എട്ടാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ

ഉൽപത്തി: അടുത്തകാലംവരെ മഹാകാവ്യങ്ങളോ വിസ്തൃ‌തങ്ങളായ നോവലുകളോ വിടർത്തി സാവധാനം സ്വാദുനോക്കി ‘അയവിറക്കി’ രസിക്കുവാനുള്ള വിശ്രമാവസരങ്ങൾ നമുക്കു ധാരാളമുണ്ടായിരുന്നു. നിത്യവൃത്തിക്ക് അധികം ക്ലേശമില്ലാതിരുന്നതാണു് അതിനുള്ള മുഖ്യകാരണം. എന്നാൽ ഇന്നത്തെ നില ആകെ മാറിയിരിക്കുകയാണു്. എല്ലു മുറിയെ പണിയെടുത്താലും വയറുനിറയെ ഭക്ഷിക്കുവാൻ കഴിയാത്ത ഒരു പരിതഃസ്ഥിതിയാണു് ഇന്നു വന്നുചേർന്നിട്ടുള്ളതു്. ജീവിതവ്യഗ്രത വർദ്ധിച്ചതോടുകൂടി — സംഭവബഹുലമായൊരു ലോകത്തിൽ, ജോലിത്തിരക്കുള്ള ഒരന്തരീക്ഷത്തിൽ, ജീവിക്കേണ്ടതായി വന്നതോടുകൂടി വിശ്രമസമയവും ഇല്ലാതായിത്തീന്നു. ജീവിത ഗതിയിൽ വന്നുകൂടിയ ഈ പരിവർത്തനമാണ് ചെറുകഥകളുടെ ആവിർഭാവത്തിനു വഴിതെളിച്ചതു്.

“വ്യവസായം, പ്രയത്നശീലം ഇത്യാദികളിൽ അദ്വിതിയസ്ഥാനം വഹിക്കുന്ന അമേരിക്കയിൽനിന്നാണു ചെറുകഥയെന്ന സാഹിത്യവി ഭാഗം പുറപ്പെട്ടതെന്നുള്ള വസ്തുത പ്രത്യേകം ചിന്തനീയമാണു്. ഒരു നൂതന ഭൂഖണ്ഡം അധിവാസ യോഗ്യമാക്കിത്തീർക്കുവാനുള്ള സംരംഭത്തിനിടയിൽ, സുഖഭോക്താക്കൾക്കുമാത്രം സാദ്ധ്യമായ സാഹിത്യചർച്ച ചെയ്യുവാൻ അമേരിക്കാനിവാസികൾക്കു് അവസരം ലഭിച്ചില്ല. കഥാ ശ്രവണാസക്തി സർവ്വസാധാരണമാണെങ്കിലും, ഫീൽഡിങ്ങ്, താക്കറെ മുതലായ നോവലെഴുത്തുകാരുടെ സുദീർഘകഥകൾ വായിക്കുവാൻ തദ്ദേശീയ സൗകര്യമില്ലാതിരുന്നതുകൊണ്ടു്, ഇർവിങ്, ഹാത്തോൺ, അല്ലൻപോ തുടങ്ങിയ കഥാകാരന്മാർ സ്വരാജ്യവാസികളെ പ്രീണനം ചെയ്യുവാൻ ചെറുകഥയെന്ന സാഹിത്യവിഭാഗം രൂപവൽക്കരിച്ചു. ഇപ്രകാരം കഥ എന്ന ശാഖയിൽനിന്നു ചെറുകഥ എന്ന ഉപശാഖ കിളിർക്കുവാൻ സംഗതിയായി. ചെറുകഥയുടെ സ്വതസ്സിദ്ധമായ ഗുണവിശേഷത്താലും സാഹിത്യ കുശലന്മാരിൽ നിന്നു ലഭിച്ച പ്രോത്സാഹനത്താലും പരിഷ്കൃത രാജ്യങ്ങളിലെല്ലാം അതു് അചിരേണ പടന്നുപിടിച്ചു.” * (ഖണ്ഡകഥാപ്രസ്ഥാനം)

Leave a Reply

Your email address will not be published. Required fields are marked *