അദ്ധ്യായം 6. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഫലിതം

തുള്ളൽക്കഥകളുടെ മാഹാത്മ്യത്തിനുള്ള അതിപ്രധാനമായ ഒരു ഹേതു വായനക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന ഫലിതവും ഹാസ്യരസവുമത്രേ. ഒരുപക്ഷെ, തുള്ളൽക്കഥകളുടെ ജീവൻതന്നെ ഫലിതവും ഹാസ്യരസവുമാണെന്നു പറയാവുന്നതാണു്. ഹാസ്യരസം സഫലീഭവിച്ചിട്ടുള്ളതത്രെ ഫലിതമെന്നു പറയുന്നതു്. നമ്മുടെ അറിവിൽപെട്ടി ട്ടുള്ളതുതന്നെയെങ്കിലും, തല്ക്കാലം നമുക്കു തോന്നാത്തതും, എന്നാൽ അന്യൻ പറഞ്ഞുകേട്ടുകഴിയുമ്പോൾ അതുതന്നെയാണു്’ ആ അവസരത്തിൽ പ്രയോഗിക്കേണ്ടതെന്നു സ്വയം സമ്മതിപ്പിക്കുന്നതുമായ ഒരു തരം പ്രസ്താവങ്ങളാണു ഫലിതമെന്നു പ്രകാരാന്തരേണ പറയാം. അങ്ങനെയുള്ള ഫലിതത്തിൻ്റെ ഒരു പര്യായമായിട്ടുകൂടി തുള്ളലുകളെ നാമിന്നു് അനുസ്മരിക്കാറുണ്ട്. ഈ വിഷയത്തിൽ പോപ്പ്, സ്വിഫ്‌ററ്, ഡ്റൈഡൻ മുതലായ കവിവരന്മാർക്കു ആംഗ്ലേയ സാഹിത്യത്തിലുള്ള സ്ഥാനം നമ്പ്യാർക്കു മലയാള സാഹിത്യത്തിലും ഉണ്ടു്. നമ്പ്യാരുടെ തുള്ളൽക്കഥകളിൽ കാണു ന്നതുപോലെ അത്ര ബഹുലമായും സരസമായും ഉള്ള ഫലിതം മലയാളത്തിലെ മറെറാരു കൃതിയിലും ഇല്ലെന്നുള്ളതു നിർവ്വിവാദമാണു്. ഒരുപക്ഷെ ഭാഷയിലെ തുള്ളൽക്കഥകളിൽ ഉള്ളതുപോലെ അത്ര ബഹുലമായ ഫലിതം, ഇതരഭാഷാസാഹിത്യങ്ങളിൽ ഉണ്ടോ എന്നു് ഒരു സംശയത്തിനു് ഇടയില്ലാതില്ല. നവരസങ്ങളിൽ ശൃംഗാരത്തിനല്ല, ഹാസ്യരസത്തിനാണു രസചക്രവർത്തിത്വം നല്കേണ്ടതെന്നു തുള്ളലുകൾ വായിക്കുമ്പോൾ പലപ്പോഴും തോന്നിപ്പോകാറുണ്ട്.