പദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

നവീനയുഗം (തുടർച്ച)

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്: ശങ്കരക്കുറുപ്പിനെപ്പോലെതന്നെ ആധുനികയുഗത്തിൽ സുപ്രസിദ്ധി നേടിയ ഒരു കവീശ്വരനാണു് വെണ്ണിക്കുളം ഗോപാലക്കുറുപ്പ്. ശങ്കരക്കുറുപ്പിൻ്റെ കവിത അധികവും അന്തർഗുഢ രസോദയമാണെങ്കിൽ ഗോപാലക്കുറുപ്പിൻ്റെ കവിത ബഹിരന്തഃസ്ഫുരദ്രസമായ ദ്രാക്ഷാ പാകത്തിലുള്ളതാണു്. ശങ്കരക്കുറുപ്പിൻ്റെ കാവ്യനിമ്നഗയിൽ എന്ന പോലെ അഗാധതയിലിറങ്ങിത്തപ്പി എടുക്കേണ്ട ദുർഗ്രഹമായ ആശയമൊന്നും ഗോപാലക്കുറുപ്പിൻ്റെ കാവ്യസരിത്തിൽ കാണുകയില്ല. വെണ്ണിക്കുളത്തിൻ്റെ കാവ്യനദിയിൽ സാധാരണക്കാർക്കെല്ലാം ഇറങ്ങിച്ചെല്ലാം. അധൃഷ്യതയല്ല, അഭിഗമ്യതയാണവിടെ അധികമുള്ളത്. വള്ളത്തോളിൻ്റെ രചനാശില്പം മറ്റാരേക്കാളും കൂടുതൽ സ്വാധീനമാക്കിയിട്ടുള്ളതു ഗോപാലക്കുറുപ്പാണു്. ഉൽക്കടങ്ങളായ പ്രാഥമിക വികാരങ്ങളെ ആവിഷ്കരിക്കുവാൻ വെണ്ണിക്കുളത്തിനു അസാധാരണമായ കഴിവുണ്ട്. അതിനുചിതവും സംഗീതാത്മകവുമായ കാവ്യവാണിയും അദ്ദേഹത്തിനു സ്വാധീനമാണു്. കരടുനീക്കി ശുദ്ധപദങ്ങളേ അദ്ദേഹം സ്വീകരിക്കൂ. ഒന്നുരണ്ടുദാഹരണങ്ങളിവിടെ കാണിക്കാം.

അപത്യവാത്സല്യത്തിൻ്റെ മധുരതരമായ ചില സജീവചലനങ്ങളെ ആരിലും ഉത്തേജിപ്പിക്കുന്ന ഒന്നാണു് പുഷ്പവൃഷ്ടിയിലെ ‘നാദപീയൂഷം’ എന്ന കവിത.

തെറ്റിപ്പുതുക്കാടു പൂത്തപോലംബരം
മുറ്റുമാരക്തമായ് മിന്നുന്നൊരന്തിയിൽ
പെറ്റമ്മതന്മനം തുള്ളിച്ചുതുള്ളിച്ചു
മുറ്റത്തു കൊച്ചുകാൽവെച്ചുലാത്തീടവേ,