നവീനയുഗം-ജി. ശങ്കരക്കുറുപ്പ്
ആചാന്തവേദാന്തവാരിധിയായ ആചാര്യശങ്കരൻ്റെ അവതാരംകൊണ്ടു പവിത്രവും പ്രസിദ്ധവുമായ കാലടിക്കു രണ്ടുമൂന്നു നാഴിക പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന നായത്തോട്, പ്രകൃതിരമണീയമായ ഒരു കൊച്ചുഗ്രാമമാണു്. പ്രസ്തുത ഗ്രാമത്തിൽ ജനിച്ചുവളർന്ന ജി. ശങ്കരക്കുറുപ്പ് ഒരു പ്രകൃതിഗായകനായി കവിതാപഥത്തിൽ സഞ്ചരിക്കുവാൻ തുടങ്ങിയതിൽ അത്ഭുതമില്ല. ഏതൽസംബന്ധമായി കവിതന്നെ പറയുന്നതു കേൾക്കുക:
“ഞാൻ പിറന്നുവളർന്ന നാട്ടുമ്പുറത്തിലെ പച്ചമൈതാനങ്ങളും പവിഴപ്പാടങ്ങളും ഗ്രാമഹൃദയത്തിൽ സ്ഥിതിചെയ്യുന്ന സമുന്നത പ്രാപീനദേവാലയവും ദരിദ്ര പരിസരങ്ങളും ഭാവനയെ അകലെനിന്നു മാടിവിളിച്ചിരുന്ന മലകളും ഒക്കെയല്ലേ എൻ്റെ മനോരാജ്യത്തെ വികസിപ്പിച്ചതും അതിനു വർണ്ണവും നാദവും ചലനവും ആരംഭത്തിൽ കൊടുത്തതും? അരിവാളും കൈവളകളും തിളങ്ങുന്ന വിരിപ്പുനിലങ്ങൾ, കറ്റതാങ്ങിക്കിതച്ചുപോകുന്ന കന്യകമാർ, പടികളിൽ വല്ലിക്കു കാത്തുനില്ക്കുന്ന പുലയർ, സന്ധ്യാശാന്തിയെ മധുരമന്ദ്രമാക്കുന്ന ക്ഷേത്രശംഖനാദം… എല്ലാം എൻ്റെ സങ്കല്പലോകത്തിൽ അവ്യക്തങ്ങളും വിചിത്രങ്ങളുമായ ഭാവങ്ങൾ ഉൽപാദിപ്പിച്ചിരുന്നില്ലേ? ക്ഷയിച്ചുതുടങ്ങിയിരുന്ന പൗരോഹിത്യത്തിൻ്റേയും ജന്മിത്വത്തിൻ്റേയും പ്രാകൃതധിക്കാരങ്ങൾ ഗ്രാമ ജീവിതത്തെ എത്രമാത്രം വികൃതമാക്കിയിരുന്നുവെന്നു ബാല്യത്തിൽ ശരിക്കു ഞാനറിഞ്ഞിരുന്നില്ലെങ്കിലും അവയുടെ പ്രാതിനിധ്യം വഹിക്കുന്നവരോടും, അവരുടെ ഇച്ഛയ്ക്കു വഴങ്ങുന്ന ആചാരങ്ങളോടും അന്നുതന്നെ എനിക്ക് ആദരം ഇല്ലാതായിക്കഴിഞ്ഞിരുന്നു. എൻ്റെ ഹൃദയം, എൻ്റെ വ്യക്തിത്വത്തിൻ്റെ അങ്കുരം, ഞാൻ ശ്വസിച്ചിരുന്ന ഗ്രാമാന്തരീക്ഷത്തിൽനിന്നാണു വായുവും വെളിച്ചവും കുളിർമ്മയും വലിച്ചെടുത്തിരുന്നത്. എൻ്റെ കവിത ആ ഗ്രാമഹൃദയത്തിൻ്റെതന്നെ ഒരു ഭാഗമാണ്.” * (മുത്തും ചിപ്പിയും – എൻ്റെ കവിത, പേജ് 33)