പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

ഒന്നാംഭാ​ഗം

കവിതയുടെ കൂമ്പടഞ്ഞുപോയി എന്നും മറ്റും ചില ശബ്ദങ്ങൾ അടുത്ത കാലത്തു നമ്മുടെ കാവ്യാന്തരീക്ഷത്തിൽ മുഴങ്ങിക്കേൾക്കുകയുണ്ടായല്ലോ. എന്താണതിനു കാരണം? നമ്മുടെ കവികളിൽ വളരെപ്പേരും പഴയ പ്രമേയങ്ങളെത്തന്നെ ആവർത്തിച്ചുകൊണ്ടിരിക്കയാണു്. അതുകൊണ്ടു വിരോധമില്ല. പഴയ പ്രമേയങ്ങളെ ഇനിയും ആവർത്തിച്ചുകൊണ്ടിരിക്കാം. പക്ഷേ, ഒരുകാര്യം ഓർമ്മിക്കുവാനുണ്ട്. ലോകം പ്രതിദിനമെന്നോണം ഇന്നു മാറിമറിഞ്ഞുകൊണ്ടിരിക്കയാണു്. ഇതര ഗോളങ്ങളിൽപ്പോലും കടന്നു് അധിവാസമുറപ്പിക്കാൻ മനുഷ്യൻ പാഞ്ഞുതുടങ്ങിയിരിക്കുന്നു. അങ്ങനെയുള്ള ഒരു കാലഘട്ടത്തിൽ മാറിമാറിവരുന്ന സംസ്കാരത്തിൻ്റെ – ആധുനികതയുടെ – പുതിയൊരു സ്വരം കവിതയിലും കേൾക്കുമാറാകണം. അതുപോലെതന്നെ ഏതിനും ഒരേ വീക്ഷണം, ഒരേ ശൈലി, ഒരേ കല്പന എന്നിങ്ങനെ വന്നാൽ അവിടെയും വിരസത വന്നുകൂടും. അതു വളർച്ചയുടെ ലക്ഷണമല്ല; മുരടിക്കുന്നതിൻ്റെ – കൂമ്പടഞ്ഞുപോകുന്നതിൻ്റെ – ലക്ഷണമാണു്.

”ലോകത്തിൽ എന്തൊക്കെ പുതിയ സംഭവങ്ങളാണു് അനുനിമിഷം ഉണ്ടായിക്കൊണ്ടിരിക്കുന്നത്! ഈ വികാസങ്ങൾക്കിടയിൽ ജീവിക്കുന്ന മനുഷ്യനു് കവിത അർത്ഥവത്തായിത്തോന്നണമെങ്കിൽ അവ കാവ്യവിഷയമാക്കണം. ശാസ്ത്രവും സാങ്കേതിക വിജ്ഞാനവും അവൻ്റെ ദർശനപഥത്തെ പാടേമാറ്റിയിരിക്കുന്നു. ഈ മാറ്റം കവിതയിലും സംഭവിക്കണം. പ്രപഞ്ചത്തെപ്പറ്റിയും അതിൽ മനുഷ്യൻ്റെ സ്ഥാനത്തെപ്പറ്റിയുമുള്ള സങ്കല്പങ്ങൾ, മാനുഷികബന്ധങ്ങളിൽ വന്ന പരിവർത്തനങ്ങൾ, അവനിലെ ആന്തരികപ്രക്രിയകളെക്കുറിച്ചു് അവനുള്ള അറിവ്, ഭൗതികമണ്ഡലത്തിലെ വികാസങ്ങൾ, സമരങ്ങൾ, വിനാശോപാധികൾ, പ്രതീക്ഷകൾ, നീതിസങ്കല്പങ്ങൾ – ഇതെല്ലാം പുതിയ കവിതയുടെ അസംസ്കൃത സാധനങ്ങളാണു്. ഇവയെ കവിതയാക്കണമെന്നല്ല, അർത്ഥമാക്കുന്നത്. ഇവ കവിതയുടെ പശ്ചാത്തലത്തിൽ കാണണമെന്നു മാത്രമാണു്. അതില്ലാതെ ഇപ്പോഴും പഴയ ചിട്ടപ്രകാരം നഗരാർണ്ണശൈലർത്തുക്കളുമായി സല്ലപിക്കുന്നവർ കവിതയെ അയഥാർത്ഥമാക്കുകയാണു ചെയ്യുന്നതു്.” * (ആധുനിക കവിതയുടെ സവിശേഷതകൾ – ഇ. എം. ജെ. വെണ്ണിയൂർ)