പറവൂർ താലൂക്കിൽപ്പെട്ട വരാപ്പുഴ പകുതിയിലെ ഒരു കരയാണ് ചിറയ്ക്കകം. അവിടെയുള്ള തട്ടാരശ്ശേരി എന്ന കുടുംബത്തിലെ മത്തായിയും ത്രേസ്യാമ്മയുമാണു് എൻ്റെ മാതാപിതാക്കന്മാർ. 1899 ഒക്ടോബർ 13-ാം തിയതിക്ക്, കൊല്ലവർഷം 1075 കന്നി 28-ാം തീയതി വെള്ളിയാഴ്ച പ്രഭാതത്തിൽ ഉത്രാടം നക്ഷത്രത്തിൽ ലേഖകൻ ജനിച്ചുവെന്നാണു് അറിയുവാൻ കഴിഞ്ഞിട്ടുള്ളത്. അഞ്ചാമത്തെ വയസ്സിൽ വിജയദശമി ദിവസം സുപ്രഭാതത്തിൽ എൻ്റെ വന്ദ്യപിതാവ് മത്തായി അവർകൾ എന്നെ എഴുത്തിനിരുത്തിയ ആ മഹാസംഭവം ഞാനിന്നുമോർക്കുന്നുണ്ട്.
പിതാവ്, എന്നെ എഴുത്തിനിരുത്തിയെങ്കിലും, കാമശ്ശേരി കുട്ടൻപിള്ള എന്നൊരു ആശാനിൽനിന്നുമാണു് ഞാൻ അക്ഷരമാലയും, തുടർന്ന് എഞ്ചുവടി, അമരകോശം തുടങ്ങിയ ആദ്യപാഠങ്ങളും പഠിച്ചത്. ഇക്കാലത്ത് അയ്യമ്പിള്ളി അഥവാ ചെറായി സ്വദേശിയായ കൃഷ്ണനാശാൻ എന്നൊരു പണ്ഡിതൻ, എൻ്റെ ഗൃഹത്തിൽനിന്നു ഒരു ഫർലോങ്ങ് അകലെയുള്ള ഒരു കളരിയിൽ ഏതാനും വിദ്യാർത്ഥികളെ കാവ്യഗ്രന്ഥങ്ങൾ പഠിപ്പിച്ചുവന്നു . എൻ്റെ ജ്യേഷ്ഠ സഹോദരൻ രഘുവംശം കഴിഞ്ഞു മാഘം അഥവാ ശിശുപാലവധം മഹാകാവ്യം പഠിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു. പിതാവ് എന്നെയും അങ്ങോട്ടയച്ചു. വിഭക്തികൾ, ബാലപ്രബോധനം എന്നിവയെത്തുടർന്നു. ശ്രീരാമോന്തത്തിലേയ്ക്കു കടന്നു. ക്രമത്തിൽ ശ്രീകൃഷ്ണവിലാസത്തിലേയ്ക്കും.
ഇങ്ങനെ എൻ്റെ ബാല്യകാലപഠനം നടന്നിരുന്ന കാലഘട്ടത്തിൽ, ‘ശ്രീനാരായണഗുരുസ്വാമിയുടെ നിർദ്ദേശാനുസരണം അക്കാലത്തു എസ്. എൻ. ഡി. പി. യോഗം സെക്രട്ടറിയായിരുന്ന കുമാരനാശാൻ ശാസ്ത്രിക്ലാസ്സുവരെയുള്ള ഒരു സംസ്കൃത വിദ്യാലയം ആലുവായിൽ ഏർപ്പെടുത്തി. തലശ്ശേരി സ്വദേശിയായ എം. കെ. ഗുരുക്കളെ അതിന്റെ തലവനായി നിയമിക്കയും ചെയ്തു. പക്ഷെ കാവ്യാദി ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നതിനുവേണ്ടത്ര അദ്ധ്യാപകരെ അവിടെ കിട്ടിയിരുന്നില്ല. ഈ ന്യൂനത പരിഹരിക്കുവാൻ കുമാരനാശാൻ, ശ്രീ. സഹോദരനയ്യപ്പൻ്റെ സൗഹാർദ്ദ്യം ആവശ്യപ്പെട്ടു. അതനുസരിച്ച് തന്റെ സ്വദേശത്തുണ്ടായിരുന്ന ഏതാനും സംസ്കൃതപണ്ഡിതന്മാരെ സഹോദരൻ ആലുവായിലേയ്ക്ക് ആനയിക്കുകയുണ്ടായി. അവരിൽ ഒരാൾ, ഞങ്ങളുടെ ദേശികനായിരുന്ന കൃഷ്ണനാശാനുമായിരുന്നു. ആശാന്റെ അസാന്നിദ്ധ്യത്തിൽ ഞങ്ങളുടെ പഠനവും തല്ക്കാലം അവസാനിച്ചു.
ഇക്കാലത്തു തിരുവിതാംകൂറിൽ, നാട്ടുഭാഷാ വിദ്യാലയങ്ങൾ രാജ്യത്തിൻ്റെ പല ഭാഗത്തും ഏർപ്പെടുത്തി പുതിയ രീതിയിലുള്ള വിദ്യാഭ്യാസം പ്രചരിപ്പിച്ചു വരികയായിരുന്നു. അത്തരത്തിലുള്ള ഒരു പ്രൈമറി വിദ്യാലയം, വരാപ്പുഴയിലും ഏർപ്പെടുത്തുകയുണ്ടായി. കളരിയിലെ പഠനം തുടരാൻ കഴിയാതെ വന്നപ്പോൾ, എന്നെ മേല്പറഞ്ഞ വിദ്യാലയത്തിൽ ചേർത്തു പഠിപ്പിച്ചു തുടങ്ങി. മൂന്നും, നാലും ക്ലാസ്സുകളിലായി രണ്ടുവർഷംകൊണ്ട് അവിടത്തെ പഠനം പൂർത്തിയാക്കി. പിന്നീടു വടക്കൻ പറവൂരിലുള്ള സർക്കാർ വിദ്യാലയത്തിൽ ചെന്നുചേർന്നു. ടൗണിൽ കച്ചേരിപ്പടിക്കടുത്തുള്ള ഒരു ഗൃഹത്തിൽ താമസവുമാക്കി.
പറവൂരിലെ പഠനകാലത്തു് മേനാക്കയ്മൾ വാസുദേവനുണ്ണിത്താൻ തുടങ്ങിയവർ എൻ്റെ സതീർത്ഥ്യരും സുഹൃത്തുക്കളുമായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ഞങ്ങൾ അക്ഷരശ്ലോകം ചൊല്ലി രസിക്കുന്ന ഒരു പതിവുമുണ്ടായിരുന്നു. അക്കാലത്ത് കൊടുങ്ങല്ലൂർ കോവിലകത്തെ കവി സദസ്സിൽനിന്നും ഉതിർക്കുന്ന പല പല പുത്തൻ ശ്ലോകങ്ങളും മറ്റു സുഹൃത്തുക്കൾവഴി ഞങ്ങൾക്കു ലഭിച്ചുകൊണ്ടുമിരുന്നു. അങ്ങനെ വിനോദത്തിനുവേണ്ടിയാണെങ്കിലും, അക്ഷരശ്ലോകം ചൊല്ലൽ പാഠ്യവിഷയങ്ങളിൽ ഒന്ന് എന്ന പോലെ ഞങ്ങളിൽ അനുപേക്ഷണീയമായിത്തീരുകയും ചെയ്തു. സഹൃദയരായ അദ്ധ്യാപകരിൽ ചിലർ ഞങ്ങളെ പല പ്രകാരത്തിൽ പ്രോത്സാഹിപ്പിക്കാതെയുമിരുന്നില്ല. പൂവമ്പിള്ളിൽ പരമേശ്വരൻപിള്ള, ദാമോദരൻ കർത്താവ്, പരമേശ്വരൻ നമ്പ്യാർ, കൊരട്ടിക്കര പത്മനാഭപിള്ള തുടങ്ങിയ ചിലരെ ഞാനീയവസരത്തിൽ ആദരപൂർ – അനുസ്മരിച്ചുപോകുന്നു. വിജയത്തിനു വണ്ടി ചില അവസരങ്ങളിൽ പദങ്ങളും പാദങ്ങളും മറ്റാർക്കും പിടികിട്ടാത്തവിധത്തിൽ മാറ്റി ച്ചൊല്ലുന്ന അടവുകളും പ്രയോഗിക്കാതിരുന്നിട്ടില്ല.
പറവൂരിലെ പഠനകാലത്തുണ്ടായ മറ്റു ചില സംഭവങ്ങൾകൂടി ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. അദ്ധ്യാപകശ്രേഷഠനായ ആർ. ഈശ്വരപിള്ള, അക്കാലത്തു റിട്ടയർ ചെയ്തു പറവൂർ ടൗണിൽ ഒരു ഭാഗത്തായി കുടുംബസമേതം താമസിക്കുന്നുണ്ടായിരുന്നു. വൈകുന്നേരം അഞ്ചുമണിയോടടുത്ത സമയം, അദ്ദേഹം സഞ്ചാരത്തിനിറങ്ങുന്ന ഒരു പതിവുണ്ട്. അങ്ങനെയുള്ള ഒരവസരത്തിൽ, അവിചാരിതമായിത്തന്നെ അദ്ദേഹത്തിൻ്റെ സാമീപ്യസമ്പർക്കം എനിക്കു ലഭിക്കുവാനിടയായി. എൻ്റെ നേരെ അദ്ദേഹത്തിനും അനല്പമായ വാത്സല്യവും തോന്നാതിരുന്നില്ല. മിക്ക ദിവസങ്ങളിലും, വൈകുന്നേരത്തെ സഞ്ചാരത്തിൽ അദ്ദേഹത്തെ അനുഗമിക്കുക എൻ്റെ ഒരു പതിവായി തീരുകയും ചെയ്തു. അങ്ങനെയുള്ള അവസരങ്ങളിൽ ഈയുള്ളവൻ അദ്ദേഹത്തോടു പലതും ചോദിക്കുകയും, എനിക്കു മനസ്സിലാകുവാൻ പറ്റിയ പാകത്തിൽ അദ്ദേഹം മറുപടി നൽകുകയും ചെയ്തിരുന്നു. ഈശ്വരപിള്ളസാർ ആലപ്പുഴ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കാലത്താണ്, പില്ക്കാലത്തു വളരെ പ്രസിദ്ധന്മാരായിത്തീർന്ന സാഹിത്യ പഞ്ചാനനൻ പി. കെ. നാരായണപിള്ള, ഐ. സി. ചാക്കോ എന്നിവർ അവിടെനിന്നു മട്രിക്കുലേഷൻ പാസ്സായി ഉപരിപഠനത്തിനുപോയതെന്നുള്ള വസ്തുതയും അങ്ങനെ അറിയുവാൻ ഇടയായിട്ടുള്ളതാണ്.
