ഒന്നാം അദ്ധ്യായം:ഗദ്യസാഹിത്യചരിത്രം

ഭാഷയുടെ ഉത്പത്തി

പ്രാരംഭം! മനോഭാവങ്ങളെ പരസ്പരം ഗ്രഹിപ്പിക്കുവാനുള്ള ഒരു ”മാർ​​ഗ്​ഗമാണ് ഭാഷ. ആദിമമനുഷ്യൻ അവൻെറെ അന്തർഗ്ഗതങ്ങളെ ആംഗ്യ ങ്ങൾകൊണ്ടും ആലാപങ്ങൾകൊണ്ടും മററുമായിരിക്കാം വെളിപ്പെടുത്തിയിരുന്നതു്. വേട്ടയാടി വന്യമൃഗങ്ങൾക്കൊപ്പം കാടുകളിൽ ജീവിച്ചിരുന്ന പ്രാചീന മനുഷ്യന്. “ഓടിക്കൊൾവിൻ”, “ഇതാ ഒരു മാൻ” എന്നിങ്ങനെ ചൂണ്ണികാരീതിയിൽ വ്യക്തമാക്കേണ്ട ആശയങ്ങളും ആവശ്യങ്ങളുമേ ആരംഭത്തിലുണ്ടായിരുന്നുള്ളു. ക്രമേണ അവൻ സംസ്‌കാരത്തെ പ്രാപിച്ചുവന്നതോടെ അറിവും ആവശ്യങ്ങളും വർദ്ധിച്ചുവരികയും, അവയെ അവന് പില്ക്കാലത്തേക്കു സൂക്ഷിക്കേണ്ടതായി വന്നുകൂടുകയും ചെയ്തു. ഈ ഘട്ടത്തിൽ അവൻ പുതിയ പുതിയ ശബ്ദങ്ങളെ സൃഷ്ടിക്കുകയും, അവയെ അർത്ഥക്ലിപ്തതയോടുകൂടി ചിത്രീകരിക്കുന്നതിനുള്ള ചില കൃത്രിമസൂത്രങ്ങൾ പ്രയോഗിക്കുകയും ചെയ്തിരിക്കണം. ലിപികളുടേയും അക്ഷരങ്ങളുടേയും ഉൽപത്തി ഇങ്ങനെയായിരിക്കുവാനാണ് ഇടയുള്ളതെന്ന് അഭിജ്ഞൻമാർ അഭിപ്രായപ്പെടുന്നു.

ലിപി വിദ്യ ഏർപ്പെട്ടതുമുതൽ ഗദ്യപ്രസ്ഥാനവും ആരംഭിച്ചു എന്നുതന്നെ പറയാം. അതുവരെ സംഭാഷണങ്ങളിൽ മാത്രം വെളിപ്പെട്ട് അപ്പോഴപ്പോൾ വായുവിൽ ലയിച്ചുകൊണ്ടിരുന്ന ഗദ്യത്തിനു്, അന്നു ഒരു വ്യക്തരൂപം ഉണ്ടാകുവാൻ ഇടയില്ല. ഗദ്യസാഹിത്യത്തിനു വളരെ മുൻപുതന്നെ പദ്യപ്രസ്ഥാനം ഉത്ഭവിച്ചിരിക്കുവാനിടയുണ്ടു്. മനുഷ്യൻ്റെ ഉത്സാഹത്തിൻ്റെയും വിനോദത്തിൻ്റെയും ബഹിഃപ്രകടനമാണു് പദ്യം. ലേഖനസമ്പ്രദായം ഏർപ്പെടാതിരുന്ന അതിപ്രാചീനകാലങ്ങളിൽ ഗാനാത്മകമായ ഈ പ്രസ്ഥാനം മനുഷ്യൻറെ ഓമ്മശക്തിയിൽ വളരെക്കാലം വളർന്നിരുന്നു. ശ്രുതിമധുരമായ പദ്യങ്ങൾക്കു് പരഹൃദയപ്രവേശനത്തിനുള്ള ഒരു പ്രത്യേക ശക്തിതന്നെയുണ്ടു്. അതിനാലത്രേ എല്ലാ സാഹിത്യങ്ങളുടേയും പ്രാരംഭം പദ്യസ്വരൂപമാണെന്നു ശബ്ദനിഷ്ണാതന്മാർ ഭിപ്രായപ്പെടുന്നതു്.

