പ്രാചീനഗദ്യകൃതികൾ
ഒന്നാംഭാഗം
താമ്രശാസനങ്ങളിലെ ഉള്ളടക്കവും മറ്റുചില ശാസനങ്ങളും:
ക്രിസ്തുവർഷം 9-ാം നൂറ്റാണ്ടിനുമുമ്പുതന്നെ മലയാളഭാഷയിൽ ഗദ്യം എഴുതിത്തുടങ്ങിയെന്നും, ശിലാശാസനങ്ങൾ, താമ്രശാസനങ്ങൾ മുതലായവ ആ ഘട്ടത്തിൽ ഉണ്ടായിട്ടുള്ള കൃതികളാണെന്നും മുന്നദ്ധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ക്രിസ്ത്യാനികളുടെ കൈവശമുള്ള ചെമ്പുപട്ടയങ്ങളിൽ പ്രസിദ്ധമായ ഒന്നാണു് വീരരാഘവപട്ടയം. ‘മണിഗ്രാമം’ എന്ന വ്യാപാരസംഘത്തിൻ്റെ അധീശത്വവും, തൽസംബന്ധമായ ചില അധികാരാവകാശങ്ങളും ചേരമാൻലോകപ്പെരുംചെട്ടിയായ (കച്ചവടപ്രഭു) മഹാദേവർപട്ടണത്തിലെ ഇരവികൊർത്തനൻ എന്ന ആളിനു വീരരാഘവചക്രവർത്തി കൊടുക്കുന്നതാണ് ഈ ആധാരത്തിലെ ഉള്ളടക്കം.
കേരളചക്രവർത്തിയായിരുന്ന സ്ഥാണുരവിഗുപ്തൻ്റെ സമ്മതത്തോടു കൂടി, വേണാട്ടുരാജാവായിരുന്ന അയ്യൻ അടികൾ, സാബോർ ഈശോ പേർക്ക്, കൊല്ലത്തു കടൽവക്കത്തു തരിസാപ്പള്ളി പണിയുവാൻ ഏതാനും ഭൂമിയും മറ്റുചില അവകാശങ്ങളും പ്രദാനം ചെയ്യുന്നതാണു് രണ്ടാമത്തെ പട്ടയം. (മേല്പറഞ്ഞ രണ്ടുപട്ടയങ്ങളും കോട്ടയം പഴയസെമിനാരിയിൽ സൂക്ഷിച്ചുപോരുന്നു. അതിനാൽ അവയ്ക്കു Kottayam Plates – കോട്ടയം ചെപ്പേടുകൾ-എന്ന പ്രസിദ്ധിയുമുണ്ടായിട്ടുണ്ടു്. രണ്ടാംചേര സാമ്രാജ്യത്തിൻ്റെ പ്രാഭവമേറിയ പ്രാരംഭദശയിലാണു് കുലശേഖര സാമ്രാജ്യം സ്ഥാപിതമായതു്. ആ സാമ്രാജ്യത്തിലെ മൂന്നാമത്തെ രാജാവാണു് കേരളചക്രവർത്തിയായിത്തീർന്ന സ്ഥാണുരവി കുലശേഖരൻ. വേണാട്ടടികൾ സ്ഥാണുരവിയുടെ ഒരു സാമന്തനായിരുന്നതിനാലാണു് തരിസാപ്പള്ളിശാസനത്തിൽ, “കോത്താണു ഇരവിക്കുത്തൻ പലനൂറായിരത്താണ്ടും മറുകുതലൈച്ചിറന്തടിപ്പട്ടത്താളിനിൻറയാണ്ടുകൾച്ചെല്ലാനിന്റ്റയാണ്ടൈന്തു” എന്നിങ്ങനെ സ്ഥാണുരവിയുടെ ഭരണത്തിൻ്റെ അഞ്ചാമത്തെ ആണ്ടിൽ എന്നു കാലം കുറിക്കുവാനും ഇടയായിട്ടുള്ളത്.)
യഹൂദന്മാരുടെ കൈവശമുള്ള താമ്രശാസനത്തിൻ്റെ ദാതാവു്, പാർക്കന ഇരിവർമ്മ(ഭാസ്‌കരരവിവർമ്മൻ)പ്പെരുമാളത്രെ. ഇസൂപ്പ ഇരുപ്പാൻ (ജോസഫ് റബ്ബാൻ) എന്ന യഹൂദപ്രമാണിക്ക് ചില പ്രത്യേകാവകാശങ്ങൾ നല്കുകയാണു് ഇതിൽ ചെയ്യുന്നതു്. ‘വേണാട്ടുടയ കൊവർത്തന മാർത്താണ്ടൻ’ മുതൽപേർ സാക്ഷികളുമാണ്. ഇപ്പറഞ്ഞ ശാസനങ്ങളെ ഡോക്ടർ ഗുണ്ടർട്ട്, ഡോക്ടർ ബർണ്ണൽ മുതലായവർ തർജ്ജമചെയ്തിട്ടുണ്ടു്. പത്മനാഭമേനോൻ്റെ ചരിത്രത്തിൽ ഈ ശാസനങ്ങൾ മൂന്നും എടുത്തു ചേർത്തിട്ടുള്ള വസ്തുതകൂടി ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ.* (കൊച്ചിരാജ്യചരിത്രം, ഒന്നാംഭാഗം 7-ാം അദ്ധ്യായം നോക്കുക.)