ഈശ്വരപിള്ളസ്സാറിൻ്റെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും എല്ലാംതന്നെ ‘മിതം ച സാരം ച’ എന്ന മട്ടിലുള്ള ഒന്നായിരുന്നു. അക്കാലങ്ങളിൽ പറവൂരും പരിസരങ്ങളിലും നടക്കുന്ന വിദ്യാലയ വാർഷികങ്ങളിലും മറ്റു പൊതുസമ്മേളനങ്ങളിലും ആദ്ധ്യക്ഷം വഹിക്കുക, ആർ. ഈശ്വരപിള്ള, എം. രാമവർമ്മ തമ്പാൻ, വക്കീൽ ധമ്മരാജയ്യർ ഈ മൂവരിൽ ഒരാളായിരിക്കുകയാണ് പതിവ്. തമ്പാൻ സാർ പ്രഭാഷണ ചതുരൻ തന്നെയായിരുന്നു. ഇവർ മൂവരുമായും അക്കാലങ്ങളിൽ ഈ ലേഖകന് ഓരോവിധത്തിൽ പരിചയപ്പെടുവാൻ കഴിഞ്ഞിട്ടുണ്ട്.
1918-ൽ ലേഖകൻ, പറവൂർനിന്ന് ഇ. എസ്. എൽ. സി എന്ന പരീക്ഷ പാസ്സായി. ആചിരേണ ഒരു അദ്ധ്യാപകനായും തീർന്നു. ആദ്യം മഞ്ഞുമ്മൽ എന്ന സ്ഥലത്തും, പിന്നീട് എൻ്റെ പാഠശാലയായിരുന്ന വരാപ്പുഴയുമാണ് ജോലി ആരംഭിച്ചത്. ഇക്കാലത്തും എൻ്റെ പുസ്തകവായനയ്ക്കോ, പഠനത്തിനോ കുറവൊന്നും വരുത്തിയിരുന്നില്ല. ജ്യേഷ്ഠസഹോദരൻ സംസ്കൃത വിദ്യാർത്ഥിയായിരുന്ന വസ്തുത മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലൊ. അദ്ദേഹത്തെ പുന്നശ്ശേരിനമ്പി നീലകണ്ഠശർമ്മ ആയിടയ്ക്കു പട്ടാമ്പിയിൽ ഏർപ്പെടുത്തിയ സംസ്കൃതവിദ്യാലയത്തിലേയ്ക്കയച്ച് വൈദ്യം പഠിപ്പിക്കണമെന്നായിരുന്നു പിതാവ് ആഗ്രഹിച്ചിരുന്നത്. അതിനിടവരുന്നതിനുമുമ്പ് അദ്ദേഹം ആകസ്മികമായന്തരിച്ചു. അതിനാൽ അഷ്ടാംഗഹൃദയം തുടങ്ങിയ ആയുർവേദ ഗ്രന്ഥങ്ങൾ കറെയെങ്കിലും അഭ്യസിക്കുന്നതിന് പിതാവ് എന്നെ നിർബന്ധിച്ചിരുന്നു. ആയുർവേദ ഗ്രന്ഥങ്ങൾ മിക്കവയും അഭ്യസിച്ചിട്ടുള്ള ഒരാളായിരുന്നു പിതാവ്. അഷ്ടാംഗ ഹൃദയം, അഷ്ടാംഗ സംഗ്രഹം, ചരകസംഹിത, ശാർങധരാ തുടങ്ങിയ അദ്ദേഹത്തിൻ്റെ വകയായിരുന്ന ഗ്രന്ഥങ്ങൾ മിക്കവയും ഇന്നും എൻ്റെ ഗ്രന്ഥശേഖരത്തിൽ സൂക്ഷിച്ചുപോരുകയാണു്. അഷ്ടാംഗഹൃദയം സൂത്രസ്ഥാനത്തിൽ കുറെയെല്ലാം പിതാവുതന്നെ എന്നെ അഭ്യസിപ്പിച്ചു സിവിൽ വ്യവഹാര സംബന്ധമായ കാര്യങ്ങളിൽ അദ്ദേഹം കൂടുതൽ സമയം വ്യപൃതനായിരുന്നതിനാൽ പ്രസ്തുത വിഷയം തുടർച്ചയായി പറഞ്ഞുതരുവാൻ അദ്ദേഹത്തിനു സമയം ലഭിച്ചിരുന്നില്ല. ആ ന്യൂനതയെ പരിഹരിക്കുവാൻ വേണ്ടി, ആയിടയ്ക്കു കൈക്കുളങ്ങരെ രാമവാര്യർ ‘സാരാർത്ഥ ദർപ്പണം’ എന്ന പേരിൽ വ്യാഖ്യാനിച്ചിട്ടുള്ളതും കുന്നങ്കുളം വിദ്യാരത്നപ്രഭാ അച്ചുകൂടത്തിൽ നിന്നും പ്രസിദ്ധപ്പെടുത്തിയതുമായ സൂത്രസ്ഥാനം, ചികിത്സിതസ്ഥാനം തുടങ്ങിയ കൃതികൾ എൻ്റെ പഠനത്തിനായി വരുത്തിത്തരുകയുമുണ്ടായി. എന്നാൽ സാഹിത്യ വിഷയത്തിൽ എനിക്ക് അഭിരുചി പെരുകുകയാൽ ശാസ്ത്ര വിഷയത്തിൽ അത്രതന്നെ താല്പര്യമില്ലാതെവന്നു. എന്നുവരികിലും പിതാവിൻ്റെ അഭിലാഷത്തെ ആദരിച്ചു സൂത്രസ്ഥാനത്തിൽ മിക്കഭാഗവും ഹൃദിസ്ഥമാക്കി എന്നുതന്നെ പറയാം, അതിലെ ‘ദിനചര്യാധ്യായം’ എന്നെ കൂടുതൽ ആകർഷിക്കുകയും ചെയ്തു. പ്രസ്തുത അദ്ധ്യായത്തെ ആസ്പദമാക്കി ലേഖകൻ ‘ആഹാരവിഷയം’ എന്ന പേരിൽ ഒരു ലേഖനമെഴുതി, അക്കാലത്തു കോട്ടയത്തു നിന്നും പുറപ്പെട്ടിരുന്ന ഭാഷാപോഷിണി മാസികയ്ക്ക് അയക്കുകയും ചെയ്തു. എന്ന വസ്തുത കൂടി ഈയവസരത്തിൽ വെളിപ്പെടുത്തിക്കൊള്ളട്ടെ.
ഈ ലേഖകൻ വരാപ്പുഴയിൽ ഒരു അദ്ധ്യാപകനായി വന്ന വസ്തുത മൻപ് സൂചിപ്പിച്ചുവല്ലൊ. അക്കാലത്ത് മേനാക്കയ്മൾ വാസുദേവനുണ്ണിത്താൻ, കെ. ജി. പത്മനാഭൻ നായർ മുതലായ സുഹൃത്തുക്കളും അടുത്തുള്ള കോൺവെൻ്റെ് ഹൈസ്കൂളിൽ ജോലിചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ സൗഹൃദം നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ ഒരുമിച്ചു കഴിഞ്ഞുകൂടുവാൻ സാധിച്ചു. ഞങ്ങൾ വരാപ്പുഴയിൽ ജോലി ചെയ്തുവരുന്നകാലത്തു് ഒരു ദിവസം, ജി ശങ്കരക്കുറുപ്പ് (പിൽക്കാലത്ത് മഹാകവിയായി ഉയർന്ന ജി) മൂവാറ്റുപുഴയിൽ നിന്നു മലയാളം മുഖ്യപരീക്ഷ പാസ്സായി ജോലിക്കുവേണ്ടി വരാപ്പുഴ കോൺവെന്റ് സ്കൂളിൽ വന്നു ചേർന്നു. സ്കൂൾ അധികൃതർ കുറുപ്പിനെ സ്വീകരിക്കയും, അന്നേ ദിവസം മുതൽ ജോലിയിൽ പ്രവേശിക്കുവാൻ സമ്മതം നൽകുകയും ചെയ്തു. രാവിലെയുള്ള ക്ലാസ്സ് കഴിഞ്ഞാൽ ഉച്ചയ്ക്കു കോൺവെൻ്റെിലെ സുഹൃത്തുക്കൾ എന്റെ പണിസ്ഥലത്തു വരികയും, ഞങ്ങൾ ഒരുമിച്ചുപോയി കാപ്പികഴിക്കുകയുമാണ് പതിവ്. ഒരു ദിവസം പുതിയ ഒരു അതിഥിയോടുകൂടിയായിരുന്നു, അവർ എന്നെ സമീപിച്ചതു്. അതിഥി ജീ. ശങ്കരക്കുറുപ്പായിരുന്നു കുറുപ്പിന്റെ ആഗമനം എന്നെ എത്ര മാത്രം ആനന്ദിപ്പിച്ചു എന്നു പ്രത്യേകം പറയേണ്ടതില്ല. കാപ്പികുടിക്കുവാൻ അടുത്തുള്ള ഒരു കടയിൽ ഞങ്ങളെല്ലാവരും ഒരുമിച്ചുകൂടി. ഈ അവസരത്തിൽ അഞ്ചൽ പ്യൂൺ വന്നു ഒന്നു രണ്ടു കത്തുകളും ഭാഷാപോക്ഷിണി മാസികയുടെ 1096 മിഥുനം കർക്കടകം ലക്കവും എന്നെ ഏൽപ്പിച്ചു. കത്തുകൾ മാറ്റിവച്ചിട്ടു മാസിക ആദ്യം തുറന്നു നോക്കി. എന്തൊരത്ഭുതം! അഷ്ടാംഗഹൃദയത്തിൽ സൂത്രസ്ഥാനം പഠിച്ചു കഴിഞ്ഞപ്പോൾ അതിലെ ദിനചര്യാദ്ധ്യായത്തെ ആസ്പദമാക്കി ‘ആഹാര വിഷയം’ എന്നൊരു ലേഖനമെഴുതി ഭാഷാപോഷിണിക്കയച്ച വസ്തുത ഇതിനു മുമ്പ് പ്രസ്താവിച്ചിട്ടുണ്ടല്ലോ. പ്രസ്തുത ലേഖനവും, (ടി. എം. സി. എന്ന തൂലികാനാമത്തിലാണു് അക്കാലത്ത് ഈ ലേഖകൻ ചിലതു കുറിച്ചു പോന്നത്) ജി. ശങ്കരക്കുറുപ്പിൻ്റെ ‘കെടാറായ ദീപം’ എന്നൊരു കവിതയും, ആ ലക്കത്തിൽ ഉണ്ടായിരുന്നു. ശാസ്ത്രിമഹോപാദ്ധ്യായ കെ. പി. ശിവശങ്കരപ്പിള്ള ‘ഹിന്ദു പുരാണങ്ങളിലെ സ്വർഗ്ഗം’ എന്നൊരു ലേഖന പരമ്പര ആയിടക്കു പോഷിണിയിൽ പ്രസി ദ്ധപ്പെടുത്തുകയുണ്ടായി. അതിനു് ഒരു പ്രത്യാഖ്യാനം എന്ന നിലയിൽ മേനാക്കയ്മൾ വാസുദേവനുണ്ണിത്താൻ ലേഖനങ്ങൾ ഭാഷാപോഷണിയിൽ എഴുതിവരുന്ന കാലഘട്ടവുമായിരുന്നു. ഈ ചുററുപാടിൽ ഭാഷാപോഷണിയുടെ പുതിയ ലക്കം കണ്ടതോടെ ഞങ്ങൾക്കുണ്ടായ ആനന്ദവും ഉത്സാഹവും എത്രമാത്രമെന്ന് ഊഹിക്കയേ നിവൃത്തിയുള്ളു. ആ ദിവസം ഞങ്ങൾക്കെല്ലാവർക്കും ഒരു ഉത്സവംപോലെ തോന്നി. അടുത്ത ദിവസം മുതൽ പുതിയ അതിഥീയുമായി കൂടുതൽ സാമീപ്യസമ്പർക്കം പുലർത്താമെന്നുള്ള നിലയിൽ ഞങ്ങൾ അന്നു പിരിയുകയും ചെയ്തു. പക്ഷെ, പിറ്റെ ദിവസം വരാപ്പുഴയിൽ ജോലിക്കുവരാമെന്നു പറഞ്ഞുപോയ ശങ്കരക്കുറുപ്പ് ഇങ്ങോട്ടുവരാതെ മറ്റേതോ പ്രേരണയാൽ പറവൂരിനടുത്തുള്ള മറെറാരു സ്കൂളിലെ ജോലിയിൽ പ്രവേശിക്കുകയാണുണ്ടായത്.
