ആറാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

നോവലുകൾ (തുടർച്ച)

തകഴി ശിവശങ്കരപ്പിള്ള : തകഴിയുടെ കൃതികളിൽ പ്രധാനമായതു ‘രണ്ടിടങ്ങഴി’ എന്ന കൃതിയാണു്. കുട്ടനാട്ടിലെ കാളിപ്പറയൻ്റെ പുത്രിയായ ചിരുതയെ ഭാര്യയാക്കാൻ കോരൻ, ചാത്തൻ എന്നീ രണ്ടു യുവാക്കന്മാർ ശ്രമിക്കുന്നു. ആ ശ്രമത്തിൽ കോരൻ വിജയിയായി. അതോടുകൂടി അവൻ കുട്ടനാട്ടിൽ താമസമുറപ്പിച്ചു്, അവിടെ പുഷ്പവേലിൽ ഔസേപ്പ് എന്നൊരാളുടെ കൃഷിക്കാരനായിത്തീർന്നു. കൊയ്ത്തു കാലത്തു കോരനെടുത്ത നെൽക്കറ്റ ഔസേപ്പു പിടിച്ചുപറിച്ചതോടുകൂടി കോരൻ്റെ ചിന്താഗതി മറ്റൊരു വഴിക്കു തിരിഞ്ഞു. ദുരമൂത്ത ഔസേപ്പിൻെറ പുത്രൻ ചാക്കോ, ചിരുതയുടെ ചാരിത്രഭംഗത്തിനു മുതിന്നു. ഈ സംഭവത്തെത്തുടന്ന്, കോരൻ ചാക്കോയെ തല്ലിക്കൊല്ലുകയും, ശിക്ഷയായി അഞ്ചാറുവർഷം ജയിൽവാസം അനുഭവിക്കയും ചെയ്തു. ജയിലിലേക്കു പുറപ്പെടുന്നകാലത്തു ഗർഭിണിയായ ചിരുതയെ സൂക്ഷിക്കുവാനും രക്ഷിക്കുവാനും കോരൻ, ചാത്തനെ ചുമതലപ്പെടുത്തി. ‘ഒരു പറച്ചിക്കൊരു പറയൻ’ എന്ന സന്മാർഗ്ഗതത്വത്തെ ആദരിച്ചു അവൾ പതിവ്രതയായി ജീവിക്കുകയും, കോരൻ ജയിൽവാസം കഴിഞ്ഞു വന്നപ്പോൾ ഒരു കുട്ടിയോടുകൂടിയ ചിരുതയെ ചാത്തൻ കോരനു തിരികെ എല്പിച്ചിട്ടു രംഗംവിട്ടു മാറുകയും ചെയ്യുന്നു. ഇതാണ് രണ്ടിടങ്ങഴിയിലെ കഥയുടെ ചുരുക്കം.

കഥ സംഭവബഹുലമല്ലെങ്കിലും കോരനെ പ്രതികാരത്തിനു പ്രേരിപ്പിക്കുന്ന അനേകം സംഭവങ്ങൾ ഒന്നിനുമേൽ ഒന്നായി കോർത്തു ഘടിപ്പിച്ചു കേന്ദ്രീകരിച്ചിട്ടുള്ളതിൻ്റെ ഭംഗി അഭിനന്ദനീയമാണു്. കഥാഘടന പ്രശംസാഹംതന്നെ. എന്നാൽ പാത്രസൃഷ്ടിയിൽ തകഴി അത്രത്തോളം വിജയം പ്രാപിച്ചിട്ടുണ്ടെന്ന പറയുവാൻ നിവൃത്തിയില്ല.

