പദ്യസാഹിത്യചരിത്രം

മുഖവുര

പുതിയ പതിപ്പിൻ്റെ മുഖവുര

ഭാഷാകവിതയുടെ ആരംഭഘട്ടം മുതൽ ജി. ശങ്കരക്കുറുപ്പുവരെയുള്ള കവികളുടെ കൃതികളെപ്പറ്റിയാണു്, 1936-ൽ പ്രസിദ്ധപ്പെടുത്തിയ ഇതിൻ്റെ ഒന്നാം പതിപ്പിൽ പ്രതിപാദിച്ചിരുന്നതു്. ഓരോ കാവ്യപ്രസ്ഥാനത്തിലും മുന്നിട്ടു നിൽക്കുന്ന കവികളേയും കൃതികളേയും കുറിച്ചുള്ള അതിലെ പ്രതിപാദനം, സഹൃദയരെ കുറെയേറെ രസിപ്പിച്ചുവെന്നു തോന്നുന്നു. അവർ പ്രസ്തുത കൃതിക്കു് അകമഴിഞ്ഞു സ്വാഗതമരുളുകയുമുണ്ടായി. ഗ്രന്ഥകാരനു് ഇതിലധികം ഒരു പ്രോത്സാഹനം ഉണ്ടാകേണ്ടതില്ലല്ലൊ. അതോടുകൂടി ഈ എഴുത്തുകാരൻ പ്രസ്തുത വിഷയത്തിൽ കൂടുതൽ ദത്താവധാനനായിത്തീരുകയും, തുടർന്നുള്ള ഓരോ പതിപ്പും കഴിയുന്നത്ര പൂർണ്ണതയിൽ എത്തിക്കുവാൻ, സ്വജീവിതം അതിലേക്ക് ഉഴിഞ്ഞുവെയ്ക്കുകയും ചെയ്തു. അത്തരത്തിൽ മലയാള പദ്യസാഹിത്യത്തിൻ്റെ വളർച്ചയുടെ ചരിത്രം രേഖപ്പെടുത്തിയ അഞ്ചു പതിപ്പുകൾ ഇതിനകം പ്രകാശിപ്പിച്ചുകഴിഞ്ഞു. ഇപ്പോൾ സഹൃദയ സമക്ഷം അവതരിപ്പിക്കുന്നതു് അതിൻ്റെ ആറാമത്തെ പതിപ്പാണു്.

ഈ പുതിയ പതിപ്പിൽ, കഴിഞ്ഞ പതിപ്പുകളിൽ വിട്ടുപോയിട്ടുള്ള കവികളേയും അവരുടെ കൃതികളേയും പറ്റി പ്രതിപാദിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുകയും, പുതുതായി രംഗപ്രവേശം ചെയ്ത പലരെപ്പറ്റിയും സവിശേഷം കുറിക്കുകയും, ആകപ്പാടെ ഒരു അഭിനവത വരുത്തുവാൻ യത്നിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ, മഹാകാവ്യങ്ങളെപ്പറ്റി പ്രസ്താവിക്കുന്ന ഭാഗത്തു്. ഈ ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭം മുതൽ കേരളീയരാൽ വിരചിതങ്ങളായ സംസ്കൃത മഹാകാവ്യങ്ങളെപ്പറ്റിയും, വളരെ സംക്ഷിപ്തമായിട്ടാണെങ്കിലും സാമാന്യമായി ചിലതു പ്രതിപാദിക്കുവാൻ പ്രത്യേകം യത്നിക്കയും ചെയ്തിട്ടുണ്ട്. ഇനി മറ്റൊന്നു പറയുവാനുള്ളത്, വിശ്വമഹാകവിയായ ടാഗോറിൻ്റെ രണ്ടു സുപ്രസിദ്ധഗാനങ്ങൾ, അവയുടെ വിവർത്തനങ്ങളോടുകൂടി അനുബന്ധമായി ഇതിൽ ഉൾപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കയും ചെയ്തിട്ടുണ്ട് എന്നുള്ളതാണു്.

ഇനിയും മുഖവുര നീട്ടുന്നില്ല. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഈ എഴുത്തുകാരൻ്റെ നേരെ ആദ്യകാലം മുതൽ പ്രദർശിപ്പിച്ചുപോന്നിട്ടുള്ള ദാക്ഷിണ്യ മനോഭാവങ്ങൾക്കു പ്രത്യേകം നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഈ കുറിപ്പ് നിറുത്തുന്നു.

ടി. എം. ചുമ്മാർ
സാഹിതീനിലയം വരാപ്പുഴ,
01-05-1982