ഈ ലേഖകൻ അക്കൊല്ലം പ്രൈവറ്റായി നാട്ടുഭാഷാ മുഖ്യ പരീക്ഷയ്ക്കു ചേർന്നിരുന്നു. അതിൽ പാസ്സാവുകയും ചെയ്തു. അതിനാൽ അടുത്ത വർഷം വരാപ്പുഴയിലെ ജോലി രാജിവച്ചു, മുനമ്പം പള്ളിപ്പുറം എന്ന സ്ഥലത്തു ഒരു ഇംഗ്ലീഷ് വിദ്യാലയത്തിൽ മലയാളഅദ്ധ്യാപകനായി ജോലി നോക്കിത്തുടങ്ങുകയും ചെയ്തു. ഇക്കാലത്തുണ്ടായ ഒരു സംഭവം ശ്രദ്ധേയമാണു്. ഗാന്ധിജി കേരളം സന്ദർശിച്ചതു പിറ്റെ വർഷമായിരുന്നു. അദ്ദേഹം വൈകുന്നേരം യു. സി. കോളേജിൽ വച്ചു പ്രസംഗിച്ചുവെന്നും, രാത്രിയിൽ പറവൂരിൽ എത്തി പറയത്തു രാമൻമേനോൻ്റെ ഗൃഹത്തിൽ താമസിക്കുമെന്നും, പ്രഭാതത്തിൽ ആറര മണിക്കു കച്ചേരി മൈതാനത്തുവച്ചു പ്രസംഗിക്കുമെന്നും മുനമ്പം പള്ളിമുറ്റത്ത് താമസിച്ചിരുന്ന എനിയ്ക്കു അറിവു കിട്ടി. അതിനാൽ മഹാത്മജിയെ കാണുന്നതിനുള്ള ആ അസുലഭാവസരം പാഴാക്കരുതെന്ന് ഉടനെ തീരുമാനിച്ചു. എന്റെ ഒരു സഹപ്രവർത്തകനായിരുന്ന പറമ്പാടി മാധവമേനോനെ കണ്ട് ഞാൻ ഈ വിവരങ്ങൾ പറഞ്ഞു. വെളുപ്പിനു പറവൂർക്കു പോകുവാൻ ഒരു വള്ളം ഉടനെ ശട്ടം കെട്ടാമെന്നും, അദ്ദേഹവും പറവൂർക്കു പോരാമെന്നും സമ്മതിച്ചു. അങ്ങനെ വെളുപ്പിനു പുറപ്പെട്ടു ആറരമണിക്കു മുമ്പുതന്നെ ഞങ്ങൾ സ്ഥലത്തെത്തി. മഞ്ഞു കാലമായിരുന്നുവെങ്കിലും രാവിലെ തണുപ്പിനെ വകവയ്ക്കാതെ ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാർ തുടങ്ങി വിവിധ നിലകളിലുള്ള ഒട്ടുവളരെ ആളുകൾ അവിടെ വന്നുചേർന്നിരുന്നു. മുമ്പൊരിക്കലും ഖദർ ധരിച്ചിട്ടില്ലാതിരുന്ന ഉദ്യോഗസ്ഥാനുദ്യോഗസ്ഥന്മാരിൽ പലരും ഖദർ മുണ്ടും ഷർട്ടും ധരിച്ചുകൊണ്ടാണ് സന്നിഹിതരായിരുന്നതെന്നുള്ള വസ്തുതയും ഈയവസരത്തിൽ പ്രസ്താവയോഗ്യമാണു്. കൃത്യം ആറരമണിക്കുതന്നെ കച്ചേരി മൈതാനത്തു വന്നു അവിടെ സജ്ജമാക്കിയിരുന്ന മേശപ്പുറത്തു കയറി ചമ്പ്രം പടിഞ്ഞിരുന്നു ഗാന്ധിജി പ്രസംഗമാരംഭിച്ചു. ഏതാണ്ടു അരമണിക്കൂർ സമയത്തോളം ആംഗലഭാഷയിൽ സുലളിതമായി ചെയ്തിരുന്ന പ്രസംഗം സദസ്യർ ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ടിരുന്നു. ഇന്ത്യയിലെ ദാരിദ്ര്യം, തൊഴിലില്ലായ്മ, മാഞ്ചെസ്റ്ററിലും മററുമുള്ള മില്ലുകളിൽ നെയ്തെടുക്കുന്ന വസ്ത്രങ്ങൾ നമ്മുടെ ജനങ്ങൾ ധാരാളം വാങ്ങി ഉപയോഗിച്ചുവരുന്നതുകൊണ്ടുള്ള അപകടങ്ങൾ, അതിനുള്ള ചില പരിഹാരമാർഗ്ഗങ്ങൾ എന്നിങ്ങനെയുള്ള പലതിനെപ്പറ്റിയും ആ പ്രഭാഷണത്തിൽ പ്രകാശിപ്പിക്കുകയുണ്ടായി. എനിയ്ക്കു അദ്ദേഹത്തിൻ്റെ പ്രസംഗത്തേക്കാൾ കൗതുകകരമായിത്തീർന്നത് അദ്ദേഹത്തിൻ്റെ മുഖദർശനമായിരുന്നു. പല്ലുകളിൽ ഒന്നുപോലുമില്ലാതിരുന്ന ആ വായ് തുറക്കുന്നതും, നാവിളക്കുന്നതും എത്രകണ്ടിട്ടും എനിക്കു മതിയായിരുന്നില്ല. കണ്ണും, കരളും ഒരേ സമയം ആകർഷിച്ചുകൊണ്ടിരുന്ന ആ വന്ദ്യപുരുഷനെ ഞാനിന്നും എൻ്റെ മനോമുകുരത്തിൽ കാണാറുണ്ട്. ഗാന്ധിയൻ തത്വങ്ങളോടും ഖദർ വസ്ത്ര ധാരണത്തോടും അക്കാലം മുതൽ ആരംഭിച്ച പ്രോമം, ഇന്നും തുടർന്നുകൊണ്ടിരിക്കയാണ്.
പള്ളിപ്പുറത്ത് ജോലി ചെയ്തിരുന്ന കാലത്തുതന്നെയാണ്, ലേഖകൻ ആദ്യമായി കൊടുങ്ങല്ലൂർ കോവിലകത്തും പോയതു്. മദ്രാസിൽ തീപ്പെട്ട കൊച്ചി വലിയതമ്പുരാൻ 1094-ൽ തൃശൂർവച്ച് പല കവികൾക്കും സാഹിത്യകാരന്മാർക്കും ചില സ്ഥാനമാനങ്ങൾ നൽകുകയുണ്ടായി. ഉള്ളൂർ, വള്ളത്തോൾ തുടങ്ങിയവർക്കു കവിതിലക സ്ഥാനവും കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാനു കവി സാർവ്വഭൗമപദവും ലഭിച്ചു. കൊച്ചുണ്ണിത്തമ്പുരാനു് ഒരു വീരശൃംഖലയും മഹാരാജാവു് സമ്മാനിക്കുകയുണ്ടായി. എന്നു മാത്രവുമല്ല ആജീവനാന്തം പെൻഷനും. ഈ ഘട്ടത്തിൽ അദ്ദേഹം സദസ്സിൽ ചൊല്ലിയ ഒരു ശ്ലോകവും ശ്രദ്ധേയമാണ്.
സാരം ചേരുമുയർച്ചമന്നിലുളവാക്കിക്കൊണ്ടുദിച്ചേറ്റവും
പാരാഘോര തമസ്സൊഴിച്ചുയരുമീയാദിത്യ ഗോശ്രീശ്വരൻ
സ്വൈരം സൽക്കവിസാർവ്വ ഭൗമപദവും സ്വർണ്ണോല്ലസന്മുദ്രയും
പാരം പെൻഷനുമേകയാലതിശുഭം സജ്ജിതമെൻ ജാതകം.
ഇതായിരുന്നു, ആ ശ്ലോകം. ഡർബാർ കഴിഞ്ഞ അവസരത്തിൽ തമ്പുരാനെ അനുമോദിച്ചുകൊണ്ടു രസികന്മാരായ ചില നമ്പൂതിരിമാർ, ‘തമ്പുരാനു രണ്ടു കൈയ്ക്കും വീരശൃംഖലകൊടുക്കേണ്ടതായിരുന്നു’ എന്നു ഫലിതരൂപത്തിൽ തട്ടി വിട്ടു. പ്രത്യുല്പന്നമതിയായ തമ്പുരാൻ അപ്പോൾ നൽകിയ മറുപടിയും ശ്രദ്ധേയമാണു് –
മിതമായെങ്കിലേ സർവ്വം ഹിതമായി വരൂദൃഢം:
അതിയായാലനർത്ഥംതാൻ – ക്ഷിതിയിൽ ഭോജനം യഥാ
ഭോജനപ്രിയന്മാരായ ആ ദ്വിജന്മാർ ഇളിഭ്യന്മാരായി എന്നു പറയേണ്ടതില്ലല്ലൊ. കൊച്ചിയിൽ സ്ഥാനത്യാഗം ചെയ്ത മഹാരാജാവിൻ്റെ കാലത്ത് ഒരിക്കൽ, തൃശൂരുള്ള കാനാട്ടു കൊട്ടാരത്തിൽ കൊച്ചുണ്ണിത്തമ്പുരാൻ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, പന്തളത്തുതമ്പുരാൻ തുടങ്ങിയ പത്തുപന്ത്രണ്ടു കവികൾ മഹാരാജാവിനെ ചെന്നു കാണുകയുണ്ടായി. അവരെ യഥാവിധി സ്വീകരിച്ചശേഷം മഹാരാജാവ്, ഒരു മണിക്കൂർകൊണ്ടു് അക്ഷരശ്ലോകക്രമത്തിൽ സ്രഗ്ദ്ധരാ വൃത്തത്തിൽ ഇരുപതു ശ്ലോകങ്ങൾ വീതം എഴുതുവാൻ ആവശ്യപ്പെടുകയും, എല്ലാവരും ആ കൃത്യം യഥാവിധി നിർവ്വഹിക്കുകയും ചെയ്തു. എന്നാൽ കൊച്ചുണ്ണിത്തമ്പുരാനാകട്ടെ, കടലാസ്സിൽ ഒരു പദ്യവും കുറിക്കാതെ ഇരുപതു ശ്ലോകവും മുറയ്ക്കു ചെല്ലുകയും, സംസ്കൃതത്തിലും ആ ഇരുപതു ശ്ലോകവും ചൊല്ലികേൾപ്പിക്കയുമുണ്ടായി. ഇങ്ങനെയുള്ള അതുല്യ സിദ്ധികളോടുകൂടിയ ആ പ്രതിഭാപ്രഭാവനെ വളരെ നാളായി ചെന്ന് കാണുവാൻ ഈ ലേഖകൻ ആഗ്രഹിച്ചുവരികയായിരുന്നു. 1099 കർക്കടകത്തിലുണ്ടായ വലിയ മലവെള്ളപ്പൊക്കത്തിനുശേഷം, ചിങ്ങമാസത്തിൽ തെളിവുള്ള ഒരുദിവസം എൻ്റെ ജോലി സ്ഥലത്തിനു പത്തു പന്ത്രണ്ടു മൈൽ അകലത്തുള്ള കൊടുങ്ങല്ലൂർ കോവിലകത്തേയ്ക്കു ലേഖകൻ തനിച്ചു പുറപ്പെട്ടു. അക്കാലങ്ങളിൽ വെറും കൈയ്യോടെ രാജാക്കന്മാരെ ചെന്നു കാണുക സാധാരണമല്ല. അതിനാൽ വസന്തതിലകം വൃത്തത്തിൽ എഴുതിയ ഒരു മംഗളപഞ്ചകം ഹൃദിസ്ഥമാക്കിക്കൊണ്ടാണ് പുറപ്പെട്ടിരുന്നത്. കോവിലകത്തെത്തി സന്ദർശനാനുമതി ലഭിച്ച അവസരത്തിൽ അവിടുത്തെ അഭിവാദനം ചെയ്തുകൊണ്ട് യാതൊരു അനുമതിയും കാത്തുനിൽക്കാതെ ഹൃദിസ്ഥമാക്കിയിരുന്ന പദ്യങ്ങൾ ചൊല്ലുകയും ചെയ്തു. അത്ഭുതമെന്നേ പറയേണ്ടു; ഞാൻ ചൊല്ലിയ അതേ വൃത്തത്തിൽ, അഞ്ചു പദ്യങ്ങളിൽ ആ മതിപ്രഭാവൻ, നിന്ന നിൽപ്പിൽനിന്നു കൊണ്ടു് മറുപടി നൽകുന്നു! ഞാൻ അമ്പരന്നുപോയി! അല്ല, അല്പനേരത്തേയ്ക്കു ഞാൻ ആ സാരസ്വതപ്പൊയ്കയിൽ മുങ്ങിപ്പോയി.
‘കാളീകടാക്ഷ ഭ്രമരക്കളിപ്പൂ-
ങ്കാവായ കല്യൻ കവിസാർവ്വഭൗമൻ’
എന്ന പദ്യഭാഗം, ആ നിമിഷത്തിൽ അനുസ്മരിക്കയും ചെയ്തു. പക്ഷെ ഇന്നും ഞാൻ ഖേദിക്കുകയാണ്; അന്നു ആ കവി സാർവ്വഭൗമൻ ഉതിർത്ത പദ്യങ്ങളിലെ ഒരുവരിപോലും പരിഭ്രമത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലൊ എന്നോർത്ത്. സ്വന്തം മാതാവിൻ്റെ മരണത്തെത്തുടർന്ന് ഒരു വർഷത്തേയ്ക്ക് അദ്ദേഹം വ്രതാനുഷ്ഠാനത്തിൽ കഴിയുന്ന കാലമായിരുന്നു. അതു പൂർത്തിയാകുവാൻ രണ്ടുമൂന്നുമാസങ്ങൾകൂടി ഉണ്ടായിരുന്നു. അതിനാൽ അദ്ദേഹം അല്പം ചില കാര്യങ്ങൾ ചോദിച്ചറിഞ്ഞുവെന്നല്ലാതെ, കൂടുതൽ സംഭാഷണത്തിനൊന്നും മുതിർന്നില്ല. എന്നെ അനുഗ്രഹിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു. ‘നിങ്ങളെ കണ്ടതിൽ സന്തോഷമുണ്ട്. മൂന്നു മാസത്തിനുശേഷം നിങ്ങൾ വരിക. അപ്പോൾ കൂടുതൽ പലതും സംസാരിക്കാം.’ ലേഖകൻ, തിരുമേനിയെ തൊഴുതു വിടകൊള്ളുകയും ചെയ്തു. എന്നാൽ മൂന്നുമാസത്തിനുശേഷം, കോവിലകത്തു പോകുവാൻ എനിക്കു സൗകര്യം ലഭിക്കാതെവന്നു. ഈ സംഭവത്തിനുശേഷം അടുത്തവർഷത്തിൽ, 1101-ൽ, തമ്പുരാൻ തീപ്പെടുക്കുകയും ചെയ്തു.
മുനമ്പം പള്ളിമുറ്റത്ത് രണ്ടോ മൂന്നോ വർഷമേ ഞാൻ അദ്ധ്യാപകനായിരുന്നുള്ളൂ. പിന്നീടു സ്വദേശത്തിനടുത്തുള്ള കൂനമ്മാവ് ഇംഗ്ലീഷ് സ്കൂളിലേയ്ക്കു പോന്നു. ഇക്കാലത്തു മൂവാറ്റുപുഴയിൽ പോയി ഹയർട്രെയിനിങ്ങ് പരീക്ഷയ്ക്കു പ്രൈവറ്റായി ചേരുകയും, അതിൽ നല്ല വിജയം നേടുകയും ചെയ്തു. അനന്തരം പ്രൈവറ്റായി പഠിച്ചു കൊച്ചിയിലെ പണ്ഡിത പരീക്ഷയ്ക്കും, മദ്രാസ് യൂണി വേഴസിറ്റിവക വിദ്വാൻ പരീക്ഷയ്ക്കും, എഴുതുകയുണ്ടായി. എട്ടോ ഒൻപതോ വർഷങ്ങൾ കൂനമ്മാവിൽത്തന്നെ കഴിഞ്ഞുകൂടി. പിന്നീടു തേവരയിലേയ്ക്കു തിരിച്ചു. 1935-ലായിരുന്നു അത്. അക്കാലത്തു തേവരയിൽ ഹൈസ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളു. നല്ല നിലയിലുള്ള ഒരു ബോർഡിംഗു് ഹൈസ്കൂളിനോടനുബന്ധിച്ചു നടത്തിയിരുന്നു. ഹൈസ്കൂളിനടുത്ത് റോഡരികിലുള്ള ഒരു രണ്ടുനില കെട്ടിടത്തിൽ മുകൾഭാഗത്തുള്ള ഒരു മുറിയിൽ ലേഖകൻ താമസമുറപ്പിച്ചു. അവിടെ താമസിച്ചുകൊണ്ടു് പത്തു വർഷത്തോളം ഹൈസ്കൂളിലും, പതിനാറു വർഷത്തോളം കോളേജിലുമായി ജോലി ചെയ്തു. എന്റെ സാഹിത്യ ജീവിതത്തിനു വേണ്ടത്ര വളർച്ചയും, വികാസവുമുണ്ടായിത്തീർന്നതു് ഇവിടത്തെ ജീവിതകാലത്തായിരുന്നു എന്നു പ്രത്യേകം പറയേണ്ടതുണ്ട്.
പരിസരശക്തി ഗുണത്താൽ മർത്ത്യർ
പരിശുദ്ധരാകും പാപിഷ്ഠർ പോലും
എന്നു ചണ്ഡാലഭിക്ഷുകിയിൽ പറഞ്ഞിട്ടുള്ളത് എത്രയോ പരമാർത്ഥം! തേവരയിൽ താമസമായിരുന്നുവെങ്കിലും, എറണാകുളത്തും പരിസരങ്ങളിലുമുള്ള പല പണ്ഡിതപ്രവരന്മാരുമായി എനിക്കു വേഴ്ച പുലർത്താൻ സൗകര്യമുണ്ടായതാണു് അതിനു മുഖ്യകാരണവും. കേരളവർമ്മ അമ്മാവൻ തമ്പുരാൻ, സാഹിത്യകുശലൻ ടി. കെ കൃഷ്ണമേനോൻ, എ. ഡി. ഹരിശർമ്മ, പ്രൊഫസർ പി. ശങ്കരൻ നമ്പ്യാർ, കെ. വാസുദേവൻ മൂസ്സതു്, പി എസ്സ്. അനന്തനാരായണശാസ്ത്രി, കുറ്റിപ്പുറത്തു കേശവൻ നായർ, പ്രൊഫ. പി. എസ്. വേലായുധൻ, ഡോ. എൽ. വി രാമസ്വാമി അയ്യർ, കെ. പി. കറുപ്പൻ, ജി. ശങ്കരക്കുറുപ്പ്, പി. വി. കൃഷ്ണൻനായർ, വിദ്യാനിധി കെ. രാമപ്പിഷാരടി തുടങ്ങിയവർ ഇക്കാലത്തു് എനിക്കു തുടർച്ചയായി സമ്പർക്കം പുലർത്താൻ കഴിഞ്ഞവരിൽ ചില പ്രമുഖ വ്യക്തികളാണു്.
എതാണ്ട് നാല്പത്തിമൂന്നുവർഷത്തെ അദ്ധ്യാപക ജീവിതം ഞാൻ നയിച്ചിട്ടുണ്ട്. പ്രൈമറി ക്ലാസ്സുമുതൽ, ബി. എ. ക്ലാസ്സുവരെ പലതരത്തിലും പല പ്രായത്തിലുമുള്ള വളരെ വിദ്യാർത്ഥി വിദ്യാർത്ഥിനികളുമായി ഇക്കാലമത്രയും സമ്പർക്കം പുലർത്തുകയും ചെയ്തിട്ടുണ്ട്. ജീവിതത്തിൽ എറ്റവും മഹിതമായ ഒരു ജാലി അദ്ധ്യാപകവൃത്തിയാണെന്നു ഞാൻ ഇന്നും അഭിമാനപൂർവ്വം കരുതുന്നു. അറിവ് എന്നർത്ഥമായ വിദ് ധാതുവിൽനിന്നുത്ഭവിച്ച പദങ്ങളാണു, വാദ്ധ്യാർ, വൈദ്യൻ, വൈദികൻ എന്നിവ മൂന്നും. അദ്ധ്യാപകന്റെ മഹത്വം വ്യക്തമാക്കുവാൻ ഇതിലധികം മറ്റൊന്നും ഉദ്ധരിക്കേണ്ടതില്ല. ഭാവിയുടെ വാഗ്ദ്ധാനങ്ങളായ വിദ്യാർത്ഥികളുമായി കഴിയുന്ന കാലത്ത് ഈ ലേഖകൻ അവരിൽ ഒരുവനായിത്തീരുകയാണു് പതിവ്. അവരുടെ അഭിരുചികളേയും അഭിലാഷങ്ങളേയും മനസ്സിലാക്കുവാൻ ഞാൻ മിക്കവാറും ശക്തനായി തീർന്നിട്ടുമുണ്ട്. അദ്ധ്യാപകൻ തൻ്റേതായ അന്തരീക്ഷത്തിൽത്തന്നെ വ്യാപരിക്കണമെന്നുള്ള അഭിപ്രായമാണു ഇന്നുമെനിക്കുള്ളത്. അയാൾ എന്നുമൊരു വിദ്യാർത്ഥിയായിരിക്കയും വേണം. എന്നാൽ മാത്രമേ അയാൾക്കു ജീവിതത്തിലും സ്വകൃത്യ നിർവ്വഹണത്തിലും കാലോചിതമായ വിജയം നേടുവാൻ കഴിയുകയുള്ളു. വിദ്യാന്തരീക്ഷത്തിൽ സ്നേഹവും സേവനവുമാണെപ്പൊഴും ആവശ്യം. എന്റെ അദ്ധ്യാപക ജീവിതത്തിൽ ചിലപ്പൊഴൊക്കെ വിദ്യാർത്ഥികളെ ശകാരിക്കയും ശിക്ഷിക്കയും ചെയ്തിട്ടുണ്ട്. എന്നാൽ ഒരിക്കലും ഞാൻ അവരെ വെറുത്തിട്ടില്ല. അവർ എന്നെയും. ഇന്നും ഞാൻ അവരെയും, അവർ എന്നെയും കാണുമ്പോൾ സ്നേഹപരവശരായിത്തീരാറുണ്ട്.
ഒരിക്കലും ക്ലാസ്സുകളിൽ ഞാൻ വെറും കൈയോടെ കടന്നു ചെല്ലാറില്ല. അതതു ക്ലാസ്സുകൾ അനുരൂപമായവ തയ്യാറാക്കിക്കൊണ്ട് വിദ്യാർത്ഥികളെ സമീപിക്കാറുള്ളൂ. ആവശ്യമുള്ളതു കൊടുക്കുകയും, ബാക്കിയുള്ളതു സൂക്ഷിക്കുകയും ചെയ്യും. വളരെ അത്യാവശ്യമുണ്ടെങ്കിലല്ലാതെ, അവകാശമുണ്ടല്ലോ എന്നുള്ള ന്യായത്താൽ, അവധി എടുക്കുന്ന പതിവും എനിക്കില്ല. അദ്ധ്യാപക ജീവിതത്തിൽ അത്രത്തോളം മതിപ്പും താല്പര്യവുമാണെനിക്കുള്ളത്.
തേവര കോളേജിൻ്റെ തുടക്കത്തിൽ അതിലേയ്ക്കാവശ്യമുള്ള മലയാളം, സംസ്കൃതം ലൈബ്രറി പുസ്തകങ്ങളുടെ വിഷയത്തിൽ ഒരു ലിസ്റ്റ് ഉണ്ടാക്കുവാൻ അധികൃതന്മാരുടെ താല്പര്യമനുസരിച്ച് ഈ ലേഖകൻ വളരെ ബുദ്ധിമുട്ടുകയുണ്ടായി. കോളേജ് ആരംഭിച്ചപ്പോൾ മലയാള വിഭാഗത്തിൽ നിയമിച്ചുകൊള്ളാമെന്ന് ആദ്യം മുതൽക്കേ പറഞ്ഞിരുന്ന മാനേജ്മെൻ്റെ്, തല്ക്കാലം എനിക്കവിടെ ജോലിതന്നതുമില്ല. മലയാളത്തിനു പല വർഷങ്ങളിലും തേവര ഹൈസ്കൂൾ സ്റ്റേറ്റിൽ ഉന്നതസ്ഥാനത്തെത്തിയിരുന്നു. ഫസ്റ്റ് റാങ്കിനുള്ള സ്വർണ്ണ മെഡലും കരസ്ഥമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള ചുറ്റുപാടുകൾകൊണ്ടായിരുന്നു, ആദ്യത്ത ഒന്നു രണ്ടുവർഷം എന്നെ തഴഞ്ഞുവെച്ചതെന്നു തോന്നുന്നു. പിന്നീടുവന്ന മാനേജുമെൻ്റെ് വേണ്ടപോലെ നീതി പുലർത്തുക തന്നെ ചെയ്തു. കോളേജു ജീവിതകാലത്തും അവിടത്തെ വിദ്യാർത്ഥികളും അദ്ധ്യാപകരുമായി വളരെ സൗഹാർദ്ദപൂവ്വം കഴിഞ്ഞുകൂടുവാൻ എനിക്കു സാധിച്ചു എന്നുള്ളതിൽ വളരെ ചാരിതാർത്ഥ്യമുണ്ട്. തേവര കോളേജിൽനിന്നു പിരിഞ്ഞു പോന്നിട്ടു രണ്ടു ദശാബ്ദം കഴിഞ്ഞുവെങ്കിലും, ഇന്നും അവിടത്തെ മാനേജുമെൻ്റെും സ്റ്റാഫും എൻ്റെ നേരെ സ്നേഹവും താല്പര്യവും പുലർത്തുന്നവരാണെന്നുള്ളതു ഞാൻ കൃതജ്ഞതാപൂർവ്വം സ്മരിക്കാറുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ, കഴിഞ്ഞ എന്റെ അദ്ധ്യാപകജീവിതത്തിലെ ഒരു ഘട്ടത്തിലും നിരാശയ്ക്കോ പശ്ചാത്താപത്തിനോ എനിക്കധികമൊന്നും അവകാശം കാണുന്നില്ല. ആ പ്രഗൽഭത അല്പമൊക്കെ ഉണ്ടായിരുന്നിരിക്കാം. സാമ്പത്തികമായുള്ള ഉയർച്ച കുറവായിരുന്നിരിക്കും, എങ്കിലും ആത്മാർത്ഥതയോടെ എന്നും പ്രവത്തിച്ചിരുന്നു എന്നുള്ളതിൽ എനിയ്ക്ക് അനല്പമായ കൃതാർത്ഥതയുണ്ട്.
കുട്ടിക്കാലം മുതൽക്കേ ശ്ലോകങ്ങൾ കേൾക്കുന്നതിലും ചൊല്ലുന്നതിലും എനിക്കു വളരെ താല്പര്യമായിരുന്നു. ശുഷ്കവിഷയമാണെങ്കിലും അമരരകാശം ആദ്യത്തെ രണ്ട് കാണ്ഡങ്ങളും ഏതാനും മാസങ്ങൾകൊണ്ടു ഹൃദിസ്ഥമാക്കുകയുണ്ടായി. ജ്യേഷ്ഠ സഹോദരൻ പ്രഭാതത്തിൽ ഉറക്കമുണർന്നു രഘുവംശം മുതലായ കാവ്യങ്ങൾ വായിക്കുന്ന അവസരങ്ങളിൽ കിടപ്പിൽത്തന്നെ അവയിൽ ചിലതു ഹൃദിസ്ഥമാക്കുവാനും ശ്രമിച്ചിരുന്നു. പറവൂർ പഠിക്കുന്ന കാലത്തു സതീർത്ഥ്യരോടൊത്തു് അക്ഷരശ്ലോകം ചൊല്ലുന്ന പതിവും ആരംഭിക്കാതിരുന്നില്ല. ചിലതു സ്വന്തമായി നിർമ്മിക്കാനും ശ്രമിച്ചിരുന്നു. വസന്തോപാലംഭം, ശക്തിസ്തവം തുടങ്ങിയ ചില കൃതികൾ, അല്ല വികൃതികൾ പ്രസിദ്ധപ്പെടുത്തുകയുമുണ്ടായിട്ടുണ്ട്. അക്കാലത്തെ പതിവനുസരിച്ച് തിരുവിതാംകൂറിലേയും, കൊച്ചിയിലേയും മഹാരാജാക്കന്മാരുടെ ആട്ടത്തിരുനാളുകളോടനുബന്ധിച്ച് മംഗളശ്ലോകങ്ങൾ എഴുതുവാനും തുനിയാതിരുന്നിട്ടില്ല. അരനൂറ്റാണ്ടുകൾക്കുമുമ്പ്, കൊച്ചി ഉത്രാടംതിരുനാൾ കേരളവർമ്മ മഹാരാജാവിൻ്റെ ആട്ടത്തിരുനാൾ പ്രമാണിച്ച് അദ്ദേഹത്തെ സന്ദർശിക്കുവാൻ തൃപ്പൂണിത്തുറ കൊട്ടാരത്തിൽപോയ അവസരത്തിൽ ഒരു മംഗളപഞ്ചകവുംകൂടെ കൊണ്ടുപോകാതിരുന്നില്ല. രാജധാനിയിൽ അന്ന് എന്നോടൊപ്പം ചങ്ങരം കോതകൃഷ്ണൻ കർത്താവു് തുടങ്ങിയ ചില പ്രസിദ്ധകവികളും വന്നിരുന്നു. മംഗളപഞ്ചകം മഹാരാജാവിൻ്റെ മുമ്പിലെത്തി വായിച്ചു സമർപ്പിക്കയും, ഓണപ്പുടവ മുതലായവ നേടി മടങ്ങുകയുമുണ്ടായിട്ടുണ്ടെന്ന വസ്തുതയും ഈയവസരത്തിൽ ഓർമ്മിച്ചുപോവുകയാണു്.
സർവ്വാധികാര്യക്കാർ പി. ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രം ഞാൻ വളരെമുമ്പേതന്നെ വായിച്ചിരുന്നു. മുഖ്യപരീക്ഷ, പണ്ഡിതപരീക്ഷ എന്നിവയ്ക്കു പഠിക്കുന്ന പ്രസ്തുത കൃതി കൂടുതൽ ശ്രദ്ധിക്കയും ചെയ്തിരുന്നു. 1922-ൽ പ്രൊഫ. പി. ശങ്കരൻനമ്പ്യാരുടെ സാഹിത്യചരിത്രസംഗ്രഹം പ്രസിദ്ധപ്പെടുത്തി. ഉടനെ ഞാനതു വാങ്ങി വായിക്കുകയും ചെയ്തു. പ്രസ്തുത കൃതിയിൽ ചമ്പുക്കളെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗം, എനിക്കു വളരെ ഹൃദ്യമായി തോന്നി. ഭാഷയിലെ മറ്റു മണിപ്രവാള കാവ്യങ്ങളെപ്പറ്റി വായിച്ചറിയുവാനുള്ള ഒരഭിനിവേശം അതോടുകൂടി എന്നിൽ വർദ്ധിച്ചുവന്നു. അങ്ങനെ മണിപ്രവാളകൃതികൾ ഓരോന്നും വായിക്കുവാനിടയായതോടെ, ‘ധർമ്മരാജ്യം’ എന്ന ഒരു പത്രത്തിൽ ‘മലയാളത്തിലെ മണിപ്രവാള കവിത’ എന്നൊരു ലേഖനപരമ്പര പ്രസിദ്ധപ്പെടുത്തുവാൻ ആരംഭിച്ചു. പലർക്കും അതുവളരെ രസപ്രദമായി തോന്നുകയും ചെയ്തു. അങ്ങനെ വന്നപ്പോൾ ചീരാമകവി മുതൽ കുഞ്ചൻനമ്പ്യാർവരെയുള്ള കവികൾ ദ്രാവിഡ വൃത്തങ്ങളിൽ എഴുതിയിട്ടുള്ള കൃതികളെക്കുറിച്ചും ചിലതു കുറിക്കുവാൻ ഉത്സാഹം തോന്നിത്തുടങ്ങി. അതോടെ ആധുനിക കവിതയിലേയ്ക്കു കടക്കുകയായി. ഇങ്ങനെയാണു് ചീരാമകവി മുതൽ ജി. ശങ്കരക്കുറുപ്പുവരെയുള്ള കവികളേയും അവരുടെ കാവ്യങ്ങളേയും, വഴിക്കു വഴിയെ പ്രദർശിപ്പിച്ചുകൊണ്ടുള്ള ‘ഭാഷാകവിത അഥവാ പദ്യസാഹിത്യം’ എന്ന കൃതി ആദ്യമായി പുറപ്പെട്ടതു്.
