പതിനാറാമദ്ധ്യായം

വിമർശനം

വിമർശനത്തെപ്പററി: സാഹിത്യകാരൻ്റെ, അല്ലെങ്കിൽ കവിയുടെ, ഹൃദയം പ്രകൃതിവസ്തുക്കളിൽ ലയിക്കുന്നതിൽ നിന്നു സാഹിത്യം അഥവാ കവിത ഉത്ഭവിക്കുന്നു. സഹൃദയനായ ഒരനുവാചകൻ്റെ ഹൃദയം ആ കാവ്യരസത്തിൽ ലയിക്കുന്നതിൻ്റെ ഫലമായി വിമർശനം അഥവാ നിരൂപണം പുറപ്പെടുന്നു. കവിയും നിരൂപകനും തങ്ങൾക്കനുഭവപ്പെട്ട മാനസികവികാരങ്ങളുടെ പ്രകടനമാണ് കാവ്യരൂപത്തിലും നിരൂപണരൂപത്തിലും പ്രകാശിപ്പിക്കുന്നതു്. അതിനാൽ നിർമ്മാണകലപോലെതന്നെ നിരൂപണകലയും സാഹിത്യത്തിൽ മഹനീയസ്ഥാനം അർഹിക്കുന്നു. “സാഹിത്യകലയുടെ രണ്ടു ചക്രങ്ങളോ ചിറകുകളോ ആണ് നിർമ്മാണവും വിമർശവും. വിമർശനം ഗ്രന്ഥങ്ങളുടെ സാഹിത്യ ധർമ്മത്തെ അധികരിച്ചും ആശ്രയിച്ചും ചെയ്യുന്ന വിചാരമാണു്. ​ഗ്രന്ഥങ്ങളുടെ ശ്രീകോവിലിൻ്റെ ബന്ധിക്കപ്പെട്ട കവാടങ്ങൾ ഭേദിച്ചു ഉള്ളിൽ കടന്നു അവിടത്തെ രസമയമായ പ്രകാശാരിചികളെ വെളിയിൽ ആവിഷ്ക്കരിച്ചുകാട്ടലാണു് വിമർശനം.”1 (സുകുമാർ അഴീക്കോട്ട്.)

മലയാള സാഹിത്യത്തിൽ വിമർശനം മറ്റു ഗദ്യപ്രസ്ഥാനങ്ങളെപ്പോലെ ആംഗ്ലേയസാഹിത്യത്തിൽനിന്നല്ല ഉടലെടുത്തിട്ടുള്ളതു്. ഭമഹൻ, ജഗന്നാഥൻ, വിശ്വനാഥകവിരാജൻ തുടങ്ങിയ ആലങ്കാരികന്മാർ സംസ്കൃത സാഹിത്യത്തിലെ കേളികേട്ട വിമർശകന്മാരത്രെ. അവരുടെ കാല്പാടുകളെ പിന്തുടർന്നു കാളിദാസാദി കവികളുടെ കൃതികൾക്കു മല്ലിനാഥൻ തുടങ്ങിയ പണ്ഡിതസഹൃദയന്മാർ ചെയ്തിട്ടുള്ള വ്യാഖ്യാനങ്ങൾ ആ ഭാഷയിലെ ഒന്നാന്തരം നിരൂപണങ്ങളാകുന്നു. അർത്ഥസൗന്ദര്യം, അലങ്കാരഭംഗി, പദപ്രയോജനം മുതലായ ഭാഗങ്ങൾ മാത്രമല്ല. ദുരവഗാഹ ങ്ങളായ ആശയവിശേഷങ്ങൾ, രസഭാവാദികൾ എന്നു തുടങ്ങി അതി ഗഹനങ്ങളായ പല അംശങ്ങളേയും വെളിപ്പെടുത്തിക്കാണിക്കുന്ന അത്തരം വ്യാഖ്യാനങ്ങൾ സാധാരണന്മാർക്കും കാവ്യപാഠകന്മാർക്കും അത്യന്തം ഉപകരിക്കുന്നു. “കവിതാരസമാധുര്യം വ്യാഖ്യാതാ വേത്തി നോ കവി:” എന്നൊരു ചൊല്ലുണ്ടല്ലോ. കവിയശസ്സിന്നു മാററുകൂട്ടുവാനും വ്യാഖ്യാനങ്ങൾക്കു ശക്തിയുണ്ടു്. അവ “പുതിയ വഴികളെ നമുക്കു കാണിച്ചുതരുന്നു; പരിചിതങ്ങളായ വഴികളിൽത്തന്നെ പുതിയ വശങ്ങളിലേക്കു നമ്മുടെ ദൃഷ്ടികളെ തിരിച്ചുവിടുന്നു; കണ്ടിട്ടും സാരം ഗ്രഹിക്കാതെ നാം വിട്ടു കളഞ്ഞുപോകുന്ന വസ്തുക്കളുടെ പരമാർത്ഥം നമ്മെ ഗ്രഹിപ്പിക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ ഉള്ളടങ്ങളിൽ നമ്മുടെ ധാരണകളെ മാററുരച്ചു നോക്കി തെളിയിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു.”2 (പി. ശങ്കരൻനമ്പ്യാർ) അത്തരത്തിലുള്ള ഒന്നാന്തരം വിമർശനങ്ങളാകുന്നു സംസ്കൃതസാഹിത്യത്തിലെ വ്യാഖ്യാനങ്ങൾ. മേൽപ്രസ്താവിച്ചവിധമുള്ള കൃതികളത്രേ മലയാളസാഹിത്യത്തിലെ നിരൂപണകലയ്ക്കു മാർഗ്ഗദർശനം ചെയ്തിട്ടുള്ളതു്. എന്നാൽ പില്ക്കാലത്തു മലയാളികൾക്കു വളരെ പരിചയപ്പെട്ട ഇംഗ്ലീഷ് നിരൂപണരീതി പ്രസ്തുത കലയിൽ പല പരിവർത്തനങ്ങളും സാരമായി വരുത്തിയിട്ടുമുണ്ടു്. മലയാള സാഹിത്യ വിമർശനകലയുടെ വികാസത്തിനു് ആംഗ്ലേയ വിമർശനകല ഇന്നു വളരെയധികം സഹായിച്ചുകൊണ്ടിരിക്കയുമാണു്.