മഹാകവി കുഞ്ചൻ നമ്പ്യാർ

മഹാകവി കുഞ്ചൻ നമ്പ്യാർ

അദ്ധ്യായം 1

ബാല്യവും വിദ്ദ്യാഭ്യാസവും

ആംഗ്ലേയ കവി സാർവഭൗമനായ ഷേൿസ്പീയർ, മഹാന്മാരെ മൂന്നായിട്ടാണു് തരംതിരിക്കുന്നതു്. ചിലർ മഹാന്മാരായിത്തന്നെ ജനിക്കുന്നു; ചിലരിൽ മഹത്വം ആരോപിക്കപ്പെടുന്നു; മററു ചിലർ മഹത്വം സമ്പാദിക്കുന്നു. ജനനവും പരിസരങ്ങളുമാണു്, ഇവയിൽ ആദ്യത്തെ രണ്ടു വിധമഹത്വത്തിനും കാരണം. പ്രതികൂലശക്തികള ടെതിരിട്ടു സ്വപ്രയത്നംകൊണ്ടു ഉന്നതിയും ലോകത്തിൻ്റെ ശാശ്വതമായ സമാദരവും ആരർഹിക്കുന്നുവോ, അവരത്രെ മൂന്നാമതു പറഞ്ഞ മഹത്വത്തെ സമ്പാദിക്കുന്നവർ. യഥാത്ഥവും സ്പൃഹണീയവുമായ മഹത്വം അവരിലത്രെ സ്ഥിതി ചെയ്യുന്നതു്. അത്തരത്തിലുള്ള മഹത്വം സമ്പാദിച്ച ഒരു മഹാപുരുഷനാണ്, നമ്മുടെ അദ്ധ്യയനത്തിനു വിഷയമായ മഹാകവി കലക്കത്തു കുഞ്ചൻ നമ്പ്യാർ.

വിഖ്യാതന്മാരായ നമ്മുടെ പൂർവ്വകവികളുടെ ജീവചരിത്രത്തെക്കുറിച്ചു്, ഇന്നു നമുക്കു ലഭിച്ചിട്ടുള്ള അറിവു വളരെ പരിമിതമാണു്. ഉള്ളതുതന്നെയും മുഴുവൻ വിശ്വാസയോഗ്യവുമല്ല. നമ്മുടെ പൗരാണിക ചരിത്രം മുഴുവൻ