പ്രസ്തുതകൃതി അന്നത്തെ സാഹിത്യ രസികന്മാരിൽ പലരിലും വലിയ കൗതുകം വളർത്തി എന്നു തോന്നുന്നു. സർവ്വാധികാര്യക്കാരുടെ ഭാഷാചരിത്രം കൊല്ലവർഷം 1056 വരെയുള്ള കവികളേയും അവരുടെ കൃതികളേയും കുറിച്ചുള്ള പ്രസ്താവങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ശങ്കരൻനമ്പ്യാരുടെ സാഹിത്യ ചരിത്ര സംഗ്രഹത്തിൽ കേരളവർമ്മവരെയുള്ള പ്രധാനകവികളുടെ കൃതികളെപ്പറ്റിയും, ആർ. നാരായണപ്പണിക്കരുടെ ‘കേരള ഭാഷാ സാഹിത്യ ചരിത്രത്തിൻ്റെ ആദ്യത്തെ ചില വാക്യങ്ങൾ മാത്രമേ അക്കാലത്തു പുറപ്പെട്ടിരുന്നുള്ളു. ആധുനിക കവികളെപ്പറ്റിയുള്ള പ്രസ്താവമൊന്നും അവയിൽ ഉണ്ടായിരുന്നില്ല. ഈ നിലയിൽ കേരളവർമ്മയ്ക്കു ശേഷം, കുമാരനാശാൻ മുതൽ ജി. ശങ്കരക്കുറുപ്പുവരെയുള്ള കവികളേയും അവരുടെ കൃതികളേയും കുറിച്ചുള്ള വിലയിരുത്തൽ, അഥവാ, ഭാഷാപദ്യ സാഹിത്യത്തിലെ ഓരോ പ്രസ്ഥാനത്തേയും കുറിച്ചു കാലപൗർവ്വാപര്യമനുസരിച്ചു ചെയ്ത വിമർശം പലർക്കും രസകരമായി തോന്നുകയും ചെയ്തു. അന്നു എറണാകുളം മഹാരാജാസ് കോളേജിൽ ഇന്റർമീഡിയറ്റു ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള ഈ ലേഖകൻ ജോലി ചെയ്യുന്ന തേവരയിൽ വരികയും പ്രസ്തുത കൃതിയെപ്പറ്റി സന്തോഷപൂർവ്വം സംസാരിക്കുകയും അദ്ദേഹത്തിൻ്റെ ആദ്യകൃതിയായ ബാഷ്പാഞ്ജലിയുടെ ഒരു പ്രതി എനിക്കു സമ്മാനിക്കുയും ചെയ്തത് ഇപ്പൊഴും ഓർമ്മയിൽ വരികയാണ്.
ഭാഷാ കവിതയ്ക്ക് അക്കാലത്തു കുറെയേറെ സ്വീകരണങ്ങൾ ലഭിച്ചുവെങ്കിലും അതിൽ അപൂർണ്ണതകളും പല പാകപ്പിഴകളും വന്നുകൂടിയിരുന്നുവെന്നു എനിക്കു മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നു. ആ വക ന്യൂനതകളെ കഴിയുന്നത്ര പരിഹരിച്ചുകൊണ്ടു മുന്നോട്ടു പോകുവാൻതന്നെ തീർച്ചയാക്കുകയും ചെയ്തു. അങ്ങനെ അത്യാധുനിക കവിതകൾ, സിനിമാഗാനങ്ങൾവരെയുള്ള കാവ്യപ്രസ്ഥാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇതിനകം അഞ്ചു പതിപ്പുകൾ പുറത്തിറക്കുവാൻ ലേഖകനു കഴിഞ്ഞിട്ടുണ്ട്. കുറച്ചുകൂടി പരിഷ്കരണങ്ങൾ ചെയ്തു പുതിയ പതിപ്പു് അടിച്ചുവരികയാണിപ്പോൾ.
പദ്യസാഹിത്യ ചരിത്രത്തിനു് ആദ്യമായവതാരിക എഴുതിയ പ്രൊഫ കേരളവർമ്മ അമ്മാവൻ തമ്പുരാൻ മലയാളഗദ്യ സാഹിത്യത്തിനും പ്രസ്ഥാന രൂപത്തിലുള്ള ഒരു ചരിത്രം എഴുതുന്നതു നന്നായിരിക്കുമെന്നും എന്നെ ഉപദേശിച്ചിരുന്നു. വളരെ ക്ലേശകരമായ ഒരു കൃത്യമാണതെന്ന് ഈ അല്പജ്ഞൻ അന്നു് മനസ്സിലാക്കിയിരുന്നില്ല. എങ്കിലും തമ്പുരാനെപ്പോലെയുള്ള മഹാപുരുഷന്മാരുടെ അനുഗ്രഹത്തോടുകൂടി ഒന്നു ശ്രമിച്ചുനോക്കാം എന്നു തോന്നിത്തുടങ്ങി.
പ്രസ്തുത പ്രേരണയുടെ ഫലമായി പലതും അന്വേഷിച്ചു തുടങ്ങുകയും, കിട്ടുന്നതെല്ലാം ശേഖരിക്കുകയും ചെയ്തു തുടങ്ങി. ഇങ്ങനെ കഴിയുന്ന കാലത്താണ്, 1940-ൽ, പാലക്കാട്ടുവച്ച് സാഹിത്യപരിഷത്തിൻ്റെ പതിനാലാം വാർഷിക സമ്മേളനം കൊണ്ടാടിയതും, പ്രസ്തുത സമ്മേളനത്തിലെ ഒരു യോഗത്തിൽ, ഗദ്യ സാഹിത്യത്തെപ്പറ്റി ഒരു പ്രസംഗം ചെയ്യണമെന്നു കാണിച്ച് അമ്മേളനത്തിൻ്റെ കാര്യദർശിയായ മഹാകവി പള്ളത്തുരാമൻ്റെ ഒരു കത്തുവന്നു ചേർന്നതും. ഉർവ്വശീ ശാപം ഉപകാരം എന്ന മട്ടിൽ, മനസ്സിൽ തളംകെട്ടിക്കിടന്ന ആശയങ്ങൾക്ക് ഒരു വൈഖരീരൂപം കൊടുക്കാൻ ഇതുതന്നെ സന്ദർഭമെന്നു നിനച്ച്, പ്രസംഗത്തിനു് ഒരു പ്രബന്ധം എഴുതിയുണ്ടാക്കുകയും ചെയ്തു. പഴയ ഗദ്യകൃതികളെപ്പറ്റിയുള്ള പ്രസ്താവത്തെത്തുടർന്നു് ആധുനിക ഗദ്യ പ്രസ്ഥാനങ്ങൾവരെ ഓരോന്നിനേയും പരാമർശിച്ചുള്ള വിലയിരുത്തൽ പലർക്കും കൗതുകകരമായിത്തോന്നി. ഗീവറുഗീസുകത്തനാർ അഥവാ റവ: ജോർജുമാത്തനെപ്പറ്റിയും അദ്ദേഹത്തിൻ്റെ ആധുനിക രീതിയിലുള്ള ഗദ്യകൃതികളെപ്പറ്റിയും മറ്റുമുള്ള പ്രസ്താവങ്ങൾ വടക്കെ മലബാറിലുള്ള പലരും ആദ്യമായി കേൾക്കുകയായിരുന്നുവെന്നും അവരുടെ മുഖ ഭാവങ്ങൾകൊണ്ട് എനിക്കു തോന്നാതിരുന്നില്ല. പ്രസംഗാനന്തരം, പാലക്കാട്ടു സമ്മേളനത്തിൻ്റെ പൊതു അദ്ധ്യക്ഷനായിരുന്ന കൊച്ചി രാമവർമ്മ അപ്പൻ തമ്പുരാൻ എന്നെ അദ്ദേഹത്തിൻ്റെ സമീപത്തേയ്ക്കു വരുത്തി വളരെയേറെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കയുണ്ടായി. പ്രൊഫസർ മുണ്ടശ്ശേരി പ്രസ്തുത പ്രബന്ധം, അന്നുതന്നെ എന്നിൽനിന്നു വാങ്ങിയെടുക്കയും, ആയിടയ്ക്ക് അദ്ദേഹത്തിൻ്റെ പത്രാധിപത്യത്തിൽ തൃശ്ശൂർനിന്നു പുറപ്പെട്ടിരുന്ന ‘കൈരളി’യിൽ ഏതാനും ലക്കങ്ങളിലായി പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി. ഇത്രയുമായപ്പോൾ പ്രസ്തുതഗദ്യ ചരിത്രത്തിന്റെ പൂർണ്ണതയ്ക്കുവേണ്ടിയുള്ള ശ്രമം കുറെയേറെ മുന്നോട്ടു നീങ്ങിത്തുടങ്ങുകയുമായി. ഈ വിധത്തിലാണു് 1955-ൽ, ഭാഷാഗദ്യ സാഹിത്യചരിത്രത്തിൻ്റെ ഒന്നാം പതിപ്പു പുറത്തുവന്നത്.
പദ്യസാഹിത്യ ചരിത്രത്തിൻ്റെ വിഷയത്തിലെന്നപോലെതന്നെ, ഇതിൻ്റെ ഒന്നാം പതിപ്പിലും അപൂർണ്ണതകൾ പലതുമുണ്ടായിരുന്നു എന്നു വരികിലും ഭാഷയിൽ ഗദ്യപ്രസ്ഥാനങ്ങളെ പുരസ്ക്കരിച്ചുണ്ടായ ആദ്യത്തെ സാഹിത്യ ചരിത്രം എന്നൊരു ബഹുമതി പ്രസ്തുത കൃതിക്കു ലഭിക്കാതെയിരുന്നില്ല. പ്രസ്തുത കൃതി ആയിടയ്ക്കു വായിച്ച ഡോക്ടർ പി. ജെ. തോമസ്, ‘നിങ്ങൾക്ക് ഇത്രയധികം പഴയകൃതികൾ എങ്ങനെ നേടുവാൻ കഴിഞ്ഞു’ എന്നും അത്ഭുതപൂർവ്വം ചോദിക്കയുണ്ടായി എന്ന വസ്തുത കൂടി ഇടയ്ക്കു പറഞ്ഞു കൊള്ളട്ടെ. ഒന്നാം പതിപ്പിൽ വന്ന പിഴകൾ തിരുത്തിയും കൂടുതൽ അദ്ധ്യായങ്ങൾ ചേർത്തും, 1964-ൽ രണ്ടാം പതിപ്പും, 1969-ൽ ഈയുള്ളവൻ്റെ സപ്തതിയോടനുബന്ധിച്ച് കൂടുതൽ പരിഷ്കരിച്ച മൂന്നാം പതിപ്പും പ്രസിദ്ധപ്പെടുത്തുകയുണ്ടായി. നാലാംപതിപ്പ് കൂടുതൽ പലതും കുട്ടിച്ചേർത്ത് കഴിയുന്നത്ര ശ്രദ്ധയോടുകൂടി 1978-ൽ ഇരുപത്തഞ്ചദ്ധ്യായങ്ങളിൽ പ്രസിദ്ധപ്പെടുത്തുവാനും കഴിഞ്ഞു. ഇന്നു പ്രസ്തുത കൃതിയുടെ ഒരു പ്രതിയും ഇല്ലാതായിരിക്കയാണു്. അഞ്ചാം പതിപ്പിനുള്ള പരിഷ്കരണങ്ങളാണ് ഇപ്പോൾ ആരംഭിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ മലയാള പദ്യ സാഹിത്യ ചരിത്രവും ഗദ്യസാഹിത്യ ചരിത്രവും പ്രസ്ഥാന രൂപത്തിൽ ആദ്യമായി പ്രസിദ്ധപ്പെടുത്തുവാൻ സഹൃദയരായ വായനക്കാരുടെ കാരുണ്യത്താൽ എനിക്കു സാധിച്ചു എന്നുള്ളതിൽ അനല്പമായ ചാരിതാർത്ഥ്യമുണ്ട്.
