ഗദ്യസാഹിത്യചരിത്രംനാലാമദ്ധ്യായം

നവീനഗദ്യോദയം

ഉപക്രമം: കൊല്ലവർഷം 10-ാം നൂററാണ്ടുവരെയുള്ള – ക്രിസ്തുവർഷം 19-ാം നൂററാണ്ടുവരെയുള്ള — ഭാഷാഗദ്യത്തെപ്പറ്റി മൂന്നദ്ധ്യായങ്ങളീൽ പ്രസ്താവിച്ചുകഴിഞ്ഞുവല്ലൊ. സുസമ്മതവും സുസ്ഥിരവുമായ ഒരുഗദ്യരീതി, മേല്പറഞ്ഞ കാലഘട്ടത്തിൽ ഭാഷയിൽ സംജാതമായിരുന്നതായി നാം കാണുന്നില്ല. താമ്രശാസനങ്ങൾ തുടങ്ങിയ അതിപ്രാചീന കൃതികൾ അന്നത്തെ നാടോടിഭാഷയായ തമിഴിലാണു് എഴുതപ്പെട്ടിരുന്നതു്. കൗടലിയം, ബ്രഹ്മാണ്ഡപുരാണം മുതലായ കൃതികൾ, തമിഴിന്റെ ആധിപത്യത്തെ അന്നും സമ്മതിച്ചുപോന്നിരുന്നു. ദൂതവാക്യം, സുന്ദരകാണ്ഡം, ഉത്തരരാമായണം മുതലായ ഗദ്യകൃതികളുടെ കാലത്തു സംസ്കൃതത്തിൻറെ അധികാരം കുറെയേറെ തലപൊക്കിത്തുടങ്ങിയതായിക്കാണുന്നു. കാലഭേദത്തേക്കാൾ ദേശഭേദവും, ഈ മാററത്തിനു കൂടുതൽ പ്രേരകമായിത്തീർന്നിരിക്കാം. സംസ്കൃതമയങ്ങളായ നെടുനെടുങ്കൻ വാചകങ്ങളാണ് അവയിൽ പലതിലും കാണുന്നതു്. സംസ്കൃതഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളിലും അനുവാദങ്ങളിലും കാണുന്ന രീതിയും മിക്കവാറും ഇതു തന്നെ. ഗ്രന്ഥവരികളിലും കരാർകരണങ്ങളിലും വിളംബരങ്ങളിലുംമാറ്റും കാണുന്ന രീതി ആരേയും വീർപ്പുമുട്ടിക്കുന്ന ഒന്നത്രേ. വായന അവസാനിച്ചാൽ മാത്രമേ, വായനക്കാരനു ശ്വാസം നേരേ വിടുവാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ തുടക്കംമുതൽ ഒടുക്കംവരെ ഒറ്റവാചകമായി പറയുന്ന സമ്പ്രദായമാണു് അവയിൽ പലതിലുമുള്ളതു്. മിഷ്യനറിമാരുടെ കൃതികൾ മേല്പറഞ്ഞവയിൽനിന്നും അല്പം ഭിന്നമായി കാണപ്പെട്ടിരുന്നു. സംസ്കൃതപദബാഹുല്യവും, ദീർഘസമാസങ്ങളും, നിരന്വയമായരീതിയും അവരുടെ കൃതികളിൽ കുറവായിരുന്നു. സാമാന്യജനങ്ങളുടെ ഇടയിൽ നടപ്പുണ്ടായിരുന്ന ഒരു ഭാഷയെയാണ് ​ഗ്രന്ഥരചനയ്ക്ക് അവർ കൈക്കൊണ്ടതു്, അതിനാൽ കുറെയൊക്കെ ശുദ്ധിക്കാവും സൗന്ദര്യ ഹാനിയും അവരുടെ ​ഗദ്യരീതിയിലും കടന്നുകൂടി. ഇങ്ങനെ അവ്യവസ്ഥിതമായി മാറിമറിഞ്ഞുകൊണ്ടിരുന്ന ഭാഷാഗദ്യരീതിക്ക് ആശാസ്യമായ ഒരു പരിവർത്തനം ഉണ്ടായിത്തുടങ്ങിയതു് കൊല്ലവർഷം 10-ാംനൂററാണ്ടോടുകൂടിമാത്രമാണു്. വർത്തമാനപ്പത്രങ്ങളുടെ പ്രചാരവും, ആംഗ്രേയസാഹിത്യസമ്പക്കവുമാണു് അതിനു പ്രേരകമായിത്തീർന്ന രണ്ടു മുഖ്യ സംഗതികൾ. പത്രമാസികകൾ വഴിക്കുള്ള ഗദ്യാഭിവൃദ്ധിയെപ്പറ്റി പിന്നീടു പ്രസ്താവിക്കുന്നതാകയാൽ തൽസംബന്ധമായി ഇവിടെ യാതൊന്നും സൂചിപ്പിക്കുന്നില്ല.