ഗദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഭൗതികവിജ്‌ഞാനീയം

ആധുനിക ശാസ്ത്രജ്ഞാനത്തിൻ്റെ ആവശ്യം: ഭാഷാസാഹിത്യത്തിലെ ശാസ്ത്രീയ ഗ്രന്ഥങ്ങളെപ്പറ്റിയാണു് 13-ഉം, 14-ഉം അദ്ധ്യായങ്ങളിൽ വിവരിച്ചിട്ടുള്ളതു്. എന്നാൽ അവയിൽനിന്നു ഭിന്നമായ ചില ശാസ്ത്ര ഗ്രന്ഥങ്ങളെപ്പറ്റിയും ഇവിടെ പ്രതിപാദിക്കേണ്ടതുണ്ടു്. നാം ഇന്നു സയൻസിൻ്റെ – ശാസ്ത്രത്തിൻ്റെ – യുഗത്തിലാണ് ജീവിക്കുന്നതു്. പ്രകൃതിയിലുള്ള വസ്തുക്കളുടേയും സംഭവങ്ങളുടേയും അവയ്ക്കു തമ്മിലുള്ള ബന്ധങ്ങളടേയും നൂതനമായ അറിവു് നവീനശാസ്ത്രം നമുക്കു നല്കിക്കൊണ്ടിരിക്കുന്നു. പ്രകൃതിവിജ്ഞാനീയം, ജീവശാസ്ത്രം, മനശ്ശാസ്ത്രം എന്നിങ്ങനെ ആധുനിക ശാസ്ത്രത്തെ മൂന്നിനമായി വിഭജിക്കാം. ഇവയിൽ ഓരോന്നിലും അനവധി അവാന്തരവിഭാഗങ്ങളും അടങ്ങിയിരിക്കുന്നു. എന്നാൽ ഈ എല്ലാവിധ ശാസ്ത്രങ്ങളും അഭേദ്യമാംവണ്ണം അന്യോന്യം ബന്ധപ്പെട്ടുമാണ് നിലകൊള്ളുന്നതു്. അനുദിനം അനുനിമിഷമെന്നോണം വർദ്ധമാനമായിത്തീർന്നുകൊണ്ടിരിക്കുന്ന ഈ ശാസ്ത്രവിജ്ഞാനീയത്തിൻ്റെ വെളിച്ചത്തിൽ നിന്നുകൊണ്ടാണ് ആധുനികലോകം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നതു്. ഏകലോകം, ഏകരാഷ്ട്രം എന്നുള്ള തത്ത്വത്തിൻ്റെ പ്രായോഗികതയിലേക്കുതന്നെ ആധുനികലോകം നീങ്ങിക്കൊണ്ടിരിക്കയാണ്.

“കുളത്തിലെപ്പാഴ്ക്കെടുനീറ്റിലല്ല
കൂത്താടിനില്ക്കുന്നതു ലോകമിപ്പോൾ;
കുതിച്ചു രത്നാകരസഖ്യമാളും
കൂലങ്കുഷയ്ക്കുള്ള പയസ്സിലല്ലോ”

എന്ന കവിവാക്യം ഈ വസ്തുതയെ ലക്ഷ്യമാക്കിയുള്ളതാണ്. അങ്ങനെയുള്ള ഒരു കാലഘട്ടത്തിൽ ജീവിക്കുന്ന നാം നമ്മുടെ ജീവിതത്തിൽ ശാസ്ത്രീയമായ ഒരു വീക്ഷണഗതി ശരിക്കു പ്രതിഫലിപ്പിച്ചു പ്രകാശിപ്പിക്കുന്നില്ലെങ്കിൽ, കാലപ്രവാഹത്തിൽ നാം ഒഴുക്കിനെതിരേ നീന്തി പരാജയമടയുന്നവരായേ തീരൂ.