പരേതന്മാരായ ഇരുപതു മലയാളി മഹാന്മാരുടെ പേരുകൾ സ്ഥാനമൊപ്പിച്ച് എഴുതിയയക്കുന്നതിൽ പാടവം ദർശിപ്പിക്കുന്ന അഞ്ചു പേർക്കു സമ്മാനം നൽകുന്നതാണെന്നു 1095-ൽ ഭാഷാപോഷിണിയുടെ ഭാരവാഹികൾ പ്രഖ്യാപനം ചെയ്തിരുന്നു. അതനുസരിച്ച് ഇരുപതു മലയാളി മഹാന്മാരുടെ പേരുകൾ ഈ ലേഖകനും കുറിച്ചയക്കുകയുണ്ടായി. അവരുടെ പരിശോധനയിൽ സമ്മാനാർഹരായ അഞ്ചുപേരിൽ ഒരുവനായിരുന്നു ലേഖകൻ. ഭാഷാപോഷിണിയിൽ ആയുർവേദ ശാസ്ത്രവിഷയകമായി ലേഖനമെഴുതിയിരുന്നതിനെപ്പറ്റി ഇതിനു മുൻപെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. സത്യനാദം, നസ്രാണി ദ്വീപിക, കേരള ദാസൻ, കേരളീയ കത്തോലിക്കൻ എന്നിങ്ങനെയുള്ള ചില പത്രമാസികകളിലും അക്കാലങ്ങളിൽ ചിലതൊക്കെ കുറിച്ചുകൊണ്ടിരുന്നു. എന്നാൽ അവയൊന്നും ഇന്ന് എടുത്തു പറയത്തക്കവയല്ല. സാഹിത്യ വിഷയകമായി ഗണനീയമായ ചില ലേഖനങ്ങൾ എഴുതിത്തുടങ്ങിയതു പിന്നീടു മാത്രമാണ് ആയിടയ്ക്ക് ‘ഭാഷാവൃത്തവും സംസ്കൃതവൃത്തവും’ എന്നൊരു ലേഖനമെഴുതുകയുണ്ടായി. പ്രസ്തുത ലേഖനം, എ ഡി. ഹരിശർമ്മ വാങ്ങി ‘കോട്ടയം മാസിക’യ്ക്കയച്ചുകൊടുത്തു. അതു പ്രസ്തുത ലക്കത്തിലെ ആദ്യലേഖനമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. എന്റെ സാഹിത്യ ജീവിതത്തിൽ വലിയൊരു പ്രോത്സാഹനമായിരുന്നു, ആ സംഭവം. ഹരിശർമ്മമാസ്റ്റർ എൻ്റെ സാഹിത്യ പ്രവർത്തനങ്ങളിൽ പലതിലും സഹായഹസ്തം നൽകിക്കൊണ്ടിരുന്ന എൻ്റെ ഒരു ഉൽക്കർഷകാംക്ഷി തന്നെയായിരുന്നു. ഉള്ളൂർ, വള്ളത്തോൾ, വടക്കംകൂർ മുതലായവരും എന്റെ സാഹിത്യപഥസഞ്ചാരത്തിൽ മാർഗ്ഗദർശനവും ഉത്തേജനവും വേണ്ടത്ര നൽകിയിട്ടുള്ളവർതന്നെ.
ഭാഷാഗദ്യ സാഹിത്യ ചരിത്രത്തിൻ്റെ ആദ്യപതിപ്പ് 1955-ൽ പുറപ്പെട്ടപ്പോൾ അതിന്റെ ഒരു പ്രതി മഹാകവി വള്ളത്തോളിനും അയക്കുകയുണ്ടായി. മഹാകവി അക്കാലത്തു ഋഗ്വേദ തർജ്ജമയ്ക്കായി മദിരാശിയിൽ താമസിച്ചുവരികയായിരുന്നു. ഋഗ്വേദ തർജ്ജമയ്ക്കായി ഞാനിവിടെ കഴിഞ്ഞു കൂടുകയാണെന്നു നിങ്ങൾക്കറിയാമല്ലൊ. നാട്ടിലിരുന്നാൽ പലരുമായും സംഭാഷണത്തിലേർപ്പെടേണ്ടിവരും. ലോകവിശേഷങ്ങൾ അറിയുവാൻ, മലയാളമനോരമ, മാതൃഭൂമി എന്നീ രണ്ട് ദിനപ്പത്രങ്ങൾ മാത്രമെ നോക്കാറുള്ളു. നിങ്ങളുടെ പുസ്തകം പിന്നീടു വായിച്ചുകൊള്ളാം. ഏതാണ്ട് ഈയർത്ഥത്തിൽ അദ്ദേഹം എനിക്കൊരു കത്തയച്ചിരുന്നു. ഋഗ്വേദ തർജ്ജമയ്ക്കു ശേഷം, മഹാകവി ചെറുതുരുത്തിയിൽ എത്തുകയും യഥാവസരം ഗദ്യസാഹിത്യ ചരിത്രം അദ്ദേഹം നോക്കുകയുമുണ്ടായി. പിന്നീടയച്ച കത്തിൽ പ്രസ്തുതകൃതി കേന്ദ്രസാഹിത്യ അക്കാദമിക്ക് അയക്കുവാൻ എന്നെ ഉപാദശിക്കുകയും ചെയ്തു. അക്കാലത്തു് ഡൽഹിയിലെ സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷൻ സർദാർ കെ. എം. പണിക്കരും, ഉപാദ്ധ്യക്ഷൻ മഹാകവി വള്ളത്തോളുമായിരുന്നു.
1956-ൽ അക്കാദമികൂടി. ആ അവസരത്തിൽ മഹാകവി ഇങ്ങനെ അഭിപ്രായപ്പെട്ടു. 1953, 54, 55 എന്നീ കൊല്ലങ്ങളിൽ പുറത്തിറങ്ങിയ പുസ്തകങ്ങളിൽവെച്ച് അത്യുത്തമായ ഒന്നിനു് സാമാനം കൊടുക്കുവാനാണല്ലൊ അക്കാമി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ 5000 ഉറുപ്പിക സംഭാവനയർഹിക്കുന്ന ഒരു പുസ്തകവും ഈ മൂന്നു വർഷങ്ങളിൽ കൈരളിക്കു കൈവന്നിട്ടില്ല. ഈ പണം നല്ല നല്ല ചെറു പുസ്തകങ്ങൾക്കായി വിഭജിച്ചുകൊടുക്കുകയാണുത്തമം ഈ അഭിപ്രായത്തോടു സർദാർ പണിക്കരും യോജിച്ചു. എന്നാൽ മഹാകവിയുടെലക്ഷ്യം
ഗൂഢവുമായി മനസ്സിലാക്കിയിരുന്ന അക്കാദമിയിലെ അംഗങ്ങളിൽ ചിലർ അദ്ദേഹത്തിൻ്റെ അഭിപ്രായത്തോടു യോജിച്ചില്ല. ഒറ്റപ്പുസ്തകത്തിനുമാത്രമായി സമ്മാനം കൊടുക്കാൻ കഴിയാത്ത നിലയ്ക്ക് ഇത്തവണ സമ്മാനം നൽകേണ്ടതിമല്ലെന്നുതന്നെ തീരുമാനിക്കയാണുത്തമം എന്നവർ അഭിപ്രായപ്പെടുകയും ചെയ്തു. അതിനാൽ ഇത്തവണ ആർക്കും സമ്മാനമൊന്നുമില്ലാതെവന്നു. ‘ഞാൻ തോറ്റു. പണിക്കരും തോറ്റു. ചുമ്മാറിൻ്റെ ചിരന്തന സുഹൃത്തുക്കളിൽനിന്നുമാണ് ഈ എതിർപ്പുണ്ടായതു്’ എന്നു കൂടി പുറയുവാൻ അദ്ദേഹം മടിച്ചില്ല. മഹാകവിക്കു എൻ്റെ നേരെയുള്ള വാത്സല്യമാണ് ഇത്രത്തോളം പറയുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും പറയേണ്ടതില്ലല്ലൊ. ഈ വസ്തുതകൾ മനസ്സിലാക്കിയ ലേഖകൻ വിനീതമായി ഇങ്ങനെ ഉണർത്തിച്ചു; ഇതൊന്നും സാരമില്ല, അങ്ങനെപ്പോലെയുള്ള ഗുരുജനങ്ങളുടെ അനുഗ്രഹമാണ് ഞാൻ കൂടുതൽ ആഗ്രഹിക്കുന്നതു്. അത്രയും മഹത്വം മറ്റൊരു വഴിക്കും കിട്ടുകയില്ല. ‘എൻ്റെ ഈ വാക്കുകൾ അദ്ദേഹം അപ്പോൾ കേട്ടുവെന്നേയുള്ളൂ. എന്നാൽ അദ്ദേഹത്തിന്റെ ഉപബോധമനസ്സിൽ ഈ ചിന്ത അമർന്നു കിടന്നിരുന്നുവെന്നും തോന്നുന്നു. മഹാകവിയുടെ ചരമ ദിനത്തിന്റെ തലേ ദിവസം വൈകന്നേരം ഞാൻ അദ്ദേഹത്തെ ചെന്നുകണ്ട അവസരത്തിലും – മഹാകവി അപ്പോൾ അല്പം സുഖസ്ഥിതിയിൽ കഴിയുന്ന ഘട്ടമായിരുന്നു – ‘ചുമ്മാറിനു് ഒരു സാഹയം ചെയ്യുവാൻ എനിക്കു സാധിച്ചില്ല’ എന്നു പ്രസ്താവിച്ചതിൽനിന്നു് ആ വസ്തുത വ്യക്തമാകുന്നു.
ഭാഷാഗദ്യ സാഹിത്യ ചരിത്രത്തിനു പാരിതോഷികം നൽകുവാൻ മഹാകവി വള്ളത്തോൾ ചെയ്ത യത്നം തല്ക്കാലം പരാജയപ്പെട്ടുവെങ്കിലും, പ്രസ്തുത കൃതിക്കു് മറ്റൊരു തരത്തിൽ വിജയം നേടുവാൻ കഴിഞ്ഞു. വർഷങ്ങളായി തൃപ്പൂണിത്തുറ രാജധാനിയിൽ കൂടാറുള്ള ശാസ്ത്രസദസ്സിൻ്റെ അവസാനത്തിൽ മഹാരാജാവിൻ്റെ അദ്ധ്യക്ഷതയിൽ, അതിൽ വാർഷിക സമ്മേളനവും കൊണ്ടാടുക പതിവുണ്ട്. തദവസരത്തിൽ അതതു വിഷയങ്ങളിൽ പ്രഗത്ഭരായ പണ്ഡിതന്മാർക്കു മഹാരാജാവിൻ്റെ വകയായി പണ്ഡിതരാജമെഡൽ, സാഹിത്യ നിപുണൻ വർണ്ണമുദ്ര എന്നിങ്ങനെയുള്ള ചില പാരിതോഷികങ്ങൾ നൽകുന്നതും പതിവാണു്. 1960 ജനുവരിയിൽ കൊണ്ടാടിയ വാർഷികം, അക്കാലത്തു കൊച്ചിരാജാവായിരുന്ന മഹാപണ്ഡിതൻ പരിഷത്തു രാമവർമ്മതമ്പുരാൻ സാന്നിദ്ധ്യത്തിലും ഇൻഡ്യൻ ചീഫ് ജസ്റ്റിസ് പതഞ്ജലിശാസ്ത്രിയുടെ അധ്യക്ഷതയിലുമായിരുന്നു നടന്നത്. ആ അവസരത്തിൽ മഹാരാജാവിൻ്റെ വകയായ സാഹിത്യനിപുണ സുവർണ്ണമുദ്ര ഭാഷാ ഗദ്യ സാഹിത്യത്തെ മുൻനിറുത്തി അന്നത്തെ അദ്ധ്യക്ഷനിൽനിന്നു നേടുവാൻ ഈ എഴുത്തുകാരനു ഭാഗ്യമുണ്ടായി എന്നതു് ആദരവോടും അഭിമാനത്തോടുംകൂടി ഈയവസരത്തിൽ പ്രസ്താവിച്ചു കൊള്ളട്ടെ. മഹാകവി വള്ളത്തോൾ അന്നു ജീവിച്ചിരുന്നുവെങ്കിൽ എന്നേക്കാൾ കൂടുതൽ സന്തോഷം അദ്ദേഹത്തിനുണ്ടാകുമായിരുന്നു, എന്നുകൂടി ഞാൻ വിശ്വസിച്ചുപോവുകയാണ്.