മലയാളഭാഷയുടെ ഉൽപത്തി: ‘ഭാഷാശാസ്ത്രജ്ഞന്മാരുടെ ഗവേഷണഫലമായി പല ഭാഷകളുടേയും സമാനഗോത്രത’ വെളിപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. പ്രകൃതിപ്രത്യയങ്ങൾ, വാക്യങ്ങൾ തുടങ്ങിയവയുടെ ആന്തരമായ സാദൃശ്യത്തെ മുൻനിറുത്തി, ഇന്നുള്ള പല ഭാഷകൾക്കും പൊതുവായി ഒരു പ്രാചിനദശ കല്പിക്കുകയും, പരസ്പരസാധർമ്മ്യമുള്ള ഭാഷകളെ ഒരേ ​ഗോത്രത്തിൽ ഉൾപ്പെട്ടാതായി കണക്കാക്കുകയുമാണു് ശാസ്ത്രകാരന്മാർ ചെയ്യാറുള്ളത്. അങ്ങനെ പല ഭാഷാഗോത്രങ്ങളും നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. നാം സംസാരിക്കുന്ന മലയാളം, ദ്രാവിഡഗോത്രത്തിൽപ്പെട്ട ഒരു ഭാഷയാണു്. മലയാളത്തിനുപുറമേ തമിഴ്, തെലുങ്ക്, കന്നട. തുളു മുതലായ ഭാഷകളും ആ ഗോത്രത്തിൽ ഉൾപ്പെട്ടവയായിട്ടുണ്ട്. ഇവയെല്ലാം സങ്കല്പിതമായ ഒരു പ്രാചീനദശയിൽനിന്നു – മൂല ഭാഷയിൽനിന്നു – കാലക്രമത്തിൽ ദേശഭേദങ്ങൾകൊണ്ടും മററും വേർപിരിഞ്ഞ് വെവ്വേറെ വ്യക്തിത്വം പ്രാപിച്ചിട്ടുള്ളവയുമാണു്. പ്രസ്തുത ദ്രാവിഡഭാഷകളെ താരതമ്യവിവേചനം ചെയ്തു് അവയെല്ലാം ഒരു വംശത്തിൽ ജനിച്ചതാണെന്നുള്ള സിദ്ധാന്തം ആദ്യമായി സ്ഥാപിച്ചതു് Comparative Grammar of Dravidian Languages എന്ന ക‍ൃതിയുടെ കർത്താവായ ഡോക്ടർ റോബർട്ട് കാൾഡ്വൽ ആണെന്നു തോന്നുന്നു.

ദ്രാവിഡപദത്തിനു് ദ്രവിഡദേശഭവം എന്ന അർത്ഥമാണു കല്പിച്ചിട്ടുള്ളതു. ദ്രാവിഡശബ്ദത്തിൻറെ നിഷ്പത്തിയെപ്പറ്റി ഭിന്നാഭിപ്രായങ്ങളുണ്ട്. അതിന്റെ പരിണതരൂപമാണു് തമിഴ്‌ശബ്ദം എന്നു കാൾഡ്വൽ അഭിപ്രായപ്പെടുമ്പോൾ, നേരേമറിച്ചു, തമിഴിന്റെ സംസ്കൃതീകരണമാണു് ദ്രാവിഡശബ്ദമെന്നു കേരളപാണിനി അഭിപ്രായപ്പെടുന്നു. തമിഴ്‌, തമിൾ, ദമിള, ദ്രമിള, ദ്രമിഡ, ദ്രവിഡ എന്നിങ്ങനെ പല ഭിന്നരൂപസോപാനങ്ങളിൽ കടന്ന് ഒടുവിൽ ദ്രാവിഡമായി പരിണമിച്ചതാണെന്ന് മഹാകവി ഉള്ളൂർ പ്രസ്താവിക്കുന്നു (കേരളസാഹിത്യ ചരിത്രം പേജ് 8). ഡോക്ടർ ഗോദവർമ്മയാകട്ടേ, വേറൊരു രൂപത്തിലാണു് സ്വാഭിപ്രായം വെളിപ്പെട്ടടുത്തുന്നതു്. “മുലദ്രാവിഡഭാഷയിൽ ‘ദമിഡു’ എന്നോ മറ്റോ ഒരു രൂപം ഉണ്ടായിരുന്നുവെന്നു വരുന്നപക്ഷം, അതു തമിഴ എന്നു് തമിഴിൽ പരിണമിക്കാവുന്നതോടുകൂടി പ്രാകൃതഭാഷയിലേക്ക് ‘ദമിഡു’ എന്ന നില യിൽത്തന്നെ സ്വീകരിക്കപ്പെടാവുന്നതുമാണു് … സംസ്കൃതത്തിലെ ദ്രമിഡ്, ദ്രമിള, ദ്രവിഡ എന്നീ രൂപങ്ങൾ ദമിഡ, ദമിള, ദവിഡ എന്നീ പ്രാകൃതരൂപങ്ങൾക്കു നേരായി സംഭാവനം ചെയ്തിട്ടുള്ള വയാകാം… പ്രാകൃതത്തിലുള്ള പദാദിയായ ദകാരത്തിനു് രേഫസംസർഗ്ഗം കല്പിതമായതിന്റെ ഫലമാണു് പ്രാകൃതത്തിലെ ദമിഡാദികൾ സംസ്കൃതത്തിൽ ദ്രമിഡാദികളായത്” (കേരള ഭാഷാവിജ്ഞാനീയം, പേജ് 35, 36) എന്നിങ്ങനെയാണു് അദ്ദേഹം അഭ്യൂഹിക്കുന്നതു്.