ഗദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ചരിത്രവിജ്‌ഞാനീയം

ഭാഷാഗദ്യകൃതികളിലെ മുതൽക്കൂട്ടിൽ നല്ലൊരുഭാഗം ചരിത്രഗ്രന്ഥങ്ങളാണെന്നു പറയാം. ദേശചരിത്രം, സമുദായചരിത്രം, സാഹിത്യചരിത്രം, ഗവേഷണങ്ങൾ, ഐതിഹ്യങ്ങൾ എന്നുതുടങ്ങിയവയെല്ലാം ഈ ഇനത്തിൽ ഉൾപ്പെടുന്നു. സാഹിത്യത്തിനും ചരിത്രത്തിനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഓരോ കാലഘട്ടത്തിലെ സാഹിത്യത്തിൻ്റെ പൂർണ്ണമായ അറിവിനും ചരിത്രപരമായ ജ്ഞാനം ആവശ്യമാണു്. ഗ്രന്ഥങ്ങളുടെ കാലം ക്ലിപ്തപ്പെടുത്തുന്നതിൽ ഈ ജ്ഞാനം വിശേഷിച്ചും ഉപകരിക്കുന്നു. അതിനാൽ ദേശചരിത്രം, രാഷ്ട്രചരിത്രം. സമുദായചരിത്രം മുതലായവയുടെ പഠനം സാഹിത്യ വിജ്ഞാനത്തിനു് സാഹായകമാണെന്നുള്ളതിൽ സന്ദേഹമില്ല ഇവയിൽ സാഹിത്യചരിത്രത്തെപ്പറ്റി മുന്നദ്ധ്യായത്തിൽ വിവരിച്ചുകഴിഞ്ഞു. ഇനി മറ്റു ചരിത്രവിഭാഗങ്ങളിൽ ചിലതിലേക്കു കടക്കാം.

കേരളത്തിൻ്റെ ഒരു പൂർണ്ണചരിത്രം: ദേശചരിത്രങ്ങളിൽ കേരള ചരിത്രവിഷയകമായ കൃതികളാണ് നമ്മുടെ ശ്രദ്ധയെ ആദ്യമാകർഷിക്കുന്നതു്. പക്ഷേ, ഭാഗികങ്ങളായ ചില ചരിത്രങ്ങളേ നമുക്കവിടെ കാണാൻ കഴികയുള്ളു. കാരണം, കേരളം അടുത്തകാലംവരെ വിഭിന്നഭരണങ്ങളിൽ വിഭജിക്കപ്പെട്ടുകിടന്നിരുന്നതുതന്നെ. 1958 നവംബർ മാസംമുതല്ക്കാണല്ലോ പെരുമാൾഭരണത്തിനുശേഷം കേരളം ഒന്നിച്ച് സംസ്ഥാനമായി നാം കണ്ടുതുടങ്ങുന്നതു്. അതിനാൽ അതിനു മുമ്പുള്ള കേരള ചരിത്രങ്ങളെല്ലാം അതിലെ ഓരോ വിഭിന്നരാജ്യങ്ങളുടെ ചരിത്രമാണെന്നു പറയാം. ‘കേരളോൽപത്തി’പോലും വിഭിന്നങ്ങളായിത്തീർന്നിരിക്കയാണു്. അതിനെപ്പറ്റി പിന്നീടു പ്രസ്താവിക്കുന്നതാണു്. ആകയാൽ അഖണ്ഡമായ ഒരു കേരളചരിത്രം ഇനിമേൽ ഉണ്ടാകേണ്ടതായിട്ടാണിരിക്കുന്നതു്. ഇപ്പോൾ ഉള്ളവയെല്ലാം അതിലേക്കു സഹായകമായിത്തീർന്നേക്കാമെന്നു മാത്രമേയുള്ളു.