പുതിയ തലമുറ
വൈലോപ്പിള്ളി: ”എലിജി എന്ന വിലാപകാവ്യത്തിൻ്റെ കർത്താവായ ഗ്രേയെപ്പോലെ ഒരു ചെറിയ അടിത്തറയിൽ ഒരു വലിയ സ്മാകം പണിയുവാൻ കഴിഞ്ഞ ഒരു കവിയുണ്ടു്. ആധുനിക മലയാളത്തിൽ – വൈലോപ്പിള്ളി ശ്രീധരമേനോൻ. ‘മാമ്പഴം’ എന്ന സുപ്രസിദ്ധ കവിതയൊന്നുമാത്രം മതി മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന്നു് എന്നും ജീവിക്കുവാൻ” നമ്മുടെ ഒരു പ്രസിദ്ധ നിരൂപകനായ ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടിനായരുടെ അഭിപ്രായമാണിത്. ഈ അഭിപ്രായം അക്ഷരംപ്രതി ശരിയാണെന്നു് ‘മാമ്പഴം’ ആസ്വദിച്ചിട്ടുള്ള സകല സഹൃദയരും തലകുലുക്കി സമ്മതിക്കും.
മുറ്റത്തെ തൈമാവു് ആദ്യമായി പൂവിട്ടപ്പോൾ അതിൽ നിന്നു് ഒരു പൂങ്കുല ഒടിച്ചെടുത്ത് പൂത്തിരി കത്തുന്നതായി സങ്കല്പിച്ചുകൊണ്ടു് അമ്മയുടെ അടുക്കൽ വിജയാഹ്ലാദത്തോടുകൂടി ഓമനപ്പുത്രൻ എത്തുകയാണ്. അമ്മയോ, മകൻ്റെ ആനന്ദത്തിൽ അനുമോദിക്കയല്ല, ചൊടിച്ചുഗ്രമായി ശാസിക്കുകയാണ് അപ്പോൾ ചെയ്തത്.
മാങ്കനി വീഴുന്നേരമോടിച്ചെന്നെടുക്കേണ്ടോൻ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ?