കും മാർഗ്ഗദർശികൾ. പക്ഷേ, യൂറോപ്പിൽ ഈ പ്രസ്ഥാനം ആദ്യമായുടലെടുത്തതു് ഫ്രഞ്ചുസാഹിത്യത്തിലാണെന്നുള്ള പരമാർത്ഥം നാം വിസ്മരിച്ചുകൂടാ. 16-ാം നൂററാണ്ടിൽ ജീവിച്ചിരുന്ന മൊണ്ടെയിൻ എന്ന മഹാനാണു് ഈ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ്. 1580-ാമാണ്ടോടടുത്തു് അദ്ദേഹത്തിൻ്റെ ഉപന്യാസങ്ങൾ പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. സാർവ്വകാലികത, സാർവ്വജനീനത, സാർവ്വസൗകമാര്യം എന്നീ ഗുണങ്ങൾ അവയുടെ സവിശേഷതകളായിരുന്നു. എല്ലാ വിധത്തിലും പുതുമപൂണ്ട ആ നൂതന പ്രസ്ഥാനം അചിരേണ യൂറോപ്പിലെ മററു ഭാഷകളിലും സംക്രമിക്കുകയായി. ആംഗ്ലേയ സാഹിത്യത്തിൽ അതു് അതിവേഗത്തിൽ തഴച്ചുവളർന്നു എന്നുതന്നെ പറയാം. പ്രസ്തുത സാഹിത്യമാണു് നമ്മുടെ ഭാഷയിൽ ഈ നവീന പ്രസ്ഥാനത്തിനു വഴിതെളിച്ചതെന്നു തുടക്കത്തിൽ ത്തന്നെ പ്രസ്താവിച്ചിട്ടുമുണ്ടല്ലോ.
വിവർത്തനങ്ങളായും അനുകരണങ്ങളായും സ്വതന്ത്രങ്ങളായും ഒട്ടുവളരെ പ്രബന്ധങ്ങൾ ഇന്നു ഭാഷയിൽ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. ആധുനിക മലയാള ഗദ്യസാഹിത്യത്തിൻ്റെ വികാസത്തിനു് ഉപന്യാസങ്ങൾ പോലെ സഹായകമായിത്തീർന്നിട്ടുള്ള ഇതരപ്രസ്ഥാനം ഏതെങ്കിലുമുണ്ടോ എന്നു സംശയമാണ്. പ്രസിദ്ധീകരണങ്ങളുടെ വർദ്ധനയാണ് ഈവക കൃതികളുടെ വർദ്ധനയ്ക്കും മുഖ്യകാരണമെന്ന പറയേണ്ടതുണ്ട്. മലയാളത്തിലുള്ള മാസികകളും വാരികകളും മിക്കവാറും ഉപന്യാസങ്ങൾകൊണ്ടു നിറഞ്ഞവയാണു്. ദിനപ്പത്രങ്ങളിലും കുറവല്ല. ഇങ്ങനെ ഓരോ ആനുകാലിക പ്രസിദ്ധീകരണങ്ങൾവഴി വെളിപ്പെട്ടിട്ടുള്ള പ്രബന്ധങ്ങളാണു്’, പിന്നീടു പുസ്തകാകൃതിയെ പ്രാപിച്ചിട്ടുള്ള കൃതികളിൽ അധികവും. അനേകം നല്ല പ്രബന്ധങ്ങൾ പുസ്തകരൂപം കൈക്കൊള്ളാതെ യവനികയ്ക്കുള്ളിൽ മറഞ്ഞുപോയിക്കൊണ്ടിരിക്കുന്നുമുണ്ടു്. പുസ്തകാകൃതിയെ പ്രാപിച്ചിട്ടുള്ളതെല്ലാം നല്ല പ്രബന്ധങ്ങളാണെന്നു പറയുവാനും നിവൃത്തിയില്ല. നല്ല ശൈലി സ്വാധീനമുള്ളവർക്ക് ആശയമില്ല; ആശയമുള്ളവർക്ക് ഭാഷാസ്വാധീനമില്ല. ഇങ്ങനെയുള്ള പല ന്യൂനതകളും ഇന്നത്തെ പല പ്രബന്ധങ്ങളിലും നാം കണ്ടുവരുന്നുണ്ടു്.
