പദ്യസാഹിത്യചരിത്രം. ഒന്നാമദ്ധ്യായം

പ്രാചീനകാലം

മലയാള ഭാഷയുടെ ഉത്പത്തി: മലയാള ഭാഷയുടെ ഉത്‌പത്തിയെപ്പററി അനേകം മതങ്ങൾ ഉണ്ടായിട്ടുണ്ട്. അവയിൽ ഇന്നു പ്രബലമായിട്ടുള്ളതു്. മലയാളം തമിഴിൻ്റെ പുത്രിയൊ സഹോദരിയൊ എന്നതാണു’ കേരളത്തിനു കിഴക്കുള്ള പ്രദേശങ്ങളിൽ പ്രചരിക്കുന്ന തമിഴ്ഭാഷയുമായി കാണുന്ന ചില സാധർമ്മ്യങ്ങളെ ആസ്പദമാക്കി മലയാളം തമിഴിൻ്റെ പുത്രിയെന്നു ചിലർ പറയുന്നു. എന്നാൽ അതു ശരിയല്ല തെക്കെഇന്ത്യയിൽ ഒട്ടാകെ വ്യാപിച്ചിരുന്ന മൂലദ്രാവിഡ ഭാഷ, ദേശകാലാദിഭേദത്താൽ തമിഴ്, തെലുങ്ക്, കണ്ണാടകം, മലയാളം, തുള എന്നിങ്ങനെ പ്രധാനമായി അഞ്ചു ദേശഭാഷകളായി വ്യക്തിത്വം പൂണ്ടതിൽ ഒന്നാണു് മലയാളം. എന്നാൽ ആ ഭാഷയുടെ ആദിമരൂപം എന്തായിരുന്നുവെന്നു നിശ്ചയിക്കാൻ ഇനിയും വേണ്ടത്ര ലക്ഷ്യങ്ങൾ ലഭിച്ചുകഴിഞ്ഞിട്ടില്ല ഇന്നു നാം കാണുന്ന പഴഞ്ചൊല്ലുകളും പഴമ്പാട്ടുകളും അന്നത്തെ വ്യവഹാരഭാഷയുടെ ഏതാണ്ടൊരു തേച്ചുമിനുക്കിയ രൂപമായിരിക്കണം. ‘മലയാണ്മയുടെ ബാല്യമെന്നു പറയാവുന്ന ആ നോക്കെത്താത്ത കാലത്തെ പല ശബ്ദങ്ങളും ശൈലികളും നഷ്ടപ്പെട്ടുപോയിരിക്കയാണ്. എന്തുകൊണ്ടെന്നാൽ, അവയെ കൈകാര്യം ചെയ്ത സാമൂഹ്യ ശക്തികൾക്കു വികസിച്ചു നേതൃത്വം പിടിച്ചെടുക്കാൻ കഴിയാതെപോയി ഓരോ ദശയിലും സാമൂഹ്യ നേതൃത്വത്തെ കൈയടക്കിയവരുടെ വ്യവഹാരമേഖലയിൽ കൊണ്ടിരുന്നേടത്തോളം ഭാഷയേ നിലനിന്നുകിട്ടിയിട്ടുള്ളു.’ അതുകൊണ്ടാണു മലയാള ഭാഷയുടെ പ്രാക്തനരൂപം നമുക്കു കിട്ടാതെപോയിട്ടുള്ളത്. അതിനാൽ മലയാളം, തമിഴ് ഭാഷയെപ്പോലെതന്നെ മൂലദ്രാവിഡത്തിൽനിന്നും വേർപിരിഞ്ഞുപോന്നിട്ടുള്ളതും, തമിഴിൻ്റെ സഹോദരീസ്ഥാനം വഹിക്കുന്നതുമായ ഒരു ഭാഷയാണെന്നു തീരുമാനിക്കുന്നതിൽ അസംഗതമായിട്ടൊന്നുമില്ല.