തൃപ്പൂണിത്തുറ ശാസ്ത്രസദസ്സിൻ്റെ വാർഷികയോഗത്തിൽവച്ചും സാഹിത്യനിപണ’സുവർണ്ണമുദ്ര നേടുന്നതിനു് അഞ്ചുവർഷങ്ങൾക്കു മുമ്പേ അയോദ്ധ്യാ സംസ്കൃത പരിഷത്തിൽനിന്നും ‘സാഹിത്യാലങ്കാർ’ എന്ന ബിരുദം നേടുവാൻ ഈ ലേഖകനു കഴിഞ്ഞിരുന്നു. കേരള ക്രിസ്ത്യൻ റൈറ്റേഴ്സ് ആന്റ് ജേർണ്ണലിസ്റ്റ് ഫെല്ലോഷിപ്പു വകയായി 1970-ൽ ‘സാഹിത്യതാരം’ അവാർഡും, സുവർണ്ണമുദ്രയും ലഭിക്കുകയുമുണ്ടായി. അഖില കേരള കത്തോലിക്ക കോൺഗ്രസ്സിൻ്റെ 62-ാം വാർഷികം ഫോർട്ടുകൊച്ചിയിൽവച്ചു കൊണ്ടാടിയ അവസരത്തിൽ അതിന്റെ ഭാരവാഹികൾ സാഹിത്യ അവാർഡു സമ്മാനിച്ചതും ലേഖകൻ ആദരപൂർവ്വം അനുസ്മരിക്കുകയാണു്.
ഈ എഴുത്തുകാരൻ്റെ സപ്തതിയോടനുബന്ധിച്ച് എറണാകുളം, കോട്ടയം തൃശൂർ, തിരുവനന്തപുരം, വരാപ്പുഴ മുതലായ പല കേന്ദ്രങ്ങളിൽവച്ച് പൊതുജനങ്ങളുടേയും സ്ഥാപനങ്ങളുടേയും വകയായ സ്വീകരണങ്ങൾ ഉണ്ടായതും ഈവയസരത്തിൽ വിസ്മരിക്കുന്നില്ല. കോട്ടയം യോഗത്തിൽ സന്നിഹിതനായിരുന്ന കർണ്ണാടക സാഹിത്യകാരൻ ശ്രീ. നിരഞ്ജന ഭാഷാഗദ്യ സാഹിത്യ ചരിത്രത്തിൻ്റെ പരിഷ്കരിച്ച മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്ത വസ്തുതയും ഇവിടെ പ്രസ്താവയോഗ്യമാണു്. കേരള ഗവർമെൻ്റെ് 1972-ൽ നിയമിച്ച ചലച്ചിത്ര അവാർഡു കമ്മിറ്റിയിൽ ഈ ലേഖകനും ഒരു ജഡ്ജിയായിരുന്ന ‘വസ്തുതയും ഇവിടെ വ്യക്തമാക്കിക്കൊള്ളട്ടെ.
അഖിലകേരളീയമായ ഒരു സാഹിത്യ സംഘടന ആദ്യമായി ഉടലെടുത്തത് 1892-ൽ കോട്ടയത്തുവച്ചായിരുന്നു. കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ അദ്ധ്യക്ഷതയിലും, കണ്ടത്തിൽ വറുഗീസുമാപ്പിളയുടെ കാര്യദർശനത്തിലും മുന്നോട്ടുനീങ്ങിയ ആ ഭാഷാപോഷിണിസഭ, 1086-ൽ വൈക്കത്തുവച്ചു കൊണ്ടാടിയ 9-ാം സമ്മേളനത്തോടുകൂടി നാമാവശേഷമായി തീരുകയുണ്ടായി. പിന്നീടു് 16 വർഷങ്ങൾക്കുശേഷം 1927-ൽ ഇടപ്പള്ളി കൃഷ്ണരാജാവിൻ്റെ നേതൃത്വത്തിൽ ഇടപ്പള്ളിയിൽ സമാരംഭിച്ച അഖിലകേരളീയമായ രണ്ടാമത്തെ സംഘടനയാണ് സമസ്ത കേരള സാഹിത്യപരിഷത്ത്. അതിൻ്റെ പ്രഥമ സമ്മേളനം, 1927 ഏപ്രിൽ 24, 25, 26 എന്നീ തീയതികളിൽ പഞ്ചമഹായോഗങ്ങളോടുകൂടി ഇടപ്പള്ളിയിൽ വച്ചുകൊണ്ടാടി. പണ്ഡിതപരീക്ഷ കഴിഞ്ഞു തൃശൂരിൽനിന്നു മടങ്ങിയ ഈ ലേഖകൻ അന്നു വന്നുചേർന്നത് മേല്പറഞ്ഞ സമ്മേളനപ്പന്തലിലായിരുന്നു. അങ്ങനെ സമസ്ത കേരളീയ പ്രാതിനിധ്യത്തോടുകൂടി ഉടലെടുത്ത സാഹിത്യപരിഷത്തിൻ്റെ പ്രഥമസമ്മേളനത്തിൽ വന്നുകൂടുവാൻ സാധിച്ചത്, ഒരു അസാധാരണ ഭാഗ്യമായിട്ടാണു് ഞാനിന്നുമെണ്ണുന്നതു്. പഞ്ചമഹായോഗങ്ങളോടുകൂടിയാണു് ഇടപ്പള്ളി പരിഷത്ത് പൂർണ്ണമായതെന്നു മുമ്പു പ്രസ്താവിച്ചുവല്ലൊ. ആ മഹായോഗങ്ങളിൽ പങ്കെടുത്ത കൊച്ചി അപ്പൻത്തമ്പുരാൻ തുടങ്ങിയ മിക്ക സാഹിത്യകാരന്മാരും ഉള്ളൂർ, വള്ളത്തോൾ തുടങ്ങിയ മഹാകവികളുമായി പില്ക്കാലത്തു വേഴ്ച പുലരാൻ ഈയുള്ളവനു സാധിച്ചുവെന്നുള്ളതും അമോദപ്രദവും അഭിമാനകരവുമായി തോന്നുന്നു. തന്നെയുമല്ല, എറണാകുളത്തു രജിസ്റ്റർ ചെയ്ത സാഹിത്യപരിഷത്തിൻ്റെ നിർവ്വാഹകസമിതിയിൽ ഏതാണ്ട് അതിൻ്റെ ആരംഭത്തോടു അടുത്തുതന്നെ, ഒരംഗമായിത്തീർന്ന്, നാല്പതു വർഷത്തിലധികം കാലം തുടർച്ചയായി കഴിഞ്ഞുകൂടുവാൻ സാധിച്ചുവെന്നുള്ളതും ഒരു നേട്ടമായി കരുതുകയാണു്. മഹാകവി ഉള്ളൂർ നിർവ്വാഹക സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തുനിന്നും പിരിഞ്ഞതിനുശേഷം, സമിതിയിൽ നടക്കുന്ന കാര്യങ്ങൾ നേരിട്ടറിയുവാൻ പലപ്പൊഴും അദ്ദേഹം എനിക്കു കത്തുകൾ അയച്ചുകൊണ്ടിരുന്നതും ആദരവോടുകൂടി ഞാനിന്നുമോർക്കുന്നു: മഹാകവി ജി. ശങ്കരക്കുറുപ്പ് പരിഷന്മാസികയുടെ പത്രാധിപ സ്ഥാനത്തുനിന്നു വിരമിച്ചപ്പോൾ ആ സ്ഥാനം ഏതാനും വർഷങ്ങൾ ഏറ്റെടുക്കുവാൻ ഈ എഴുത്തുകാരൻ നിർബന്ധിതനായിതീർന്നതും ഈയവസരത്തിൽ സ്മരിക്കാതിരിക്കുന്നില്ല.
വിശിഷ്ടമാം മോദമെഴുന്ന ദിക്കിൽ
വിഷാദബീജങ്ങളൊളിച്ചുമേവും
എന്നുണ്ടല്ലൊ. മോദവും ഖേദവും കലർന്നതായിരുന്നു അക്കാലത്തെ എൻ്റെ പത്രാധിപ ജീവിതം. കഴിവുകേടും ഉണ്ടായിരുന്നു എങ്കിലും സത്യസന്ധതയോടെ ആത്മാർത്ഥതയോടെ സ്വകൃത്യം നിർവ്വഹിക്കുവാൻ അക്കാലങ്ങളിൽ എനിക്കു സാധിച്ചുവെന്നുള്ളതിൽ ഇന്നു സംതൃപ്തിയുണ്ട്.
എൻ്റെ സാഹിത്യ ജീവിതം എന്നെ അനശ്വരതയിലേയ്ക്കു നയിക്കുമോ എന്നു് എനിക്കു നിശ്ചയമില്ല. ആ വിഷയത്തിൽ ലേഖകൻ ഉൽക്കണ്ഠിതനുമല്ല. സമകാലികലോകം, എന്റെ നേരെ ഏറെ സ്നേഹാദരങ്ങൾ പ്രകാശിപ്പിച്ചിട്ടുണ്ട്. അതിനു ഞാൻ അതീവ കൃതജ്ഞനുമാണു്. എൻ്റെ സാഹിതീസപര്യ അർഹതയുള്ള ഒന്നാണെങ്കിൽ ഭാവിതലമുറയിൽനിന്നും അതിന്നു് അംഗീകാരം ലഭിച്ചുവെന്നുംവരാം. ജീവിതകാലത്തു പലവിധ സ്വാധീനശക്തികളുടെ പ്രേരണയിൽ മുന്നേറുന്നവർ പിൽക്കാലത്തു പിൻതള്ളപ്പെടുന്നതായി നാം കാണാറുണ്ടല്ലൊ. കാലമാണു് ഏതിനും ശരിയായ വിധി കല്പിക്കുക. അങ്ങനെയുള്ള കാലത്തിൻ്റെ മുമ്പിൽ ലേഖകൻ കൂപ്പുകൈ അർപ്പിച്ചുകൊണ്ടു വിടകൊള്ളട്ടെ.