കോരനാണ് ഇതിലെ വ്യക്തിത്വമുള്ള ഒരു കഥാപാത്രം. പക്ഷേ, തകഴി അറിഞ്ഞൊ, അറിയാതെയോ ഒരപകടം കോരനിൽ വരുത്തിവെച്ചിട്ടുണ്ട്. ലോക്കപ്പിൽക്കഴിയുന്ന കോരൻ അവൻ്റെ ഭാര്യയായ ചിരുതയെ അവളുടെ കാമുകനായ ചാത്തനെ കൂട്ടിയേല്പിക്കുന്ന രംഗം നോക്കുക. ആ പുതിയ ബാന്ധവത്തിലേക്ക് അവളെ പ്രേരിപ്പിക്കുന്നതു് അവളുടെ സുഖത്തിലുള്ള ഉൽക്കണ്ഠയോ, അവളിൽ അവൻ മുൻകൂട്ടി കാണുന്ന ജാരശങ്കയോ ഏതെന്നു തീരുമാനിക്കുവാൻ പ്രയാസം. ഏതായാലും കോരൻ്റെ പുരുഷത്വത്തെയും മനുഷ്യത്വത്തെത്തന്നെയും ആ അംശം ഹനിക്കുന്നുണ്ട്. ഈ കോരനാണു് രണ്ടിടങ്ങഴിയിലെ ഏറ്റവും വ്യക്തിത്വമുള്ള കഥാപാത്രം. ചാത്തൻ തുടങ്ങിയ മററു കഥാപാത്രങ്ങൾക്കു നിരീക്ഷകന്മാരുടെ സ്ഥാനമേ നോവലിൽ ഉള്ളു. ചാത്തനേയും ചിരുതയേയും ആദർശപാത്രങ്ങളാക്കി പ്രദർശിപ്പിക്കാനാണു തകഴി ശ്രമിച്ചിട്ടുള്ളത്. പക്ഷേ, അഞ്ചാറു കൊല്ലം, തൻ്റെ ഒരു കാമുകൻ കൂടിയായിരുന്ന ചാത്തനൊരുമിച്ച് ഒരേ കൊട്ടിലിൽ ജീവിച്ചിരുന്ന ചിരുത — അല്ല, രണ്ടുപേരും — വികാരാധീനരാകാതെ പരസ്പരം ജീവിച്ചു എന്നു പറയുന്നതു്, സാധാരണന്മാരുടെ അനുഭവസീമയെ അതിക്രമിച്ചുപോകുന്നു. പ്രസ്തുത കഥാപാത്രങ്ങളെ ആദർശപാത്രങ്ങളാക്കുവാൻവേണ്ടി മാത്രം അലോകസാധാരണമായ ഒരു സ്ഥിതിവിശേഷം അവരിൽ കല്പിക്കുകയാണു് ഗ്രന്ഥകാരൻ ചെയ്തിട്ടുള്ളതു്. സാന്മാർഗ്ഗികമായ ഒരു പശ്ചാത്തലം പ്രതിഫലിപ്പിക്കുവാൻ ഈ കല്പന ഉപകരിക്കുന്നുണ്ടു്.

എന്നാൽ ചെങ്കൊടി പ്രസ്ഥാനത്തിൻ്റെ പല അടവുകളും ഇതിൽ പ്രതിധ്വനിക്കുന്നതു കേൾക്കാൻ പ്രയാസമില്ല. തനിക്കു പകപോക്കാനുള്ള ഒരു സന്ദർഭം എന്നുള്ളതിൽക്കവിഞ്ഞു്, സ്റ്റേറ്റുകോൺഗ്രസ്സിനെപ്പറ്റിയും മറ്റുമുള്ള വിമർശനങ്ങൾക്കു് ഈ കഥയിൽ വലിയ സ്ഥാനമില്ല. ആ വക ഭാഗങ്ങൾ ഈ കഥാഗാത്രത്തിൻ്റെ ദുർമ്മേദസ്സുകൾ എന്നുതന്നെ പറയാം. പ്രസ്തുത ഭാഗങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ, തൊഴിലാളി ജനങ്ങളുടെ വികാരപരമായ ജീവിതത്തെ വിദഗ്ദ്ധമായി ചിത്രീകരിക്കുന്ന ഈ നോവൽ കൂടുതൽ തേജോമയമായി പ്രകാശിക്കുമായിരുന്നു. രണ്ടിടങ്ങഴിക്കു പ്രസിദ്ധ പാശ്ചാത്യ നോവൽകർത്താവായ ഹെൻറി ജെയിംസി ൻെറ ‘Golden Bowel’ എന്ന കൃതിയോടു പലവിധത്തിലും സാജാത്യമുണ്ടെന്നു ചില നിരൂപകന്മാർ പ്രസ്താവിച്ചുകാണുന്നുണ്ട്. അതെങ്ങനെയിരുന്നാലും പ്രസ്തുത കൃതി, പരിവർത്തനോന്മുഖമായ കഥാപാത്രങ്ങളോടും സംഭവങ്ങളോടും കൂടിയ ഭാവപ്രകാശകമായ ഒന്നാന്തരം നോവലായിട്ടുണ്ടെന്നു നിസ്സംശയം പറയാം. അഥവാ, കുട്ടനാടൻ തൊഴിലാളിയായ കോരൻ്റെ വിപ്ലവാത്മകമായ ജീവിതത്തെ — കർഷകത്തൊഴിലാളിവർഗ്ഗത്തിൻ്റെ ജീവിതത്തെ ഇതിൽ രസോജ്ജ്വലമായി പ്രകാശിപ്പിക്കുന്നുണ്ടെന്നു നിസ്സംശയം പറയാം.