പദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

എഴുത്തച്ഛൻ

പ്രാരംഭം: 16-ാം ശതകത്തിൻ്റെ ആരംഭംവരെയുള്ള ഭാഷാകവിതയെപ്പറ്റിയാണു് ഇതേവരെ പ്രതിപാദിച്ചത്. ഭാഷാകവിതയാകുന്ന ഗിരിശൃംഗത്തിൽ നിന്നു മണിപ്രവാളകൃതികൾ, പാട്ടുകൾ എന്നു രണ്ടു പ്രധാന പ്രവാഹങ്ങൾ അക്കാലങ്ങളിൽ ഒഴുകിക്കൊണ്ടിരുന്നു. മണിപ്രവാളകൃതികൾ ആശയഗൗരവത്തേയും, പാട്ടുകൾ ഗാനമാധുര്യത്തേയുമാണു് മുഖ്യമായും പ്രദാനം ചെയ്തിരുന്നതു്. പുനം തുടങ്ങിയ മണിപ്രവാളകവികൾ ഭാഷാകവിതയെ സംസ്കൃതപ്രധാനമാക്കിക്കൊണ്ടിരുന്നു. ചെറുശ്ശേരി തുടങ്ങിയവരാകട്ടെ, അതിനെ ഭാഷാപ്രധാനമാക്കി ഉയർത്തിക്കൊണ്ടുമിരുന്നു ഇങ്ങനെയുള്ള ഒരു കാലഘട്ടത്തിലാണ് മഹാനായ തുഞ്ചത്തെഴുത്തച്ഛൻ മലയാളസാഹിത്യത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത് . അദ്ദേഹം മണിപ്രവാളത്തിൻ്റെ അന്തസ്സും, പാട്ടുകളുടെ ഗാനമാധുര്യവും അന്യോനം രഞ്ജിപ്പിച്ചു ഒരു പുതിയ പ്രസ്ഥാനം ഭാഷാകവിതയിൽ അവതരിപ്പിച്ചു. അതാണു കിളിപ്പാട്ടുപ്രസ്ഥാനം.

കിളിപ്പാട്ടു്: കിളിയെക്കൊണ്ടു കഥ പാടിക്കുന്ന രീതിക്കാണ് കിളിപ്പാട്ടെന്നു പറയുന്നത്. കഥ പറയാൻ കവി കിളിയെ ക്ഷണിക്കുക, കിളി കവിയുടെ അഭിലാഷമനുസരിച്ചു കഥ പറഞ്ഞു കേൾപ്പിക്കുക, ഇതാണ് അതിലെ സമ്പ്രദായം

ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ
ശാരികപ്പൈതൽതാനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്തുതിയോടെ പറഞ്ഞു തുടങ്ങിനാൾ

എന്നു തുടങ്ങിയ ഭാഗങ്ങൾ നോക്കുക.