പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

സംഘക്കളിപ്പാട്ടുകൾ : നമ്പൂതിരിമാർ കേരളത്തിൽ സ്ഥിരവാസമുറപ്പിച്ചതോടുകൂടി സ്വന്തമായിട്ടുള്ള പല സാമൂഹ്യചടങ്ങുകളും അവർ ആരംഭിച്ചു. അവയിൽ ഒന്നാണു് സംഘക്കളി. ഇതിനു ശാസ്ത്രക്കളി അഥവാ യാത്രക്കളി എന്നൊരു പേരുകൂടിയുണ്ട്. കായികാഭ്യാസമുറകളോടുകൂടിയ ഒരു വിനോദപ്രസ്ഥാനമാണിതെന്നു പറയാം. ചോറൂണ്, ഉപനയനം, സമാവർത്തനം, വിവാഹം തുടങ്ങിയ പ്രധാന അടിയന്തിരങ്ങൾ സംബന്ധിച്ചാണു് ഈ കളി നടത്തുക. ഒരു വിളക്കു കത്തിച്ചുവെച്ച് അതിനുചുറ്റും അഭിനയക്കാർ സംഘമായിരുന്നു് ആദ്യം, ഭദ്രകാളിയേയോ ശാസ്താവിനേയോപറ്റി പാടുന്നു. അനന്തരം ഓരോ ചടങ്ങുകൾ ആരംഭിക്കുകയായി. ഇതിൽ പൂർവ്വാംഗം, നാലു പാദം, പാന, കണ്ടപ്പൻ്റെ (കൈമളുടെ) വരവു്, വട്ടമിരുപ്പുകളി, ആയുധമെടുപ്പ് ഇങ്ങനെ പല ചടങ്ങുകളുമുണ്ട്. ഈ ചടങ്ങുകൾ ഓരോന്നും നിർവ്വഹിക്കുമ്പോൾ ഭക്തിപരവും വിനോദപരവുമായ അനേകം ഗാനങ്ങൾ ചൊല്ലുക പതിവാണ്. ആവക ഗാനങ്ങൾ വളരെ പഴക്കമുള്ളവയുമാണു്. പള്ളിബാണപ്പെരുമാളുടെ കാലത്തു ബൗദ്ധന്മാരും നമ്പൂരിമാരും തമ്മിൽ തൃക്കാരിയൂരമ്പലത്തിൽവച്ചു മതസംബന്ധമായ ഒരു വാഗ്വാദമുണ്ടായതിനെ തുടർന്നാണു് ഈ പ്രസ്ഥാനമാരംഭിച്ചതെന്നു കേരളോൽപത്തിയിൽ വിവരിക്കുന്നുണ്ട്. ക്രിസ്തുവർഷം ആറാം ശതകത്തോടടുത്തായിരിക്കണം ഈ കളിയുടെ ഉത്ഭവമെന്നു് ഉളളൂർ അഭിപ്രായപ്പെടുന്നു. * കേരളസാഹിത്യചരിത്രം, ഒന്നാംഭാഗം, പേജ് 176). എന്നാൽ ഇന്നു കാണുന്ന പാട്ടുകൾ അത്രത്തോളം പുരാതനങ്ങളൊന്നുമല്ല. ഒരു അറുനൂറു വർഷങ്ങൾക്കിപ്പുറമുള്ള പഴക്കമേ അവയ്ക്കു കല്പിക്കേണ്ടതുള്ളൂ.